ഇബ്നുമാജ ഉദ്ധരിച്ച ഹദീസാണ് ഇവര്‍ ഇതിന് തെളിവായി ഉദ്ധരിക്കാറുള്ളത്. ഇബ്നുമാജയില്‍ ഇവ്വിഷയകമായി മൂന്ന്‍ ഹദീസുകളാണ് വന്നിട്ടുള്ളത്. അവയുടെ ചുരുക്കം ഇപ്രകാരമാണ്;-
1.“ഒരു രാത്രി ഞാന്‍ നബിയെ കാണാതായി.അപ്പോള്‍ ഞാന്‍ പുറപ്പെട്ടു. അപ്പോഴതാ അദ്ധേഹം ബഖീഇല്‍(പൊതുശ്മശാനം).നബി (സ) ചോദിച്ചു.അല്ലാഹുവും അവന്‍റെ പ്രവാചകനും നിന്നോട് അനീതി കാണിക്കുമെന്ന് നീ പേടിക്കുന്നുവോ? ഞാന്‍ പറഞ്ഞു. അല്ലാഹുവിന്‍റെ പ്രവാചകരേ താങ്കള്‍ അങ്ങയുടെ ഭാര്യമാരില്‍ ഒരാളുടെ അടുക്കല്‍ പോയിരിക്കുമെന്ന് ഞാന്‍ കരുതി. അപ്പോള്‍ നബി (സ) പറഞ്ഞു; തീര്‍ച്ചയായും ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങിവരികയും കല്‍ബ് ഗോത്രക്കാരുടെ ആടിന്‍റെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ അധികം പേര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യും.”(തിര്‍മുദി.ഹദീസ് നമ്പര്‍:739, ഇബ്നുമാജ നമ്പര്‍:1389)
ഈ ഹദീസ് ഉദ്ധരിച്ചതിന് ശേഷം ഇമാം തിര്‍മുദി തന്നെ പറയുന്നത് കാണുക;-
“ആയിശ (റ) യുടെ ഹദീസ് ഹജ്ജാജില്‍ നിന്നുള്ള ഈ വഴിയിലൂടെയല്ലാതെ നമുക്കറിയില്ല. മുഹമ്മദ് (ബ്നു ഇസ്മാഈല്‍ ബുഖാരി) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.യഹ്’യാബ്നു അബീ കസീര്‍ ഉര്‍വയില്‍ നിന്നും ഹജ്ജാജ്ബ്നു അര്‍ത്വഅ യഹ്’യ ബ്നു അബീ കസീറില്‍ നിന്നും ഈ ഹദീസ് കേട്ടവരല്ല എന്ന് അദ്ധേഹം പറയുകയും ചെയ്തു.” (തിര്‍മുദി)
ഹദീസിന്‍റെ പരമ്പരയില്‍ രണ്ട് സ്ഥലത്ത് മുറിഞ്ഞുപോയതാണ് എന്നര്‍ത്ഥം.
ഹദീസിന്‍റെ പരമ്പര ഇപ്രകാരമാണ്;- ആയിഷ-ഉറവ-യഹ്’യബ്നു അബീ കസീര്‍-ഹജ്ജാജ്ബ്നു അര്‍ത്വഅ-യസീദ്ബ്നു ഹാറൂണ്‍-അഹമദ്ബ്നു മനീഅ്-തിര്‍മുദി (റ).
ഇതില്‍ മൂന്നും നാലും റിപ്പോര്‍ട്ടര്‍മാര്‍ക്കിടയിലും നാലും അഞ്ചും റിപ്പോര്‍ട്ടര്‍മാര്‍ക്കിടയിലും പരമ്പര മുറിഞ്ഞുപോയി എന്ന് ചുരുക്കം.പരമ്പരയില്‍ എവിടെയെങ്കിലും ഒരിടത്ത് മുറിഞ്ഞാല്‍ തന്നെ ഹദീസ് ദുര്‍ബലമായി.
ശഅ്ബാന്‍ മാസത്തിലെ പ്രത്യേകതയെ കുറിച്ചുള്ള ദുര്‍ബലമായ തിര്‍മുദിയുടെ ഹദീസും അബൂദാവൂദിന്‍റെ ഹദീസും ഉദ്ധരിച്ചുകൊണ്ട് ഇമാം സിന്‍ദി ശറഹ് ഇബ്നു മാജയില്‍ വ്യക്തമാക്കുന്നുണ്ട്.وفي الزوائد اسناده ضعيف لضعيف ابن لهيعة وتدليس والوليد ابن مسلم ولله اعلم (شرح ابن ماجه)
എന്നാല്‍ ഈ ഹദീസ് വ്യത്യസ്തങ്ങളായ പരമ്പരകളിലൂടെ എട്ട് സ്വഹാബികളില്‍ നിന്നായി ഇബ്നു ഹിബ്ബാന്‍,ഇമാം ബൈഹഖി,ഇമാം ഇബ്നു അസാക്കിര്‍,ഇമാം ത്വബ്റാണി,ഇമാം ബസ്സാര്‍,ഇമാം ലാലികാഇ,ഇമാം മുന്‍ദിരി,ഇമാം അഹ്മദ്,ഇമാം ഇബ്നു ഖുസൈമ (റ) തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിലെ ഓരോ പരമ്പരയിലും ഏതെങ്കിലും നിലക്കുള്ള പോരായ്മകള്‍ ഉണ്ട്‌താനും. എന്നാല്‍ വ്യത്യസ്തങ്ങളായ വഴികളിലൂടെ വന്നതിനാല്‍ അവയെല്ലാം കൂടെ ഒരുമിച്ചു കൂടുമ്പോള്‍ സ്വഹീഹിന്‍റെ പദവിയിലേക്ക് എത്തുമെന്ന് ഇമാം മുബാറക് ഫൂരി ,ഇമാം സുയൂത്വി തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാര്യം തന്നെയാണ് സില്‍സില സ്വഹീഹയില്‍ 1144-)മതായി വന്ന ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ ശൈഖ് അല്‍ബാനിയും രേഖപ്പെടുത്തിയത്. എന്നാല്‍ ശൈഖ് അല്‍ബാനി ബിദ്അത്തിന് തെളിവുണ്ടാക്കുന്നു എന്ന് ആക്രോശിച്ച് നടക്കാന്‍ ചില സുല്ലമിമാരും, വഹ്ഹാബികളുടെ നേതാവ് അല്‍ബാനി ശഅ്ബാന്‍ പതിനഞ്ചിന് നോമ്പെടുക്കാനും നമസ്കരിക്കാനും തെളിവ് പറയുന്നു എന്നും പറഞ്ഞ് ചില പണ്ഡിത പുരോഹിതന്മാര്‍ അല്‍ബാനിയുടെ വാക്കും ദുരുപയോഗം ചെയ്യുന്നുണ്ട്.
എന്നാല്‍ ശൈഖ് അല്‍ബാനി അന്ന്‍ പ്രത്യേക നമസ്കാരമോ നോമ്പോ മറ്റ് ആരാധാനാകര്‍മ്മങ്ങളോ ചെയ്യാന്‍ തെളിവുള്ളതായി പറഞ്ഞിട്ടില്ല.മറിച്ച് ഈ പരമ്പരയെല്ലാം കൂടിച്ചേരുമ്പോള്‍ ഈയൊരു ഹദീസ് സ്വഹീഹായി മാറുന്നുവെന്നും അതിനാല്‍ ആ ദിവസത്തിന് പ്രത്യേകതയുണ്ടെന്ന് മനസ്സിലാക്കാമെന്നും മാത്രമാണ് അദ്ധേഹം പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാചകം ഇപ്രകാരമാണ്.
وجملة القول أن الحديث بمجموع هذه الطرق صحيح بلا ريب
ഇത് തന്നെയാണ് മുകളില്‍ സൂചിപ്പിച്ച പണ്ഡിതന്മാരും പറഞ്ഞത്
2.“അലി (റ) വില്‍ നിന്ന് നിവേദനം; നബി (സ) പറഞ്ഞു; ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നമസ്കരിക്കുകയും അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുക.അന്ന്‍ സൂര്യാസ്തമായത്തോടെ അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങും. എന്നിട്ട് ചോദിക്കും.ആരുണ്ട് പാപമോചനം തേടാന്‍ ഞാന്‍ അവന് പൊറുത്തുകൊടുക്കാം.ആരുണ്ട് ഭക്ഷണം തേടാന്‍ ഞാന്‍ അവര്‍ക്ക് ഭക്ഷണം നല്‍കാം..............പ്രഭാതോദയം വരെ.” (ഇബ്നു മാജ.ഹദീസ് നമ്പര്‍:1388)
രണ്ടാമത്തെ ഹദീസിന്‍റെ പരമ്പര ഇപ്രകാരമാണ്;- അലി (റ)-അബ്ദുറഹ്മാനുബ്നു ജഅ്ഫര്‍-മുആവിയ്യത്തുബ്നു അബ്ദുല്ലാഹിബ്നു ജഅ്ഫര്‍-ഇബ്റാഹീം ബ്നു മുഹമ്മദ്-ഇബ്നു അബീ സബ്’റ-അബ്ദുറസാഖ്-അസന്‍ബ്നു അലിയ്യ് അല്‍ ഖല്ലാല്‍-ഇബ്നു മാജ.
ഈ പരമ്പരയില്‍ ഇബ്നു അബീ സബ്റഹദീസ് നിരൂപക പണ്ഡിതന്മാരുടെ രൂക്ഷവിമര്‍ശനത്തിന് വിധേയനായ വ്യക്തിയാണ്.അദ്ദേഹത്തിന്‍റേതായി സിഹാഹുസ്സിത്തയില്‍ എവിടെയും ഈ ഹദീസല്ലാതെ മറ്റൊരും ഹദീസും വന്നിട്ടുമില്ല.
സുനനു തിര്‍മുദിയുടെ വ്യാഖ്യാന ഗ്രന്ഥമായ തുഹ്ഫത്തുല്‍ അഹ്’വദിയില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള പണ്ഡിതാഭിപ്രായങ്ങള്‍ ഇപ്രകാരം രേഖപ്പെടുത്തിയത് കാണാം;-
“അദ്ധേഹം നബി (സ) യുടെ പേരില്‍ വ്യാജമായി ഹദീസ് നിര്‍മിക്കുന്ന വ്യക്തിയാണെന്ന് പണ്ഡിതന്മാര്‍ ആരോപിച്ചിരിക്കുന്നു എന്നാണ് തഖ്’രീബിലുള്ളത്. ഇമാം ദഹബി മീസാനില്‍ പറയുന്നു. ഇമാം ബുഖാരിയും അല്ലാത്തവരും അദ്ധേഹം ദുര്‍ബലനാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.ഇയാള്‍ ഹദീസ് നിര്‍മ്മിക്കാറുണ്ടായിരുന്നുവെന്ന് അഹ്മദ്ബ്നു ഹമ്പല്‍ പറഞ്ഞതായി അദ്ദേഹത്തിന്‍റെ മക്കളായ അബ്ദുള്ള,സ്വാലിഹ് (റ) എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇയാളുടെ ഹദീസ് ഒഴിവാക്കപ്പെടേണ്ടതാണ് എന്ന് ഇമാം നസാഇയും പറഞ്ഞിരിക്കുന്നു. (തുഹ്ഫത്തുല്‍ അഹ്’വദി)
ഇബ്നു മാജയുടെ വ്യാഖ്യാതാവും ഇത് തന്നെയാണ് രേഖപ്പെടുത്തിയത്.അദ്ദേഹം പറയുന്നു;- ദുര്‍ബലനായ അബൂസബ്റ ഉള്ളതിനാല്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന് സവാഇദിലുണ്ട്.ഇയാള്‍ ഹദീസ് നിര്‍മ്മിക്കുന്നയാളാണെന്ന് അഹ്മദ്ബ്നു ഹമ്പലും ഇബ്നു മുഈനും പറഞ്ഞിട്ടുണ്ട്.
3. “അബൂമൂസല്‍ അശ്അരി (റ) വില്‍ നിന്ന് നിവേദനം; നബി (സ) പറഞ്ഞു: ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു തന്‍റെ മുഴുവന്‍ സൃഷ്ടികള്‍ക്കും പൊറുത്തുകൊടുക്കും.ശിര്‍ക്ക് ചെയ്യുന്നവനും ശത്രുത വെച്ചുപുലര്‍ത്തുന്നവനും ഒഴികെ.”(ഇബ്നു മാജ.ഹദീസ് നമ്പര്‍:1390)
മൂന്നാമത്തെ ഹദീസ് രണ്ട് പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഒന്ന്‍) അബൂമൂസല്‍ അശ്അരി-ളഹ്ഹാക്ബ്നു അബ്ദുറഹ്മാനുബ്നു അര്‍സബ്-ലഹ്ഹാക്ബ്നു ഐമന്‍-ഇബ്നു ലുഹൈഅ-വലീദ്-റാഷിദ്ബ്നു സഈദ്ബ്നു റാഷിദ്-ഇബ്നു മാജ (റ).
രണ്ട്) അബൂമൂസ (റ)- അബ്ദുറഹ്മാന്‍-ലഹ്ഹാക്ബ്നു അബ്ദുറഹ്മാന്‍-സുബൈര്‍ബ്നു സുലൈം-ഇബ്നുലുഹൈഅ-അബ്ദുല്‍ അസ്’വദ്-മുഹമ്മദ്‌ബ്നു ഇസ്ഹാഖ്-ഇബ്നു മാജ (റ).
ഈ രണ്ട് പരമ്പരയിലും വന്ന ഇബ്നു ലുഹൈഅ ദുര്‍ബലനാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.കൂടാതെ ആദ്യപരമ്പരയിലുള്ള വലീദ് (ബ്നു മുസ്‌ലിം) ഹദീസില്‍ തദ്’ലീസ് നടത്തുന്ന വ്യക്തിയുമാണ്.(താന്‍ ആരില്‍ നിന്നാണോ ഹദീസ് കേട്ടത് അദ്ദേഹത്തിന്‍റെ പേര് മറച്ചുവെച്ചുകൊണ്ട് അതിന് മീതെയുള്ള ആളില്‍ നിന്ന്‍ നേരിട്ട് ഹദീസ് കേട്ടുവെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഉദ്ധരിക്കുന്നതിനാണ് തദ്’ലീസ് എന്ന് പറയുന്നത്. തദ്’ലീസ് നടത്തുന്ന വ്യക്തികളുടെ റിപ്പോര്‍ട്ടുകള്‍ ‘ഞാന്‍ കേട്ടു’ എന്ന് വ്യക്തമായി പറഞ്ഞാലല്ലാതെ സ്വീകരിക്കാവതല്ല എന്നാണ് നിദാനശാസ്ത്ര നിയമം.)
ശഅ്ബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന മറ്റൊരു ഹദീസ് ഇബ്നുല്‍ ജൗസി തന്‍റെ മൗദൂആത്തില്‍ ഉദ്ധരിക്കുന്നതാണ്. അത് ഇപ്രകാരമാണ്;
4. അലി (റ) വില്‍ നിന്നും നിവേദനം; നബി (സ) പറഞ്ഞു; ആ ദിവസത്തില്‍ ആരെങ്കിലും നോമ്പുകാരനായാല്‍ കഴിഞ്ഞ അറുപത് വര്‍ഷവും വരാനിരിക്കുന്ന അറുപത് വര്‍ഷവും നോമ്പെടുത്തപോലെയാണ്. ഇത് ഉദ്ധരിച്ച ശേഷം ഇബ്നുല്‍ ജൗസി പറയുന്നു; “ഈ ഹദീസ് നിര്‍മ്മിതമാണ്. ഇതിന്‍റെ പരമ്പര അന്ധകാര നിബിഡവുമാണ്.”
رواه ابن الجوزي في الموضاعات وقال موضوع واسناده مظلم (تحفة الأحوذى-ح-
739)
ശഅ്ബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട മുഴുവന്‍ റിപ്പോര്‍ട്ടുകളും ചര്‍ച്ച ചെയ്ത ശേഷം മുബാറക് ഫൂരി (റ) പറയുന്നു;
تنبيه اخر: لم أجد في صوم ليلة النصف من شعبان حديثا مرفوعا صحيحا
മറ്റൊരു കാര്യം പ്രത്യേകം ഉണര്‍ത്തുന്നു; ശഅ്ബാന്‍ പകുതിയുടെ ദിവസം നോമ്പ് നോല്‍ക്കാന്‍ കല്‍പ്പിച്ചതായി സ്വീകാര്യമായ ഒരൊറ്റ ഹദീസും ഞാന്‍ കണ്ടിട്ടില്ല. (തുഹ്ഫത്തുല്‍ അഹ്’വദി)
ശഅ്ബാന്‍ പതിനഞ്ചിന് പ്രത്യേകതയുണ്ട് എന്ന് പറയുന്ന റിപ്പോര്‍ട്ടുകള്‍ ധാരാളം വന്നതില്‍ എല്ലാം കൂടെ കൂട്ടുമ്പോള്‍ അതിന് ഒരു അടിസ്ഥാനമുണ്ടാകാം എന്ന് പറഞ്ഞ പണ്ഡിതന്മാര്‍ ഉണ്ട് എന്നല്ലാതെ അന്ന്‍ പ്രത്യേകമായ നോമ്പോ നമസ്കാരമോ ഖുര്‍ആന്‍ പാരായണമോ മറ്റ് ആരാധനാ കര്‍മ്മങ്ങളോ ചെയ്യാന്‍ പണ്ഡിതന്മാര്‍ ആരും പഠിപ്പിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഇമാം സുയൂതിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക;-
സൈദ്‌ബ്നു അസ്’ലം പറയുന്നു; “നമ്മുടെ പണ്ഡിതന്മാരില്‍ ആരും തന്നെ ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാത്രിയെയോ മഖ്ഹൂല്‍ (റ) വഴി ഉദ്ധരിക്കപ്പെടുന്ന ഹദീസിനേയോ തിരിഞ്ഞുനോക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. മറ്റു ദിവസങ്ങളേക്കാള്‍ അതിന് ഒരു ശ്രേഷ്ഠതയും അവര്‍ കാണാറുണ്ടായിരുന്നില്ല......ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാത്രിയുടെ പ്രത്യേകതയുടെ കാര്യത്തില്‍ സ്വീകാര്യയോഗ്യമായ ഒരു ഹദീസ് പോലും ഇല്ലെന്ന് നിരൂപണ പണ്ഡിതന്മാര്‍ പറഞ്ഞതായി ഹാഫിള് അബുല്‍ ഖതാബ് പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്‍റെ അടിമകളേ, അതിനാല്‍ നന്മയാണെന്നും പറഞ്ഞ് ഹദീസുമായി വരുന്ന വ്യാജന്മാരെ കരുതിയിരിക്കണം. നന്മയായി തീരണമെങ്കില്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ പഠിപ്പിക്കേണ്ടതുണ്ട്. ഇത് കളവാണെന്ന് സ്ഥിരപ്പെട്ടതോടെ ഇത് മതമല്ലാതായി. ഇനിയും ഇത് ഉപയോഗിക്കുന്നവന്‍ പിശാചിന്‍റെ കക്ഷിയില്‍പെട്ടവനാണ്. കാരണം, അല്ലാഹു തെളിവ് അവതരിപ്പിച്ചിട്ടില്ലാത്തതിനെ നബി (സ) യുടെ പേരില്‍ കള്ള ഹദീസായി ഉപയോഗിക്കുകയാണല്ലോ അവന്‍ ചെയ്യുന്നത്......മാത്രവുമല്ല, ഈ ദിവസത്തില്‍ സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ചു കൂടുകയും കൂടിക്കലരുകയും ചെയ്യുന്നുകൂടിയുണ്ട്.(പല നാടുകളിലും ആ നിലക്കുള്ള ആഘോഷ പരിപാടികള്‍ നടക്കാറുള്ളതിനെയാണ് ഉദ്ധേശിക്കുന്നത്) ഭരണാധികാരികള്‍ അത് തടയലും പണ്ഡിതന്മാര്‍ അതിനെക്കുറിച്ച് ബോധവല്‍ക്കരിക്കലും നിര്‍ബന്ധമാണ്. ശഅ്ബാന്‍ മാസത്തില്‍ മിക്കവാറും നബി (സ) നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു എന്ന് മാത്രമാണ് ശഅ്ബാനിന്‍റെ പ്രത്യേകത. ഇവ്വിഷയകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീസുകളിലും മറ്റുമെല്ലാം അതൊരു ശ്രേഷ്ഠമാക്കപ്പെട്ട രാത്രിയാണെന്ന് മാത്രമേ വന്നിട്ടുള്ളൂ. അല്ലാതെ അന്ന്‍ പ്രത്യേകം നമസ്കാരമോ ഇസ്‌ലാമില്‍ സ്ഥിരപ്പെട്ട ഒരു ചിഹ്നമായി ആ ദിവസത്തെ ഗണിക്കണമെന്നോ ഒന്നുംതന്നെ അവയില്‍ ഒന്നിലുമില്ല.”
(അല്‍ അംറ്ബില്‍ ഇത്തിബാഅ്. പേജ്.64,65)
ഈ പറഞ്ഞ വിഷയം തന്നെയാണ് ശൈഖ് അല്‍ബാനിയും പറഞ്ഞത്.
No comments :
Post a Comment
Note: Only a member of this blog may post a comment.