ഫര്‍ള് നമസ്കാര ശേഷം ഇമാം ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുകയും മഅ്മൂമുകള്‍ അതിന് ആമീന്‍ പറയുകയും ചെയ്യുന്ന കൂട്ടുപ്രാര്‍ത്ഥന സമ്പ്രദായം നമ്മുടെ നാട്ടിലെ ഒട്ടു മിക്ക പള്ളികളിലും ഇന്ന് കാണാം. എന്നാല്‍ ഈ സമ്പ്രദായത്തിന് പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവും കാണാന്‍ സാധ്യമല്ല. എന്ന് മാത്രമല്ല, നബി(സ) ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇപ്രകാരം ചെയ്തതായി ഉധരിക്കപ്പെടുന്നില്ല. ലക്ഷക്കണക്കിന് സ്വഹാബികള്‍ ഉണ്ടായിട്ടും ഒരു സ്വഹാബിപോലും ഇപ്രകാരം ചെയ്തതായും ഉദ്ധരിക്കപ്പെടുന്നില്ല. ശാഫിമദ്ഹബും ഈ അനാചാരത്തിന് എതിരാണെന്നതാണ് യാഥാര്‍ത്ഥ്യം.
ഉമ്മു സലമ(റ) നിവേദനം: നബി(സ) സലാം വീട്ടിയാല്‍ എഴുന്നേറ്റു പോകുന്നതിനു മുമ്പ് തലസ്ഥാനത് അല്‍പ്പമൊന്നു ഇരിക്കാറുണ്ട്. ഇബ്ന്‍ ശിഹാബ്(റ) പറയുന്നു. അത് എനിക്ക് തോന്നുന്നത് (യഥാര്‍ത്ഥം അല്ലാഹുവിനു അറിയാം) ജനങ്ങളില്‍ നിന്ന് പിരിഞ്ഞു പോകുന്ന പുരുഷന്മാരുമായി സ്ത്രീകള്‍ കണ്ടുമുട്ടാതിരിക്കുവാന്‍ വേണ്ടി ആയിരുന്നുവെന്നാണ്."(ബുഖാരി)
ഉമ്മു സലമ(റ) നിവേദനം: നബി(സ) സലാം വീട്ടിയാല്‍ ഉടനെ സ്ത്രീകള്‍ എഴുന്നേറ്റു പോകും, നബി(സ) എഴുന്നേറ്റ് പോകുന്നതിന്റെ മുമ്പ് അല്‍പ്പ സമയം അവിടെ ഇരിക്കും.(ബുഖാരി)
നമസ്കാരശേഷമുള്ള പ്രാര്‍ത്ഥന സ്ത്രീകള്‍ക്ക് വീട്ടില്‍ ചെന്നശേഷം നിര്‍വ്വഹിക്കാം. എന്നാല്‍ ഇമാം പ്രാര്‍ത്ഥന ചൊല്ലുകയും ആമീന്‍ പറയുകയും ചെയ്യുന്ന സമ്പ്രദായം സുന്നത്താനെങ്കില്‍ അത് അവസാനിച്ച ശേഷമേ സ്ത്രീകള്‍ പോകുമായിരുന്നു. കാരണം പ്രാര്‍ത്തിക്കുന്നത് റസൂല്‍(സ)യും ആമീന്ചോല്ലുന്നത് സ്വഹാബികളും ആയിരിക്കുമല്ലോ. മാത്രമല്ല ഈ സുന്നത് വീട്ടില്‍ ചെന്ന ശേഷം നിര്‍വ്വഹിക്കാന്‍ പറ്റുകയും ഇല്ല. മാത്രമല്ല ഇങ്ങനെ ഒരു സമ്പ്രദായം സുന്നത്തുണ്ടായിരുന്നുവെങ്കില്‍ നബി(സ) പ്രാര്‍ത്ഥന ചൊല്ലിക്കുന്നതിനു മുമ്പ് സ്ത്രീകള്‍ എഴുന്നെല്‍ക്കുമായിരുന്നു എന്നാണ് പറയേണ്ടത് അല്ലാതെ നബി(സ) എഴുന്നേല്‍ക്കുന്നതിനു മുമ്പായി സ്ത്രീകള്‍ എഴുന്നേല്‍ക്കും എന്നല്ല.
ഇമാം ശാഫി(റ) തന്നെ പറയുന്നത് കാണുക:
നമസ്കാരത്തില്‍ നിന്ന് പിരിഞ്ഞാല്‍ ഇമാമും മഅ'മൂമും ദിക്ര്‍ ചൊല്ലുന്നതിനെ ഞാന്‍ തെരഞ്ഞെടുക്കുന്നു. അവര്‍ രണ്ടുപേരും ദിക്റുകള്‍ ഗോപ്യമാക്കണം. തന്നില്‍ നിന്ന് പ്രാര്‍ഥനകള്‍ പഠിപ്പിക്കല്‍ നിര്‍ബന്ധമായ ഇമാം ഒഴികെ.അദ്ദേഹം തന്നില്‍ നിന്ന് പ്രാര്‍ത്ഥന പഠിച്ചിട്ടുണ്ട് എന്ന് ഗ്രഹിക്കുന്നത് വരെ പരസ്യമാക്കണം. ശേഷം അദ്ദേഹവും രഹസ്യമാക്കണം. (അല്‍ ഉമ്മു: 1/110)
ഉറക്കെ നബി(സ) ചൊല്ലിയെന്നു പറയുന്ന ഹദീസുകളെ ഞാന്‍ വിചാരിക്കുന്നത് തന്നില്‍ നിന്ന് ജനങ്ങള്‍ പഠിക്കുവാന്‍ അല്‍പ്പകാലം ഉറക്കെ ചൊല്ലി എന്നതാണ്, കാരണം നബി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന മിക്ക ഹദീസുകളിലും തഹ്ലീലും തക്ബീരും പറയപ്പെടുന്നില്ല. (അല്‍ ഉമ്മു: 1/111)
ഇമാമിന് ഏറ്റവും ശ്രേഷ്ട്ടമായത് പിന്നില്‍ സ്ത്രീകള്‍ ഇല്ലെങ്കില്‍ താന്‍ സലാം വീട്ടിയ ഉടനെ എഴുന്നെല്‍ക്കലാണ്. (തുഹ്ഫ 2 /104)
ഇവിടെ ഈ വിഷയകമായ രണ്ട് കാര്യങ്ങളാണ് ഉള്ളത്
1- നമസ്കാര ശേഷം പ്രാര്‍ത്ഥിക്കണം; പക്ഷെ അത് പതുക്കെയായിരിക്കണം. മാത്രമല്ല, ഇന്ന് നടക്കുന്നത് പോലെ ഇമാം പ്രാര്‍ത്ഥിക്കുകയും മഅ്മൂമുകള്‍ അതിന് ആമീന്‍ പറയുന്ന 'കൂട്ടുപ്രാര്‍ത്ഥനയെക്കുറിച്ച്' പറഞ്ഞിട്ടുമില്ല.
2- പിന്നില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് എണീറ്റ് പോകണം.
അപ്പോള്‍ ഇവിടെ കൂട്ടുപ്രാര്‍ത്ഥനയെക്കുറിച്ച് ഒന്നും പറയുന്നില്ല. അതൊരു അംഗീകൃത സമ്പ്രദായമായിരുന്നുവെങ്കില്‍ അതൊരിക്കലും ഇവിടെ പറയാതെ വിട്ടുകളയില്ലായിരുന്നു. മറ്റൊന്ന്, സ്ത്രീകള്‍ക്കും പുരുഷന്മാരുടെ തൊട്ടുപിന്നിലായി നമസ്കരിക്കാം എന്ന് വരുന്നു. സ്ത്രീകള്‍ ഒരു മറ പോലുമില്ലാതെ തൊട്ടു പിന്നില്‍ നമസ്കരിക്കുന്നത്കൊണ്ടാണല്ലോ ഇമാം പെട്ടെന്ന് എണീറ്റ് പോകുന്നതിനെ ക്കുറിച്ച് പറയുന്നത്. അഥവാ, സ്ത്രീകളുണ്ടെങ്കില്‍ അവര്‍ പിരിഞ്ഞു പോകുന്നത് വരെ ഇമാമും മഅ്മൂമുകളും അവിടെ തന്നെ ഇരിക്കണം. കാരണം ഇരുകൂട്ടരും ഒന്നിച്ചു പിരിഞ്ഞു പോയാല്‍ പരസ്പരം കൂടിക്കലരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഫുഖഹാക്കള്‍ ഇക്കാര്യം പ്രത്യേകം എടുത്ത് പറഞ്ഞത്.
No comments :
Post a Comment
Note: Only a member of this blog may post a comment.