Monday, June 30, 2014

തറാവീഹ് നമസ്‌കാരം നബി(സ്വ) നമസ്‌കരിച്ചത് ഇരുപത്തിമൂന്നോ പതിനൊന്നോ?

നിര്‍ബന്ധ നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരമാണ് രാത്രി നമസ്‌കാരം. രാത്രി നമസ്‌കാരം എന്നത് ഇശാഅ് നമസ്‌കാരത്തിന്റെ ശേഷമുള്ള രണ്ട് റക്അത്ത് സുന്നത്തിന് ശേഷം സ്വുബ്ഹി നമസ്‌കാരത്തിന് മുമ്പുള്ള രണ്ട് റക്അത് സുന്നത്ത് നമസ്‌കാരത്തിന് മുമ്പായി നിര്‍വഹിക്കുന്നതിന് പറയുന്നതാണ്. അത് ഈരണ്ട് റക്അത്തുകള്‍ക്ക് ശേഷം വിശ്രമിച്ച് നിര്‍വഹിക്കുന്നതിനാല്‍ തറാവീഹ് എന്നും ഒറ്റയില്‍ അവസാനിപ്പിക്കുന്നതിനാല്‍ വിത്‌റ് എന്നും ഉറക്കില്‍ നിന്ന് എണീറ്റ് നിര്‍വഹിക്കുമ്പോള്‍ തഹജ്ജുദ് എന്നും പേര് വിളിക്കപ്പെടുന്നു. രാത്രി നമസ്‌കാരത്തിന്റെ റക്അത്തില്‍ ഇന്ന് വലിയ ഭിന്നതകളും, വിഭിന്ന വീക്ഷണങ്ങളും കാണാം. ഇവിടെ നാം അതിന് പരിഹാരം കാണാന്‍ സ്വീകരിക്കേണ്ടത് നബി(സ്വ)യും സ്വഹാബത്തും ആ നമസ്‌കാരം എങ്ങനെ നിര്‍വഹിച്ചുവെന്നു നോക്കിയായിരിക്കണം. മുജാഹിദുകളെക്കുറിച്ച് ഇന്ന് സമസ്തക്കാര്‍ പ്രചരിപ്പിക്കുന്നത്, അവര്‍ ഇസ്‌ലാമിലെ ഇബാദത്തുകള്‍ വെട്ടിച്ചുരുക്കിയവരാണ്, കണ്ടില്ലേ തറാവീഹ് നമസ്‌കാരം ഇരുപത്തിമൂന്ന് പതിനൊന്നാക്കി, ഇവര്‍ ഇങ്ങനെ ജനങ്ങളെ പിഴപ്പിക്കാന്‍ വന്ന വിഭാഗമണ് എന്നൊക്കെ പറഞ്ഞു കൊണ്ടാണ്. എന്നാല്‍, മുജാഹിദുകള്‍ ഇബാദത്ത് നബി(സ്വ) പഠിപ്പിച്ചതു പോലെ ജനങ്ങളെ പഠിപ്പിക്കുന്നവരും അനുഷ്ഠിക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നവരുമാണ്. മുജാഹിദുകള്‍ക്ക് ഒരു പുതിയ ആദര്‍ശമോ നിലപാടോ ഇല്ല. അതിനാല്‍ നബി(സ്വ)യും സ്വഹാബത്തും രാത്രി നമസ്‌കാരം എത്ര റക്അത് നമസ്‌കരിച്ചു എന്നാണ് നോക്കേണ്ടത്. അതിന്റെയടിസ്ഥാനത്തിലാണ് ഈ തര്‍ക്ക വിഷയത്തിനും പരിഹാരം കാണേണ്ടത്.

രാത്രി നമസ്‌കാരവും തറാവീഹും രണ്ടും രണ്ടാണെന്നാണ് പലരും പറയാറുള്ളത്. അത് ശരിയല്ല. കാരണം, നബി(സ്വ) റമളാനിലോ അല്ലാത്തപ്പോഴോ പതിനൊന്നില്‍ അധികരിപ്പിച്ചിരുന്നില്ല എന്ന ആയിശ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ് മുഹദ്ദിസുകള്‍ തറാവീഹിന്റെയും രാത്രി നമസ്‌കാരത്തിന്റെയും വിത്‌റിന്റെയും തഹജ്ജുദിന്റെയും അദ്ധ്യായത്തില്‍ കൊടുത്തത് കാണാന്‍ കഴിയും. അപ്പോള്‍, മുഹദ്ദിസുകളെല്ലാം ഇതെല്ലാം ഒന്നാണെന്ന് തന്നെയാണ് മനസ്സിലാക്കിയത്. നബി(സ്വ)യുടെ രാത്രി നമസ്‌കാരത്തെ കുറിച്ച് ഹദീസില്‍ വന്നത് എന്താണ്? നമുക്ക് നോക്കാം. നബി(സ്വ)യുടെ രാത്രി നമസ്‌കാരം എങ്ങനെയായിരുന്നെന്നും അതെത്രയായിരുന്നെന്നും (വിവരിക്കുന്ന) അദ്ധ്യായത്തില്‍ ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ കൊടുത്ത ഹദീസുകള്‍ കാണുക: ”സുഹ്‌രിയില്‍ നിന്ന്: അദ്ദേഹം പറഞ്ഞു. എന്നോട് സാലിം ബിന്‍ അബ്ദില്ല പറഞ്ഞു. തീര്‍ച്ചയായും അബ്ദല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: ഒരാള്‍ ചോദിച്ചു, അല്ലാഹുവിന്റെ പ്രവാചകരേ! രാത്രി നമസ്‌കാരം എങ്ങനെയാണ്? നബി(സ്വ) പറഞ്ഞു: ഈരണ്ട് ഈരണ്ട്, അങ്ങനെ നീ സ്വുബ്ഹി‘ഭയപ്പെട്ടാല്‍ ഒന്നുകൊണ്ട് വിത്‌റാക്കുക.” ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: ”അദ്ദേഹം പറഞ്ഞു: നബി(സ്വ) പതിമൂന്ന് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. രാത്രിയിലെ (നമസ്‌കാരമാണ്) ഉദ്ദേശം.” മസ്‌റൂക്വില്‍ നിന്ന്. അദ്ദേഹം പറഞ്ഞു: ”ഞാന്‍ ആഇശ(റ)യോട് റസൂല്‍(സ്വ)യുടെ രാത്രി നമസ്‌കാരത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ഏഴ്, ഒമ്പത്, പതിനൊന്ന്, സ്വുബ്ഹിയുടെ (സുന്നത്തായ) രണ്ട് റക്അതിനു പുറമെ.”

”ആഇശ(റ)നിന്ന്: അവര്‍ പറഞ്ഞു: നബി(സ്വ) രാത്രിയില്‍ വിത്‌റും സ്വുബ്ഹിയുടെ രണ്ട് റക്അത്തും ഉള്‍പ്പെടെ പതിമൂന്ന് റക്അത് നമസ്‌കരിക്കാറുണ്ടായിരുന്നു.” (ബുഖാരി:1137മുതല്‍ 1140 വരെയുള്ള ഹദീസുകള്‍) മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കൂടി വന്നിട്ടുണ്ട്. ”അബൂസലമതു ബ്‌നു അബ്ദിറഹ്മാന്‍(റ)വില്‍ നിന്ന്: അദ്ദേഹം ആഇശ(റ)യോട് റസൂല്‍(സ്വ)യുടെ റമളാനിലെ നമസ്‌കാരം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചു? ആഇശ(റ) പറഞ്ഞു: നബി(സ്വ) റമളാനിലോ അല്ലാത്തപ്പോഴോ പതിനൊന്ന് റക്അതില്‍ കൂടുതല്‍ വര്‍ധിപ്പിച്ചിരുന്നില്ല. നാല് റക്അത് നമസ്‌കരിക്കും, അതിന്റെ ദൈര്‍ഘ്യത്തെ കുറിച്ചോ, അഴകിനെ കുറിച്ചോ ചോദിക്കരുത്. പിന്നെ നാല് റക്അത് നമസ്‌കരിക്കും. അതിന്റെ ദൈര്‍ഘ്യത്തെ കുറിച്ചോ, അഴകിനെ കുറിച്ചോ ചോദിക്കരുത്. പിന്നെ മൂന്ന് റക്അത് നമസ്‌കരിക്കും….” (ബുഖാരി: 2013, മുസ്‌ലിം:1720, മുവത്ത്വ:293) 

എത്ര സ്പഷ്ടമാണ് വിഷയം. ഈ ഹദീസുകളില്‍ നിന്ന് രാത്രി നമസ്‌കാരം എങ്ങനെയാണ്, എത്രയാണ് ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ നിര്‍വഹിക്കേണ്ടതെന്നും മനസ്സിലാക്കാം. അത് ഈരണ്ട് റക്അതായി പതിനൊന്ന് നിര്‍വഹിക്കലാണ്. ഇതാണ് നബി(സ്വ)യില്‍ നിന്ന് ശരിയായ രൂപത്തില്‍ വന്നത്. രാത്രി നമസ്‌കാരം പതിനൊന്നാണെന്നും സുബ്ഹിയുടെ സുന്നത്തായ രണ്ട് റക്അത്ത് കൂട്ടിയാണ് പതിമൂന്ന് അവിടുന്ന് നിര്‍വഹിച്ചതെന്നും വ്യക്തമായല്ലോ. അതുപോലെത്തന്നെ അവിടുത്തെ നമസ്‌കാരം ചിലപ്പോള്‍ ഏഴും അല്ലെങ്കില്‍ ഒമ്പതും അതുമല്ലെങ്കില്‍ പതിനൊന്നും ആയിരുന്നു. അതില്‍ കൂടുതല്‍ രാത്രിനമസ്‌കാരം വര്‍ധിപ്പിച്ചിട്ടില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് വന്നിട്ടുള്ളത്. നബി(സ്വ) പതിമൂന്ന് റക്അത്ത് നമസ്‌കരിക്കും, പിന്നീട് സുബ്ഹിയുടെ ബാങ്ക് കേട്ടാല്‍ രണ്ട് റക്അത്ത് ലഘുവായി നമസ്‌കരിക്കും. അപ്പോള്‍ ആദ്യം നിര്‍വഹിച്ച പതിമൂന്ന് റക്അത്തില്‍ ഇശാഇന്റെ സുന്നത്തായ രണ്ട് റക്അത്തുകൂടി ഉള്‍പ്പെടുമെന്ന് സാരം.

രാത്രി നമസ്‌കാരം നബി(സ്വ) ഏതാനും ദിവസങ്ങള്‍ മാത്രമാണ് പള്ളിയില്‍ നിര്‍വഹിച്ചത്. അവിടുന്ന് രാത്രി നമസ്‌കാരം പള്ളിയില്‍ വെച്ച് ഓരോ ദിവസം അനുഷ്ഠിക്കുമ്പോഴും അടുത്ത ദിവസം ആളുകള്‍ അധികരിച്ചു കൊണ്ടിരുന്നു. അവസാനം തന്റെ സമുദായത്തിനത് നിര്‍ബന്ധമാക്കപ്പെടുമെന്ന് ഭയപ്പെട്ടതിനാലാണ് പിന്നീട് വീട്ടില്‍ വെച്ച് അത് തുടര്‍ന്നത്. സംഭത്തിന്റെ ചുരുക്കം ഇപ്രകാരമാണ്. ആദ്യ ദിവസം നബി(സ്വ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചു. ഇതുകണ്ട ചിലര്‍ പ്രവാചകരുടെ കൂടെ പങ്കെടുത്തു. രാവിലെ ഇതിനെ(മഹത്വത്തെ) കുറിച്ച് സംസാരമായി. രണ്ടാം ദിവസവും നബി(സ്വ) പള്ളിയില്‍ നമസ്‌കരിച്ചു. ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ രണ്ടാം ദിവസം പങ്കെടുത്തു. അതും പിറ്റേന്ന് രാവിലെ ജനങ്ങള്‍ക്കിടയില്‍ ഇതിന്റെ (മഹത്വത്തെ) കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംസാരമായി. മൂന്നാം ദിവസവും അവിടുന്ന് പള്ളിയില്‍ വെച്ച് നിര്‍വഹിച്ചപ്പോള്‍ ആളുകള്‍ വീണ്ടും വര്‍ധിച്ചു. നാലാം ദിവസം പള്ളിയില്‍ തിരക്കായി. പക്ഷെ നബി(സ്വ) പള്ളിയിലേക്ക് വന്നില്ല. സുബ്ഹ് നമസ്‌കാര ശേഷം സ്വഹാബികളോട് പറഞ്ഞു: ”ഇത് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുമെന്ന് ഭയപ്പെട്ടു….” (ബുഖാരി:2012, മുവത്വ:274). പിന്നീട് നബി(സ്വ) രാത്രി നമസ്‌കാരം വീട്ടില്‍ വെച്ചാണ് നിര്‍വഹിച്ചത്. അതിനാല്‍ തന്നെ നബി(സ്വ)യുടെ രാത്രി നമസ്‌കാരത്തെ കുറിച്ച് അറിയുക അവിടുത്തെ പത്‌നിക്കാണല്ലോ. അത്‌കൊണ്ട് തന്നെ മസ്‌റൂക്വ്(റ)നെ പോലെയുള്ളവര്‍ നബി(സ്വ)യുടെ രാത്രി നമസ്‌കാരത്തെ കുറിച്ച് അന്വേഷിച്ചത് ആഇശ(റ)യോടായിരുന്നു. അതിനാല്‍ ആഇശ(റ)യാണ് പിന്നീട് അതിന്റെ രൂപത്തെക്കുറിച്ചും എണ്ണത്തെക്കുറിച്ചും നമുക്ക് പറഞ്ഞ് തന്നത്. ചിലരൊക്കെ ഉമര്‍(റ) തറാവീഹ് നമസ്‌കാരം പള്ളിയില്‍ വെച്ച് ഒരേ ഇമാമിന്റെ കീഴില്‍ ഒരുമിച്ചു കൂട്ടിയതിനാല്‍ അത് തങ്ങളുടെ ബിദ്അത്ത് നിര്‍മാണത്തിന് തെളിവാക്കാറുണ്ട്. എന്നാല്‍ ഇതൊരിക്കലും അത്തരക്കാര്‍ക്ക് തെളിവിന് കൊള്ളുന്നതല്ല. കാരണം, നബി(സ്വ) തന്നെ പള്ളിയില്‍ ജമാഅത്തായി രാത്രി നമസ്‌കാരം അനുഷ്ഠിച്ചിരുന്നു. മുകളില്‍ സൂചിപ്പിച്ചതു പോലെ പ്രവാചകന്‍(സ്വ) അത് തന്റെ സമുദായത്തിന് നിര്‍ബന്ധമാക്കപ്പെടുമെന്ന് ഭയപ്പെട്ടത് കൊണ്ടാണ് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയത്. നബി(സ്വ)യുടെ പ്രവര്‍ത്തനം തന്നെയാണ് പള്ളിയില്‍ രാത്രി നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കാനുള്ള തെളിവ്. അതിനാല്‍ ഉമര്‍(റ)വിനെ ബിദ്അത്ത് നിര്‍മിക്കാന്‍ തെളിവായി കൊണ്ടുവരുന്നത് അത് ഉമര്‍(റ)നെ പുച്ഛിക്കലാണ്.

 സ്വഹാബികള്‍ എത്ര റകഅത്ത് നമസ്‌കരിച്ചു? 

നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചനുഷ്ഠിച്ച സ്വഹാബത്ത് എത്രയാണ് രാത്രിനമസ്‌കാരം അനുഷ്ഠിച്ചതെന്നതും നാം മനസ്സിലാക്കണം. ഉമര്‍(റ)വിന്റെ നമസ്‌കാരത്തെക്കുറിച്ച് തന്നെ നമുക്ക് പരിശോധിക്കാം. ഒരിക്കല്‍ ഉമര്‍(റ) പള്ളിയില്‍ ചെന്നപ്പോള്‍ പള്ളിയില്‍ ഓരോരുത്തരായും പല പല സംഘങ്ങളായും നമസ്‌കരിക്കുന്നത് കണ്ടപ്പോള്‍ ഇവരെയെല്ലാവരെയും ഒരേ ഇമാമിന്റെ കീഴില്‍ ഒരുമിച്ചു കൂട്ടിയാല്‍ അതാണല്ലൊ നല്ലത് (എന്നദ്ദേഹത്തിന് തോന്നി). പിന്നീട് അദ്ദേഹം ഉബയ്യ് ബ്‌നു കഅ്ബിന്റെ കീഴില്‍ അവരെ ഒരുമിച്ചു കൂട്ടി. പിന്നീട് മറ്റൊരിക്കല്‍ ജനങ്ങളെല്ലാവരും ഒരു ഇമാമിന്റെ കൂടെ നമസ്‌കരിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ഇതെന്തൊരു പുതുമ…” (ബുഖാരി:2010). ഈ റിപ്പോര്‍ട്ടില്‍ ഉബയ്യ് ബ്‌നു കഅ്ബ് (റ) നമസ്‌കരിച്ച റക്അതുകളുടെ എണ്ണം പറഞ്ഞിട്ടില്ല. എന്നാല്‍ റക്അത്തുകളുടെ എണ്ണം വ്യക്തമാക്കിയ റിപ്പോര്‍ട്ട് തന്നെ വന്നിട്ടുണ്ട്. അതിപ്രകാരമാണ്. ”സാഇബ് ബ്‌നു യസീദ്(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു. ഉമര്‍ ബ്‌നുല്‍ഖത്വാബ് ഉബയ്യ്ബ്‌നു കഅ്ബിനോടും തമീമുദ്ദാരിയോടും ജനങ്ങള്‍ക്ക് (ഇമാമായി) പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാന്‍ കല്‍പിച്ചു…” (മുവത്വ: 280). തറാവീഹ് നമസ്‌കാരത്തിന് ഉമര്‍(റ) അംഗീകൃത ഇമാമുമാരായി ഉബയ്യിനെയും തമീമുദ്ദാരിയെയും(റ) നിശ്ചയിച്ചപ്പോള്‍ അവരോട് ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാനാണ് കല്‍പിച്ചത്.

തറാവീഹ് നമസ്‌കാരം ഇരുപത് റക്അത്താണെന്നും അതാണ് പ്രവാചകരുടെ നമസ്‌കാരമെന്നും അതാണ് സുന്നത്തെന്നുമാണല്ലോ സമസ്തക്കാരുടെ വാദം. അതിന് ഇജ്മാഉണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍, മാലികീ മദ്ഹബില്‍ തറാവീഹ് നമസ്‌കാരത്തിലെ റക്അത്തുകളുടെ എണ്ണം മുപ്പത്തിയാറാണെന്ന് ഇവര്‍ തന്നെ അംഗീകരിക്കുന്നതുമാണ്. അപ്പോള്‍ ഇജ്മാഅ് പൊളിഞ്ഞല്ലോ. അപ്പോള്‍ അതിനെ ന്യായീകരിക്കണമല്ലോ. അതിനു വേണ്ടി അവര്‍ പറയുന്നത് ഇപ്രകാരമാണ്. ഇരുപതില്‍ കുറച്ചിട്ടില്ലല്ലോ. പിന്നെ ഇരുപതില്‍ അധികരിപ്പിച്ചത്, രാത്രിയില്‍ സുന്നത്ത് നമസ്‌കാരം അധികരിപ്പിച്ചതാകാം എന്നാണ്. ഇതൊക്കെയൊരു ഒപ്പിക്കലാണ്.

ഇനി ഇരുപതാണ് തറാവീഹ് നമസ്‌കാരത്തിലെ റക്അത്തെന്നതിന് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ല്യാര്‍ തന്റെ ഫിക്വ്ഹുസ്സുന്നയില്‍ പറയുന്ന ഹിമാലയന്‍ നുണ കാണുക. ”റുവിയ അബൂദാവൂദ്: അന്ന ഉമറ ജമഅന്നാസ അലാ ഉബയ്യിബ്‌നി കഅ്ബിന്‍ ഫകാന യുസ്വല്ലീ ലഹും ഇശ്‌രീന റക്അ (അബൂദാവൂദ്, ബാബു അല്‍ ക്വുനൂതു ഫില്‍വിത്‌രി)” നെല്ലിക്കുത്ത് മുസ്‌ലിയാര്‍ കൊടുത്തത് പ്രകാരമാണെങ്കില്‍ അത് സ്വഹീഹാണെങ്കില്‍ തെളിവാകുമായിരുന്നു. പക്ഷെ ഇവിടെ അദ്ദേഹം കൃത്രിമം കാണിച്ചതാണ്. ഹദീസില്‍ ഇരുപത് റക്അത് എന്നല്ല ഉള്ളത്. ‘ഇരുപത് രാത്രി’ എന്നാണ്. (ഈ തട്ടിപ്പ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാരുെടയും മറ്റു ചിലരുടെയും പുസ്തകങ്ങളിലും കാണാം) നെല്ലിക്കുത്തിനെ ശയ്ഖുല്‍ ഹദീസായി ഏറ്റി നടക്കുന്ന കുഞ്ഞാടുകള്‍ക്ക് യഥാര്‍ത്ഥ സുനനു അബീദാവൂദില്‍ ഉസ്താദ് ഉദ്ധരിച്ചതു പോലെ ഇരുപത് റക്അത് എന്ന് വന്ന ആ റിപ്പോര്‍ട്ട് ഒന്ന് കാണിക്കാന്‍ കഴിയുമോ? ഇത് സമസ്തക്കാര്‍ക്ക് ഒരു വെല്ലുവിളിയായി എടുക്കാം. ഈ വെല്ലുവിളി പലപ്പോഴായി മുജാഹിദുകള്‍ നടത്തിയതാണ്. ഒരു മുസ്‌ല്യാരും ഇത് വരെ അത് ഏറ്റെടുത്തിട്ടില്ല. അവര്‍ കാണാത്തത് പോലെ നടക്കുകയാണ്. അതുകൊണ്ടു തന്നെ ഇത് ഞങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നു.

അത്‌പോലെ, ഉമര്‍(റ)വിന്റെ കാലത്ത് ആളുകള്‍ ഇരുപത്തിമൂന്ന് നമസ്‌കരിച്ചു എന്നതാണ് മറ്റൊരു തെളിവ്. എന്നാല്‍ ഉമര്‍(റ) താന്‍ നശ്ചയിച്ച ഇമാമുകളോട് കല്‍പിച്ചത് പതിനൊന്നായിരുന്നു എന്നത് മുകളില്‍ നാം വായിച്ചു. മാ്രതവുമല്ല, ഉമര്‍(റ)വിന്റെ കാലത്ത് ആളുകള്‍ ഇരുപത്തിമൂന്ന് റക്അത്ത് നമസ്‌കരിച്ചിരുന്നു എന്ന് പറയുന്ന യസീദ് ബ്‌നു റുമാന്‍ ഉമര്‍(റ)വിനെ കണ്ട ആളല്ല. എന്നാല്‍ ഉമര്‍(റ) പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാന്‍ കല്‍പിച്ചുവെന്ന റിപ്പോര്‍ട്ടോ? അത് വളരെയധികം സ്വീകാര്യയോഗ്യമായ സനദാണ് താനും. ചുരുക്കത്തില്‍, നബി(സ്വ)യും സ്വഹാബത്തും തറാവീഹ് നമസ്‌കാരം നിര്‍വഹിച്ചത് പതിനൊന്ന് റക്അത്താണ് എന്ന് വ്യക്തമായി. ഈ വ്യക്തമായ തെളിവിന്‍മേലാണ് മുജാഹിദുകള്‍ തറാവീഹ് പതിനൊന്ന് നിര്‍വ്വഹിക്കുന്നത്. എന്നാല്‍ സമസ്തക്കാര്‍ക്ക് തങ്ങളുടെ വാദം സ്ഥാപിക്കുന്നതിന് വേണ്ടി നെല്ലിക്കുത്ത് മുസ്‌ല്യാര്‍ കാണിച്ചത് പോലെ ദുര്‍വ്യാഖ്യാനിക്കുകയോ കോട്ടിമാട്ടുകയോ ഒപ്പിക്കുകയോ ചെയ്യാതെ നിവൃത്തിയില്ല. മറ്റെല്ലാ തര്‍ക്ക വിഷയങ്ങളിലുമെന്ന പോലെ ഈ വിഷയത്തിലും സമസ്തക്കാര്‍ക്ക് പ്രമാണങ്ങളില്‍ തെളിവില്ലെന്നര്‍ത്ഥം.

No comments :

Post a Comment

Note: Only a member of this blog may post a comment.