Friday, June 27, 2014

വ്യവസായവല്‍ക്കരിക്കപ്പെടുന്ന ക്വബ്ര്‍ സിയാറത്ത്



ആദം(അ)ന്റെ കാലം കഴിഞ്ഞ് പത്ത് തലമുറകള്‍ പിന്നിട്ടപ്പോഴാണ് മാനവരാശിയില്‍ ബഹുദൈവത്വം കടന്നു വന്നത്. അതായത് വദ്ദ് എന്ന മഹാന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തോട് അങ്ങേയറ്റം ആദരവുണ്ടാ യിരുന്നവരില്‍ വിശ്വാസപരമായ ദൌര്‍ബല്യമുണ്ടായിരുന്ന ചിലരെ മനുഷ്യകുലത്തിന്റെ ശത്രുവായ പിശാചിന് സ്വാധീനിക്കാന്‍ കഴിഞ്ഞു. ഓര്‍ക്കാന്‍ വേണ്ടി ചിത്രങ്ങളുണ്ടാക്കി വെക്കാനാണ് സ്നേഹനിധിയായ ഒരു ഗുണകാംക്ഷിയുടെ മട്ടില്‍ പിശാച് ആദ്യമായി അവരില്‍ ദുര്‍ബോധനം നല്‍കിയത്. ചിലര്‍ അങ്ങനെ ചെയ്തു. ചിലര്‍ ചിത്രങ്ങളുണ്ടാക്കുകയും ചിലര്‍ പ്രതിമകള്‍ നിര്‍മിക്കുകയും ചെയ്തു. അവര്‍ വദ്ദിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല.

എന്നാല്‍ അടുത്ത തലമുറയിലെ ദുര്‍ബലരില്‍ മറ്റൊരു ദുര്‍ബോധനമാണ് പിശാച് നല്‍കിയത്. അതായത് എത്രയോ രക്ഷിതാക്കള്‍ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിലും വദ്ദിന്റെ മാത്രം ചിത്രങ്ങളും പ്രതിമകളും നാടു നീളെ സൂക്ഷിക്കപ്പെടാനുള്ള കാരണം അദ്ദേഹം റബ്ബിന്റെ അരികില്‍ ഉയര്‍ന്ന പദവി നേടിയ മഹാനായതു കൊണ്ടാണ്, പാപികളായ നിങ്ങള്‍ റബ്ബിനോട് നേരിട്ട് പ്രാര്‍ത്ഥന നടത്താതെ വദ്ദ് മുഖേന അവനിലേക്ക് അടുക്കുകയാണ് വേണ്ടതെന്നാണ് അവരെ ധരിപ്പിച്ചത്. അങ്ങനെ അവര്‍ വദ്ദിന്റെ ക്വബ്റിങ്കല്‍ ഭജനമിരിക്കുകയും വദ്ദിനെ വിളിച്ചു തേടാന്‍ ആരംഭിക്കുകയും ചെയ്തു.
പിന്നീട് സുവാഅ് യഗൂഥ്, യഊക്വ്, നസ്വ്റ് എന്നിവരുടെ കാര്യത്തിലും ഇതേ ചരിത്രം ആവര്‍ത്തിച്ചു. കബ്റാളികളുടെ പൊരുത്തത്തിനു വേണ്ടി നേര്‍ച്ചകളും വഴിപാടുകളും സുജൂദും പ്രാര്‍ത്ഥനകളുമൊക്കെ യഥേഷ്ടം നടമാടാന്‍ തുടങ്ങി. അര്‍ഹതയില്ലാത്തവര്‍ പൂജിക്കപ്പെടുകയും പ്രാര്‍ത്ഥിക്കപ്പെടുകയും ചെയ്തു. പൂജാരിമാരും പുരോഹിതന്മാരും ഇതിനെ വരുമാനത്തി നുള്ള നല്ലൊരു മേഖലയായി വളര്‍ത്തി.
വിവാഹം നടക്കാനും കുട്ടികളുണ്ടാകാനും കടത്തില്‍ നിന്ന് കരകയറാനും മറ്റും മറ്റുമായി ആഗ്രഹസഫലീകരവും ദുരിതനിവാരണവും ലക്ഷ്യമിട്ട് സാക്ഷാല്‍ ആരാധ്യനായ സ്രഷ്ടാവിനെയല്ല, കേവലം സൃഷ്ടികളെയാണ് സമീപിക്കേണ്ടതെന്നും എങ്കിലേ എളുപ്പത്തില്‍ പരിഹാരം കിട്ടുകയുള്ളൂവെന്നു മുള്ള മട്ടില്‍ അത്ഭുതകഥകളും കറാമത്തു കഥകളും പാട്ടുകളുമൊക്കെ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടു.
‘നിശ്ചയം, ഭൂരിപക്ഷം പുരോഹിതന്മാരും പാതിരിമാരും ജനങ്ങളുടെ സ്വത്ത് അന്യായമായി ഭുജിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു………’ (വിശുദ്ധക്വുര്‍ആന്‍ 9:34)


ഏകദൈവാരാധനയുടെ സന്ദേശം പഠിപ്പിക്കാന്‍ നിയുക്തരായ പ്രവാ ചകന്മാരെയെല്ലാം അവരുടെ കാലശേഷം അനുയായികള്‍ തന്നെ ധിക്കരിക്കാന്‍ തുടങ്ങി. പ്രവാചകരില്‍ അന്തിമനായ മുഹമ്മദ് നബി(സ) തന്റെ അനുയായികളെക്കുറിച്ചും അതേ ആശങ്ക പ്രകടിപ്പിച്ചു. നബി(സ) പറഞ്ഞു: ‘എന്റെ സമുദായം ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങളുടെ മുന്‍കഴിഞ്ഞവരുടെ ചര്യ പിന്തുടരുക തന്നെ ചെയ്യും. സ്വഹാബികള്‍ പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ജൂതക്രൈസ്തവരെയാണോ? അദ്ദേഹം പറഞ്ഞു: അല്ലാതെ മറ്റാര്?!’ (മുസ്ലിം).

തന്റെ അവസാന നാളുകളില്‍ നബി(സ) ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്, ‘ജൂതക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു, കാരണം അവര്‍ തങ്ങളുടെ നബിമാരുടെ (മഹാന്മാരുടേയും) ക്വബ്റുകളെ സുജൂദിന്റെ കേന്ദ്രങ്ങള്‍ ആക്കിയിരിക്കുന്നു’. മാത്രമല്ല, അദ്ദേഹം മനം നൊന്തു പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, നീ എന്റെ ക്വബ്റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ’. അതായത് ബഹുദൈവാ രാധകര്‍ വിഗ്രഹങ്ങള്‍ക്കരികില്‍ നടത്തുന്ന ആരാധനകള്‍ തന്റെ ക്വബ്റിങ്കല്‍ നടക്കുമെന്ന് അദ്ദേഹം ഭയപ്പെടുകയും ചെയ്തിരുന്നുവെന്നു തീര്‍ച്ച.

ഇന്ന് മക്വ്ബറകള്‍ പൌരോഹിത്യത്തിന്റെ വലിയ വിളവെടുപ്പു കേന്ദ്രങ്ങളാണ്. തിന്മകളുടെ കൂത്തരങ്ങുകളായ ഉറൂസുത്സവങ്ങളുടെ പേരില്‍ ഭൌതികവിഭവങ്ങള്‍ സ്വന്തമാക്കാനുള്ള മത്സരങ്ങള്‍ക്കിടയില്‍ മതത്തിന്റെ പവിത്രമായ കല്‍പനകളോരോന്നും ലംഘിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രമാണവിരുദ്ധമായ അത്തരം അത്യാചാരങ്ങള്‍ക്കെതിരെ പോരാടേണ്ട പണ്ഡിതരിലെ തന്നെ വലിയൊരു വിഭാഗം ഇത്തരം ഹറാമായ സമ്പാദ്യത്തിന്റെ പങ്കു പറ്റുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വൈരുധ്യമാണിവിടെ നില നില്‍ക്കുന്നത്.

ക്വബ്റുകള്‍ കെട്ടിപ്പൊക്കുന്നത് പ്രവാചകന്‍ നിരോധിച്ചു. ഒരു ചാണില്‍ കൂടുതല്‍ ഒരാളുടെയും ക്വബ്ര്‍ ഉയര്‍ത്താന്‍ പാടില്ലെന്ന് അദ്ദേഹം നിഷ്കര്‍ ഷിച്ചു. ജാബിര്‍(റ) നിവേദനം ചെയ്യുന്ന നബിവചനം കാണുക: ‘ക്വബ്റുകള്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും എടുപ്പുണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു’. എന്നിട്ടും മഹാന്മാരുടേതെന്ന പേരില്‍ എത്ര മക്ബറകളാണ് നാട്ടില്‍ കെട്ടി ഉയര്‍ത്തപ്പെടുന്നതും ഹറാമായ സുജൂദിന്റേയും വിളക്കു വെക്കലിന്റേയും ചന്ദനക്കുടം, ത്വവാഫ്, ഉറൂസ് തുടങ്ങിയവയുടേയും കേന്ദ്രങ്ങളായിത്തീ രുന്നത്! എന്നാല്‍ നബി(സ) നിര്‍ദ്ദേശിച്ചതോ? അബുല്‍ ഹയ്യാജ്(റ)വില്‍ നിന്ന് നിവേദനം: അലി(റ) എന്നോടു പറഞ്ഞു: ‘നബി(സ) എന്നെ നിയോഗിച്ച അതേ കാര്യത്തിനു വേണ്ടി ഞാന്‍ താങ്കളെ നിയോഗിക്കുകയാണ്. ഒരു വിഗ്രഹവും തകര്‍ക്കാ തെയും കെട്ടി ഉയര്‍ത്തപ്പെട്ട ഒരു ക്വബ്റും നിരപ്പാക്കാതെയും നീ വിടരുത്’ (സ്വഹീഹ് മുസ്ലിം). മുസ്ലിംകളുടെ ക്വബ്റുകളാണ് അദ്ദേഹം ഇവിടെ ഉദ്ദേശിച്ചതെന്ന് മുസ്വന്നഫ് അബ്ദിറസാക്വില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹോന്നതരില്‍ മഹോന്നതനായ നബി(സ)യുടെ ക്വബ്ര്‍ പോലും ഒരു ചാണ്‍ മാത്രമാണ് ഉയര്‍ത്തപ്പെട്ടതെന്ന് സ്വഹീഹായ ഹദീഥുകളില്‍ വ്യക്തമാണ്.

ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈഥമി എഴുതി: ‘കെട്ടിപ്പൊക്കിയ ക്വബ്റുകളും അതിന്മേലുള്ള ക്വുബ്ബകളും പൊളിച്ചു നീക്കല്‍ നിര്‍ബന്ധമാണ്. എന്തു കൊണ്ടെന്നാല്‍ അത് (കപടവിശ്വാ സികളുടെ) മസ്ജിദുദ്ദിറാറിനേക്കാള്‍ അപകടകാരിയാണ്. ഇത്തരം ജാറങ്ങളും ക്വുബ്ബകളും നിര്‍മിക്കപ്പെട്ടത് നബി(സ)യുടെ കല്‍പന ധിക്കരിച്ചു കൊണ്ടുമാണ്. കാരണം നബി(സ) അതെല്ലാം നിരോധിച്ചി രിക്കുന്നു’ (സവാജിര്‍ 1/149).

ഉറ്റവരുടേയും ഉടയവരുടേയും ക്വബ്ര്‍ സിയാറത്തു ചെയ്യുന്നത് പുരുഷ ന്മാര്‍ക്ക് പുണ്യമുള്ള കാര്യമാണ്. അത് മരണത്തേയും പരലോകത്തേയും ഓര്‍മിപ്പിക്കുമെന്ന് നബി(സ) വ്യക്തമാക്കി. ക്വബ്റാളികള്‍ക്കു വേണ്ടി അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയും അവര്‍ക്കു വേണ്ടി സലാം പറയുകയുമാണ് നമുക്കു ചെയ്യാനുള്ളത്.
മരണത്തെ ഓര്‍ക്കാനാണ് നബി(സ) ഖബര്‍ സിയാറത്ത് അനുവദിച്ചതെങ്കില്‍, ദുനിയാവിനെ ഓര്‍ക്കാനും പണ സമ്പാദനത്തിനുള്ള മാര്‍ഗമാക്കാനുമാണ് ഖബര്‍ സിയാറത്തിന്റെ മറവില്‍ പൌരോഹിത്യം പരിശ്രമിച്ചത്.

എന്നാല്‍ ക്വബ്ര്‍ സിയാറത്ത് ലക്ഷ്യം വെച്ച് പ്രത്യേക മക്വ്ബറകളിലേക്കും പള്ളികളിലേക്കും തീര്‍ത്ഥാടനം നടത്തുന്നത് അനുവദനീയമല്ല. മൂന്നു പള്ളി കളിലേക്കല്ലാതെ തീര്‍ത്ഥാടനം പാടില്ല. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയി ലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അക്സാ എന്നിവയാണവ. ഇതല്ലാത്ത ഏതൊരു കേന്ദ്രത്തിലേക്കുള്ള പുണ്യം പ്രതീക്ഷിച്ചു കൊണ്ടുള്ള സിയാറത്തു ടൂറുകളും പ്രവാചകചര്യക്കു വിരുദ്ധവും എതിര്‍ക്കപ്പെടേണ്ട തുമാണ്.

പരലോകത്ത് താങ്ങാനാവാത്ത ഖേദം വരുത്തുന്ന ശിക്ഷകളില്‍ നിന്ന് കരകയറാന്‍ സമൂഹത്തെ സഹായിക്കുകയെന്ന ഗുണകാംക്ഷ മാത്രമാണ് ഇത്തരം ബോധവല്‍ക്കരണങ്ങളുടെ പിന്നിലെന്ന് ഉള്‍ക്കൊള്ളുക. നാളെ നാഥനെ വിചാരണക്കായി തനിച്ചു സമീപിക്കേണ്ടി വരുന്ന യാഥാര്‍ത്ഥ്യത്തെ ക്കുറിച്ച് നന്നായി ആലോചിക്കുക. ശിര്‍ക്കും കുഫ്റും കലര്‍ന്ന അത്യാചാരങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ജാഗ്രത പുലര്‍ത്തുക. പൌരോഹിത്യത്തിന്റെ കെണികളില്‍ നിന്ന് കരകയറാനും പ്രമാണ ബദ്ധമായി ഇസ്ലാമികാദര്‍ശങ്ങള്‍ പഠിച്ചുള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ. 

No comments :

Post a Comment

Note: Only a member of this blog may post a comment.