Monday, June 30, 2014

മഖ്‌ബറകളിലരങ്ങേറുന്ന ഖബര്‍ പൂജ


https://youtu.be/EWddKjfwZds

പകലന്തിയോളം ജനനിബിഡമായിരുന്നു ആ മഖ്‌ബറ. ആണും പെണ്ണും അത്യധികമായ ഭയക്തി ബഹുമാനത്തോടെ മഖാമിന്റെ പരിസരത്ത്‌ പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലും നിരതരായിരുന്നു. മഖാമിനകത്തെ ഇടുങ്ങിയ മുറിയില്‍ ഖബറിനെ വലംവെക്കാനും ഖബറിന്‌ മുന്നില്‍ സുജൂദില്‍ വീഴാനും ഖബറിന്‌ മേല്‍ പച്ചപ്പട്ട്‌ വിരിക്കാനും നേര്‍ച്ചപ്പൂവ്‌ വിതറാനും ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നു. സ്‌ത്രീകള്‍ ഹിജാബിന്റെ നിയമങ്ങളെല്ലാം ലംഘിച്ച്‌ മഖാമിന്റെ മതിലിനോട്‌ ചേര്‍ന്നിരുന്ന്‌ നിലവിളിക്കുന്നു, പ്രാര്‍ഥിക്കുന്നു, ഖുര്‍ആന്‍ ഓതുന്നു, നെഞ്ചത്തടിക്കുന്നു, മതിലില്‍ മുഖമമര്‍ത്തിക്കരയുന്നു, മതിലിനെ പൊത്തിപ്പിടിച്ച്‌ പ്രാര്‍ഥിക്കുന്നു, സുജൂദ്‌ ചെയ്യുന്നു, മഖാമിന്‌ നേരെ തിരിഞ്ഞ്‌ നമസ്‌കരിക്കുന്നു. അവരിലധികവും യുവതികള്‍! ആരും അവരെ വിലക്കുകയോ തടയുകയോ ചെയ്യുന്നില്ല. ആണും പെണ്ണുമായി, പണ്ഡിതരും പാമരരുമായി, പുരോഹിതരും പൂജാരികളുമായി നൂറുകണക്കിനാളുകള്‍ അവിടെയുള്ള രണ്ട്‌ മഖ്‌ബറകളെ ചുറ്റിപ്പറ്റി അപ്പോഴവിടെയുണ്ടായിരുന്നു.

അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ള ശിര്‍ക്ക്‌ നഗ്നതാണ്ഡവം നടത്തുന്ന ഈ മഖാം പരിസരത്ത്‌ അധികസമയം നില്‍ക്കാന്‍ തോന്നിയില്ല. അല്ലാഹുവിന്റെ ശിക്ഷയിറങ്ങുമോ എന്ന ഭയം നിമിത്തം വേഗം പുറത്തുകടന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ നടക്കുന്ന ബഹുദൈവത്വ ജീര്‍ണത നേരില്‍ കാണാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ ഓര്‍ത്ത്‌, സമുദായത്തിന്റെ ഗതിയോര്‍ത്ത്‌ ലജ്ജിച്ച്‌ അവിടെ നിന്നും പുറത്തുകടന്നു.
ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയയുടെ മഖ്‌ബറയില്‍ നിന്നുള്ള അനുഭവമാണിത്‌. ഉത്സവങ്ങളും ഉറൂസുകളും നടത്തി പരിപാലിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ഖബര്‍ സിയാറത്താണെന്നും മഖ്‌ബറകളില്‍ മറമാടപ്പെട്ട മഹാന്മാരെ മുന്‍ നിര്‍ത്തി അല്ലാഹുവിനോട്‌ `തവസ്സുല്‍' ചെയ്‌തു പ്രാര്‍ഥിക്കുകയാണെന്നും അതില്‍ തെറ്റൊന്നുമില്ലെന്നുമാണ്‌ യാഥാസ്ഥിതിക പണ്ഡിതന്മാരുടെ പക്ഷം. 

എന്നാല്‍ പ്രവാചകന്റെ(സ) കാലത്ത്‌ മക്കയിലെ ബഹുദൈവാരാധകര്‍ ഇബ്‌റാഹീം, ഇസ്‌മാഈല്‍(അ) തുടങ്ങിയ നബിമാരുടെയും ലാത്ത, ഉസ്സ തുടങ്ങിയ മഹാന്മാരുടെയും പ്രതിമകളുണ്ടാക്കി അവരോട്‌ പ്രാര്‍ഥിക്കുകയും അവരിലേക്ക്‌ നേര്‍ച്ച നേരുകയും ചെയ്‌തതിനെപ്പറ്റി അവരുടെ വാദഗതികള്‍ എന്തായിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നോക്കുക: ``അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവയെയാണ്‌ അവര്‍ ആരാധിക്കുന്നത്‌. ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണ്‌ എന്നവര്‍ പറയുകയും ചെയ്യുന്നു. (നബിയേ) പറയുക: ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവിനറിയാത്തത്‌ നിങ്ങളവനെ അറിയിക്കുകയാണോ? അവനത്രെ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു.'' (യൂനുസ്‌ 18)

``അല്ലാഹുവിന്‌ പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറഞ്ഞിരുന്നത്‌) ഇവര്‍ അല്ലാഹുവിലേക്ക്‌ ഞങ്ങളെ അടുപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്‌ ഇവരെ ഞങ്ങള്‍ ആരാധിച്ചിരുന്നത്‌ എന്നാണ്‌.'' (സുമര്‍ 3)
മഹാന്മാരായ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ബിംബങ്ങളുണ്ടാക്കി പൂജിച്ചപ്പോള്‍ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പറഞ്ഞ ഇതേ മറുപടി തന്നെയാണ്‌ ജാറങ്ങളില്‍ ആഗ്രഹസഫലീകരണത്തിന്‌ പോകുന്നവര്‍ക്കും പറയാനുള്ളത്‌. മരണ സ്‌മരണയുണര്‍ത്താനും പരലോക ചിന്തയുണ്ടാക്കാനുമാണ്‌ ഖബര്‍ സിയാറത്ത്‌ നബി(സ) സുന്നത്താക്കിയത്‌. ഇക്കാര്യം സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്‌. ഖബര്‍ സിയാറത്തിനെ ആരും എതിര്‍ത്തിട്ടില്ല, എതിര്‍ക്കുന്നുമില്ല. എന്നാല്‍ നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയിലും മറ്റും നടക്കുന്നത്‌ ഖബര്‍ സിയാറത്തല്ല, ഖബര്‍പൂജയാണ്‌. ഓരോ ദിവസവും ആയിരക്കണക്കിന്‌ പച്ചത്തുണികളാണ്‌ നേര്‍ച്ചയായി ആ മഖ്‌ബറയില്‍ സമര്‍പ്പിക്കപ്പെടുന്നത്‌. കഅ്‌ബയുടെ പരിസരത്ത്‌ പോലും കാണാത്ത അതിരുവിട്ട ഭക്തി പാരവശ്യമാണ്‌ ദര്‍ഗകളില്‍ കാണുന്നത്‌. ഇവരെ സേവിക്കാന്‍ കുറെ മുസ്‌ലിം `പൂജാരി'മാരുമുണ്ട്‌.

പ്രവാചകന്റെ(സ) അന്തിമ വസിയ്യത്തിനെ കാറ്റില്‍ പറത്തി ഇത്തരം മഖ്‌ബറകള്‍ പൂജാകേന്ദ്രങ്ങളാകുകയാണ്‌! ഇതിനെ ന്യായീകരിക്കാന്‍ കുറെ പുരോഹിതന്മാരും. മുസ്‌ലിംകള്‍ അധസ്ഥിതരും നിന്ദിതരുമാകാന്‍ വേറെ കാരണം തെരയുന്നതെന്തിന്‌? ദൈവിക കാരുണ്യത്തില്‍ നിന്ന്‌ മുസ്‌ലിംകള്‍ അകറ്റപ്പെടാനും ദൈവകോപത്തിന്റെ കാഹളം മുഴങ്ങാനും ഇതില്‍പരം കാരണം വേറെയന്തിന്‌? സമുദായത്തിന്റെ അസ്‌തിത്വം നിലനിര്‍ത്താന്‍ ഇസ്‌ലാമിനോട്‌ സ്‌നേഹമുള്ള, പരലോകബോധമുള്ള മുസ്‌ലിംകളെല്ലാം ഈ കടുത്ത തിന്മക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിവരും. ഇതിനോട്‌ മൗനം പാലിക്കുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന പുരോഹിതന്മാരുടെ താല്‌പര്യം ഇസ്‌ലാമിനു പുറത്താണ്‌. ഇത്തരം ദുരാചാരകേന്ദ്രങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി ജീവിക്കുകയും ഇതിലൂടെ വരുന്ന അവിഹിത വരുമാനത്തിന്റെ വിഹിതം പങ്കിട്ടെടുത്ത്‌ ജീവിതം തള്ളിനീക്കുകയും ചെയ്യുന്നവരാണിവരിലധിക പേരും. പരലോകത്തെക്കാള്‍ ഇഹലോകത്തിന്‌ മുന്‍ഗണന കൊടുക്കുന്ന ഇത്തരം പണ്ഡിത പുരോഹിതന്മാരില്‍ നിന്ന്‌ ഒരു ഗുണവും ഇസ്‌ലാമിക സമൂഹത്തിനുണ്ടാകില്ലെന്നുറപ്പാണ്‌.
സുന്നത്തായ ഖബര്‍ സിയാറത്തും ശിര്‍ക്കിലേക്ക്‌ നയിക്കുന്ന ഖബര്‍ പൂജയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിത്തരുന്ന ഏതാനും പ്രമാണ വാക്യങ്ങള്‍ താഴെ:

``നബി(സ) പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ ഖബര്‍ സിയാറത്ത്‌ നിരോധിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ ഖബ്‌റുകള്‍ സന്ദര്‍ശിച്ചുകൊള്ളുവിന്‍. അത്‌ നിങ്ങളെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ്‌.'' (തിര്‍മുദി, മുസ്‌ലിം)

``ജാബിര്‍(റ) പറയുന്നു: ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ വല്ലതും നിര്‍മിക്കുക എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു.'' (മുസ്‌ലിം)

``നബി(സ) പറഞ്ഞു: അവര്‍ (ജൂത, ക്രിസ്‌ത്യാനികള്‍) അവരുടെ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ഖബ്‌റുകള്‍ പ്രാര്‍ഥനാ മന്ദിരങ്ങളാക്കി. എന്നാല്‍ നിങ്ങള്‍ ഖബ്‌റുകളെ പ്രാര്‍ഥനാ മന്ദിരങ്ങളാക്കരുത്‌. ഞാന്‍ അതിനെ നിങ്ങളോട്‌ നിരോധിക്കുന്നു.'' (മുസ്‌ലിം)

``നബി(സ) പ്രഖ്യാപിച്ചു: മൂന്ന്‌ പള്ളികളിലേക്കല്ലാതെ പുണ്യ തീര്‍ഥാടനം പാടില്ല. മസ്‌ജിദുല്‍ ഹറാം, എന്റെ ഈ പള്ളി (മസ്‌ജിദുന്നബവി), മസ്‌ജിദുല്‍ അഖ്‌സ എന്നിവയാണത്‌.'' (ബുഖാരി, മുസ്‌ലിം)

മക്കയിലെ ബഹുദൈവാരാധകര്‍ മഹാന്മാരുടെ ബിംബങ്ങളുണ്ടാക്കി അവയെ വന്ദിക്കുകയും ആരാധിക്കുകയും ചെയ്‌ത സംഭവം വിവരിച്ച ശേഷം ഇമാം റാസി(റ) പറയുന്നു: മഹാത്മാക്കളുടെ ഖബ്‌റുകളെ വന്ദിച്ചാല്‍ അവര്‍ തങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശക്കാരാകുമെന്ന വിശ്വാസത്തില്‍ അവരുടെ ഖബ്‌റുകളെ വന്ദിക്കുന്നതില്‍ അനേകമാളുകള്‍ ഇക്കാലത്ത്‌ വ്യാപൃതമായിരിക്കുന്നത്‌ ഇതിന്‌ തുല്യമായത്‌ തന്നെയാണ്‌'' (തഫ്‌സീറുല്‍ കബീര്‍)

ഇതുപോലുള്ള നിരവധി വാക്യങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ മരണസ്‌മരണയും പരലോക ബോധവുമുണ്ടാക്കാന്‍ വേണ്ടി മുസ്‌ലിംകള്‍ മഖ്‌ബറകള്‍ സന്ദര്‍ശിക്കല്‍ സുന്നത്താണെന്നും ഖബ്‌റാളികള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കണമെന്നും മഹാന്മാരുടെ ഖബ്‌റുകള്‍ പ്രത്യേകം അടയാളപ്പെടുത്തി കെട്ടിപ്പൊക്കി അവരോട്‌ പ്രാര്‍ഥിക്കാന്‍ അവിടേക്ക്‌ പോകുന്നത്‌ കുറ്റമാണെന്നും ദൈവിക കോപത്തിന്‌ ഇടയാക്കുന്ന സംഗതിയാണതെന്നുമാണ്‌. പക്ഷെ, ഇക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗം ഈ കടുത്ത തിന്മയെ ന്യായീകരിക്കുന്നതാണ്‌ നാം കാണുന്നത്‌.

No comments :

Post a Comment

Note: Only a member of this blog may post a comment.