Friday, June 20, 2014

സമസ്‌തക്കാര്‍ക്ക്‌ പാരമ്പര്യമോ

“അഹ്‌ലുസ്സുന്ന വല്‍ ജമാഅയുടെ പാരമ്പര്യവും പൈതൃകവും അവകാശപ്പെടാന്‍ സമസ്‌തക്ക്‌ മാത്രമേ അര്‍ഹതയുള്ളൂ.” (ചന്ദ്രിക 2014 ഫെബ്രുവരി 10 തിങ്കള്‍). അഹ്‌ലുസ്സുന്ന വല്‍ ജമാഅ എന്നത്‌ കൊണ്ട്‌ ഇവര്‍ ഉദ്ദേശിച്ചത്‌ നബി (സ്വ) യും സ്വഹാബത്തുമാണല്ലോ? സുന്നീ വിഭാഗങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസങ്ങളും ആചാരങ്ങളും നബി (സ്വ) യിലും സ്വഹാബികളിലും ഉള്ള വിശ്വാസങ്ങളും ആചാരങ്ങളുമാണോ? അങ്ങിനെയാകുമ്പോള്‍ മാത്രമേ നബി (സ്വ) യുടേയും സ്വഹാബത്തിന്റേയും പാരമ്പര്യത്തിലും പൈതൃകത്തിലുമാണ്‌ തങ്ങളെന്ന്‌ ഏതൊരാള്‍ക്കും അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. പില്‍ക്കാലത്ത്‌ പിറവിയെടുത്ത ചിലര്‍ അവരുടെ അറബി പുസ്‌തകങ്ങളില്‍ എഴുതിവെച്ച അനുമാനങ്ങളും മേല്‍വിലാസമില്ലാത്ത ചില വിശ്വാസങ്ങളും ആചാരങ്ങളും അപ്പടി മതവിശ്വാസങ്ങളായും ആചാരങ്ങളായും ജീവിതത്തില്‍ പകര്‍ത്തിയവരാണ്‌ കേരളത്തിലെ സമസ്‌ത എന്ന പേരില്‍ അറിയുന്നതും അല്ലാത്തതുമായ സുന്നികള്‍. ഇവര്‍ക്ക്‌ അഹ്‌ലുസ്സുന്ന വല്‍ജമാഅയുടെ പാരമ്പര്യവും പൈതൃകവും അവകാശപ്പെടാന്‍ എന്തര്‍ഹത? മേല്‍ അവകാശവാദമുന്നയിച്ച വ്യാജവാദികളായ സുന്നികളോടാണ്‌ വിനയത്തിന്റെ ഭാഷയില്‍ യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തുകാര്‍ക്ക്‌ ചിലത്‌ ചോദിക്കാനുള്ളത്‌.

1. സമസ്‌തക്കാരായ സുന്നികളുടെ വിശ്വാസപ്രകാരം അവര്‍ വിളിച്ചുതേടുന്ന മഹത്തുക്കള്‍ അല്ലാഹു കേള്‍ക്കുന്നത്‌ പോലെ കേള്‍ക്കുകയും അവന്‍ കാണുന്നതുപോലെ കാണുകയും സഹായിക്കുകയും എല്ലാം ചെയ്യും. തെളിവ്‌ അന്യത്ര വിചിന്തനം വാരികയില്‍ നാം ഉദ്ധരിച്ചു. ഇങ്ങിനെ വിളിച്ചുതേടുന്ന മഹത്തുക്കള്‍ കേള്‍ക്കുകയും കാണുകയും സഹായിക്കുകയും ചെയ്യുമെന്ന വിശ്വാസത്തിന്‌ നബി (സ്വ) യുടേയും സ്വഹാബികളുടേയും പാരമ്പര്യമെവിടെ? സൃഷ്‌ടികളായ ആരെയെങ്കിലും സംബന്ധിച്ച്‌ നബി (സ്വ) യും സ്വഹാബത്തും അല്ലാഹു കേള്‍ക്കുന്നതുപോലെ കേള്‍ക്കുമെന്നും അവന്‍ കാണുന്നതുപോലെ കാണുമെന്നും സഹായിക്കുമെന്നും വിശ്വസിച്ചിരുന്നോ? എങ്കില്‍ ഈ വിശ്വാസത്തിന്റെ സ്വീകാര്യമായ സനദ്‌ നിങ്ങളുടെ ഏതെങ്കിലും ആനുകാലികങ്ങളില്‍ ഒന്നെഴുതുക.

2. ഹിജ്‌റ വര്‍ഷം 470 ല്‍ പിറവിയെടുത്ത വ്യക്തിത്വമാണ്‌ ശൈഖ്‌ ജീലാനി. ഈ വ്യക്തിത്വത്തെ എവിടെനിന്ന്‌ നമ്മള്‍ വിളിച്ചാലും ഉടനടി ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിയുന്ന ശക്തിയാണെന്നാണ്‌ സുന്നീ പാരമ്പര്യ വിശ്വാസം. ഇങ്ങിനെ ഒരു ശക്തിയെപ്പറ്റിയുള്ള വിശ്വാസം പ്രവാചകന്‍ (സ്വ) യുടേയും സ്വഹാബത്തിന്റേയും പാരമ്പര്യത്തില്‍ ഏതെങ്കിലും സുന്നിക്ക്‌ കാണിക്കാന്‍ കഴിയുമോ? എങ്കില്‍ സ്വീകാര്യ സനദ്‌ സഹിതം അതൊന്നെഴുതുക.

3. സുന്നീ പാരമ്പര്യം അല്ലാഹുവിന്ന്‌ പുറമെ എവിടെ നിന്ന്‌ വിളിച്ചാലും ഉത്തരം ചെയ്യാന്‍ കഴിയുന്ന മരിച്ചുപോയ മുഹ്‌യിദ്ദീന്‍ ശൈഖ്‌ എന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസമാണ്‌ സുന്നീ പാരമ്പര്യമെന്ന്‌ നാം മനസ്സിലാക്കിയല്ലോ. അല്ലാഹുവിന്‌ പുറമെ ഇങ്ങിനെ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിയുന്ന മരിച്ചുപോയ മുഹ്‌യിദ്ദീന്‍ ശൈഖ്‌ എന്ന ഒരു ശക്തിയിലുള്ള വിശ്വാസം പ്രവാചകന്‍ (സ്വ) യുടേയും സ്വഹാബികളുടേയും പാരമ്പര്യത്തില്‍ എവിടെ? അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പാരമ്പര്യവും പൈതൃകവും സമസ്‌തക്ക്‌ മാത്രമാണെന്ന്‌ അതിന്റെ മുസ്‌ല്യാക്കന്മാര്‍ വെറുതെയങ്ങ്‌ തട്ടിവിട്ടാല്‍ പാരമ്പര്യവും പൈതൃകവുമാവുകയില്ലല്ലോ? അതും സ്വീകാര്യമായ സനദ്‌ സഹിതം വിശദീകരിക്കണം.

4. മരിച്ച ആളുകള്‍ ബര്‍സഖീ ലോകത്ത്‌ സ്വര്‍ഗീയാവസ്ഥയിലാണെന്ന്‌ സങ്കല്‍പിച്ച്‌ ഉറൂസ്‌ എന്ന പേരില്‍ ആഘോഷം കഴിക്കലാണ്‌ `സുന്നീ’ വിഭാഗങ്ങളുടെ പാരമ്പര്യവും പൈതൃകവും. ഇങ്ങനെ പാരമ്പര്യവും പൈതൃകവും നബി (സ്വ) യില്‍നിന്നും സ്വഹാബികളില്‍നിന്നും സ്വീകാര്യമായ സനദ്‌ സഹിതം തെളിയിക്കാന്‍ കൊടുവള്ളിയില്‍ വെച്ച്‌ പച്ചനുണ കാച്ചിയ ഏതെങ്കിലും മുസ്‌ല്യാക്കള്‍ക്ക്‌ സാധ്യമാണോ?

5. സ്‌ത്രീകള്‍ നമസ്‌കാരത്തിന്‌ പള്ളിയില്‍ പോകല്‍ `സുന്നീ’ പാരമ്പര്യത്തില്‍ ഹറാമാണ്‌. നബി (സ്വ) യും സ്വഹാബികളും ഇത്‌ ഹറാമാക്കിയ പാരമ്പര്യം സ്വീകാര്യമായ സനദ്‌ സഹിതം ഏതെങ്കിലും സുന്നിക്ക്‌ തെളിയിക്കാന്‍ കഴിയുമോ?

6. നമസ്‌കാരത്തിന്‌ പള്ളിയില്‍ പോകാതെ വീട്ടില്‍ സ്വന്തം മുറിയില്‍ ഒതുങ്ങിക്കൂടുകയും അതോടൊപ്പം നബിദിനാഘോഷം, ആണ്ടുനേര്‍ച്ച, പള്ളിയില്‍ പരപുരുഷന്മാര്‍ സംഘടിപ്പിക്കുന്ന ദിക്‌റിന്റെയും സ്വലാത്തിന്റെയും സദസ്സ്‌ എന്നിവയിലേക്ക്‌ വീടും മുറിയുമെല്ലാം വിട്ട്‌ പുറപ്പെടുകയും ചെയ്യുന്ന പാരമ്പര്യമാണ്‌ സുന്നികളുടേത്‌. പ്രവാചകന്‍ (സ്വ) യുടെയോ സ്വഹാബാക്കളുടെയോ പെണ്‍ബന്ധുക്കളില്‍ ഇങ്ങിനെ ഒരു പാരമ്പര്യം കാണിക്കാന്‍ ഏതെങ്കിലും സുന്നിക്ക്‌ കഴിയുമോ?


7. സുന്നികളുടെ പാരമ്പര്യങ്ങളില്‍ ഇപ്പോഴുള്ളത്‌ പോലെ സ്‌ത്രീകള്‍ക്ക്‌ അവരുടെ വീടും വിട്ട്‌ പുറത്തിറങ്ങി ചെയ്യേണ്ട ഏത്‌ ദിക്‌റും, ദുആയും സ്വലാത്തുമാണ്‌ നബി (സ്വ) യുടെയും സ്വഹാബികളുടെയും പാരമ്പര്യത്തിലുള്ളത്‌? നമസ്‌കാരത്തിന്‌ വീട്ടില്‍ അടങ്ങിഒതുങ്ങിയിരിക്കുകയും അല്ലാതെ പരപുരുഷന്‍മാര്‍ സംഘടിപ്പിക്കുന്ന ദിക്‌ര്‍ ഹല്‍ഖകളിലും സ്വലാത്ത്‌ ഹല്‍ഖകളിലും പങ്കെടുക്കാന്‍ പള്ളിയങ്കണത്തിലേക്കും മറ്റും പരപുരുഷര്‍ സഞ്ചരിക്കുന്ന വഴിയിലൂടെ സ്‌ത്രീകള്‍ പുറപ്പെടുകയും ഇന്നും മഹല്ലത്തുകളില്‍ അത്‌ നിര്‍ബാധം അനുവദിക്കുകയും ചെയ്യുന്ന സുന്നീ പാരമ്പര്യം പ്രവാചകന്‍ (സ്വ) യുടേയും സ്വഹാബികളുടേയും പാരമ്പര്യത്തില്‍ എവിടെ?


8. നബി (സ്വ) യുടെ ജന്മത്തിന്റെ പേരുംപറഞ്ഞ്‌ റബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം 
തിയ്യതിയും മതപരമായ ചില ചടങ്ങുകളും ആഘോഷങ്ങളും പ്രത്യേകം നടത്തുക എന്നതാണല്ലോ സമസ്‌തക്കാരും അല്ലാത്തതുമായ സുന്നികളുടെ പാരമ്പര്യം? ജന്മത്തിന്റെ പേരില്‍ റബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും നബി (സ്വ) യും സ്വഹാബികളും എന്തെങ്കിലും ഒരു ചടങ്ങ്‌ പ്രത്യേകമായി നടത്തിയ പാരമ്പര്യം സ്വീകാര്യമായ സനദ്‌ സഹിതം അവതരിപ്പിക്കാന്‍ ഏതെങ്കിലും സുന്നിക്ക്‌ സാധ്യമാണോ?

9. മഗ്‌രിബ്‌ നമസ്‌കാരാനന്തരം നബി (സ്വ) പഠിപ്പിച്ച മുപ്പത്തിമൂന്ന്‌ പ്രാവശ്യമുള്ള തസ്‌ബീഹും തഹ്‌മീദും തക്‌ബീറും ഇല്ലാതാക്കി വേഗം ദുആ ചെയ്‌തുപിരിയുന്ന പാരമ്പര്യമാണ്‌ സുന്നികളുടേത്‌. സുന്നീ പള്ളികളില്‍ മഗ്‌രിബ്‌ നമസ്‌കാരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന കാര്യമാണിത്‌. പ്രവാചകന്‍ (സ്വ) യുടേയും സ്വഹാബികളുടേയും ചര്യയില്‍ മഗ്‌രിബ്‌ നമസ്‌കാരാനന്തരം ഇങ്ങിനെയുള്ള പാരമ്പര്യമെവിടെ? അവര്‍ `സുന്നീ വിഭാഗങ്ങള്‍ ചെയ്യുന്നതുപോലെ മേല്‍പറഞ്ഞ ദിക്‌റുകളെല്ലാം വെട്ടിച്ചിരുക്കി വേഗം കൂട്ടുപ്രാര്‍ത്ഥനയും നടത്തി പിരിഞ്ഞുപോകലായിരുന്നോ?

10. വിശ്വാസവുമായി ബന്ധപ്പെട്ട്‌ വീട്‌ നിര്‍മ്മാണത്തിലും മറ്റും കന്നിമൂല നോക്കുന്ന പാരമ്പര്യമാണ്‌ സുന്നീ വിഭാഗങ്ങള്‍ക്കുള്ളത്‌. ഹൈന്ദവരിലല്ലാതെ ഇങ്ങിനെ കന്നിമൂല നോക്കുന്ന ഒരു പാരമ്പര്യം നബി (സ്വ) യിലും സ്വഹാബികളിലും ഉള്ളതായി സ്വീകാര്യമായ സനദ്‌ സഹിതം തെളിയിക്കാന്‍ ഏതെങ്കിലും സുന്നിക്ക്‌ കഴിയുമോ?

കൊടുവള്ളി സമ്മേളനത്തില്‍ വെച്ച്‌ സമസ്‌തയുടെ മുസ്‌ല്യാര്‍ തന്റെ വിഡ്‌ഢിത്തം പറഞ്ഞപ്പോള്‍ മുമ്പിലിരുന്ന്‌ കേട്ടവരെല്ലാം സനദും രേഖയുമില്ലാതെ മുസ്‌ല്യാന്മാര്‍ എന്ത്‌ വിഡ്‌ഢിത്തം പറഞ്ഞാലും `സമിഅ്‌നാ വ അത്വഅ്‌നാ എന്ന്‌ പറഞ്ഞ്‌ തല കുലുക്കുന്ന അനുയായികള്‍ മാത്രമാണ്‌. മുസ്‌ല്യാക്കളുടെ വിടുവായത്തം ഇങ്ങിനത്തെ `ക്വൗമിന്റെ മുന്നില്‍ വിലപ്പോവുമെന്നല്ലാതെ ചിന്തിക്കുന്ന ജനതയുടെ മുമ്പില്‍ വിലപ്പോവുകയില്ല. അതിനാല്‍ മേല്‍പറഞ്ഞ സുന്നീ പാരമ്പര്യങ്ങള്‍ക്ക്‌ തെളിവായി നബി (സ്വ) യുടെയും സ്വഹാബികളുടേയും പാരമ്പര്യം സ്വീകാര്യമായ സനദ്‌ സഹിതം വ്യക്തമാക്കാന്‍ എല്ലാ വിഭാഗം സുന്നികളും ബാധ്യസ്ഥരാണ്‌. കാന്തപുരത്തിന്റെ മുടിയേയും പാനപാത്രത്തേയും പറ്റി പറഞ്ഞപ്പോള്‍ സമസ്‌തക്കാര്‍ പറഞ്ഞ ഒരു യാഥാര്‍ഥ്യം ഉദ്ധരിക്കട്ടെ. “ഇപ്പോള്‍ ലഭിച്ച പാനപാത്രം പ്രവാചകരുടെ ഏത്‌ സ്വഹാബി (അനുചരന്‍) വഴിയാണ്‌ കൈമാറി പോന്നതെന്നും അതിന്റെ ചരിത്രരേഖ എവിടെയാണെന്നും വ്യക്തമാക്കാന്‍ കാന്തപുരത്തിന്‌ ബാധ്യതയുണ്ട്‌.” (ചന്ദ്രിക 2014 ജനുവരി 31 വെള്ളി). ഇത്‌ നബി (സ്വ) യുടെ മുടിയും പാത്രവുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ കാര്യം.
വിശ്വാസികള്‍ക്ക്‌ അല്ലാഹുവിന്റെ ദീനുമായി ബന്ധപ്പെട്ട്‌ സുന്നികള്‍ ചെയ്യുന്ന വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും എല്ലാം പാരമ്പര്യവും ചരിത്രരേഖയും ഇതുപോലെ വിശ്വാസയോഗ്യമായ പരമ്പര സഹിതം തെളിയണം. സുന്നീ വിഭാഗങ്ങള്‍ പറയുന്നതുപോലെ യാതൊരു സനദും തെളിവുമില്ലാതെ പില്‍ക്കാലത്ത്‌ കുറേ ആളുകള്‍ വിശ്വാസങ്ങളും കര്‍മ്മങ്ങളും രൂപപ്പെടുത്തിയാല്‍ മതത്തില്‍ അത്‌ തെളിവോ സനദോ ആവുകയില്ല

No comments :

Post a Comment

Note: Only a member of this blog may post a comment.