Monday, June 30, 2014

നഹ്‌സ് പരതുന്ന പുരോഹിതന്മാർ


ഇസ്‌ലാം എന്നത് ഏതെങ്കിലും ഒരാള്‍ക്ക് തോന്നുമ്പോള്‍ തോന്നിയതു പോലെ സ്വീകരിക്കാനും കൈയ്യേറ്റം നടത്താനുമുള്ള മതം എന്നല്ല അര്‍ത്ഥമാക്കുന്നത്. മറിച്ച്, അല്ലാഹുവിന്റെ മുമ്പില്‍ ജീവിതത്തെ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിനു വേണ്ടിയുള്ള ചെറുതും വലുതുമായ നിയമാവലികള്‍ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി(സ്വ)യിലൂടെ, കടത്തിക്കൂട്ടലുകള്‍ക്കോ വെട്ടിച്ചുരുക്കലുകള്‍ക്കോ മായം ചേര്‍ക്കലിനോ വിധേയമാക്കാന്‍ പറ്റാത്ത വിധം റബ്ബ് ഇഷ്ടപ്പെട്ട് അവന്റെ അടിമകള്‍ സ്വീകരിച്ചാചരിക്കുന്നതിനു വേണ്ടി പൂര്‍ത്തിയാക്കിത്തന്ന മതം എന്നാണ്. അതിനാല്‍ തന്നെ അത് ഏറെ ഗൗരവമുള്ളതും അതിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നേടത്ത് ഏറെ ശ്രദ്ധ ചെലുത്തേണ്ടതുമാണ്. ഇസ്‌ലാം ഇന്ന കാര്യങ്ങള്‍ വിശ്വസിക്കണം, ഇന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കണം എന്ന് കല്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് വ്യക്തവും ഖണ്ഡിതവുമായ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. ഇസ്‌ലാമിന് കീഴ്‌പ്പെട്ട് ജീവിക്കുന്നവന്‍ വിശ്വാസപരവും കര്‍മ്മപരവുമായ ഏതൊരു കാര്യമായിരുന്നാലും അതിനെ സ്വീകരിക്കേണ്ടത് വ്യക്തമായ തെളിവിന്റെ പിന്‍ബലത്തിലായിരിക്കണം. എന്നാല്‍, ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുര്‍ആനും സുന്നത്തും എന്ത് പറയുന്നു എന്നൊന്നും നോക്കാതെ കണ്ടതും കേട്ടതും പറഞ്ഞതും പറയപ്പെട്ടതും ഉദ്ധരിക്കപ്പെട്ടതുമെല്ലാം ന്യായാന്യായങ്ങള്‍ നോക്കാതെ വിഴുങ്ങിക്കോള്ളണം, നമ്മള്‍ പറഞ്ഞതിലാണ് കാര്യം, പിന്നെന്ത് ക്വുര്‍ആനും സുന്നത്തും എന്നൊരു സ്വരം മുസ്‌ലിങ്ങള്‍ക്കിടയില്‍ കേള്‍ക്കേണ്ടി വന്നത് പുരോഹിത വര്‍ഗ്ഗത്തിലൂടെയാണ്. ഇതാണ് ഇസ്‌ലാമിന്റെ പേരില്‍ പുതുതായി ഉണ്ടാക്കപ്പെട്ട എല്ലാ വിഷയങ്ങളുടെയും സ്ഥിതി. ഇതു തന്നെയാണ് നഹ്‌സ് നോക്കല്‍ വിശ്വാസപരമാണ് എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതിലേയും പ്രശ്‌നം. അത് വ്യക്തമാകും ഇന്‍ശാ അല്ലാഹ്.

ഒരു വലിയ നുണ തുടക്കത്തില്‍ കാച്ചിക്കൊണ്ടാണ് ഖുറാഫീ പുരോഹിതന്‍ തന്റെ ലേഖന പരമ്പര തുടങ്ങുന്നത്. അതിങ്ങനെയാണ്: ”പുരാതന കാലം മുത്‌ല മുസ്‌ലിങ്ങള്‍ നിരാക്ഷേപം പരിഗണിച്ചു വരുന്ന സമ്പ്രദായമാണ് നഹ്‌സ് നോക്കല്‍.” (സുന്നി അഫ്കാര്‍ 2014 ഫെബ്രുവരി19 പേജ് 10). ഇത് ഒരു വ്യാപകമായ തെറ്റിദ്ധരിപ്പിക്കല്‍ കൂടിയാണ്. എന്തെന്നാല്‍, മുസ്‌ലിങ്ങളെ മൊത്തത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പരാമര്‍ശം. ഇത് ഏത് വിഷയത്തിലും പുരോഹിതന്മാര്‍ സ്വീകരിക്കുന്ന ശൈലിയാണ്. തങ്ങളുടെ കൂടെ അനുയായികളെ പിടിച്ച് നിര്‍ത്താന്‍ ഈ നുണ പ്രയോഗമല്ലാതെ വേറെ വഴിയില്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം ഇത്തരത്തിലുള്ള നുണകള്‍. എന്തിനായിരുന്നാലും ശരി, ഇസ്‌ലാം ഉള്‍കൊണ്ട് കഴിഞ്ഞുപോയ ഒരു മുസ്‌ലിമും നഹ്‌സിനെ വിശ്വാസപരമായോ ഇസ്‌ലാമാമികമായോ കണ്ടിട്ടില്ലെന്ന് വ്യക്തം. ഇനി ഈ കളവിനെ പൊലിപ്പിക്കാന്‍ എന്താണ് തെളിവ്? സ്ഥിരം പല്ലവി തന്നെ. എമ്പാടും ദുര്‍ന്യായങ്ങളും ദുര്‍വ്യാഖ്യാനങ്ങളും കളവുകളും. അത് വഴിയെ സൂചിപ്പിക്കാം.

ഇസ്‌ലാമില്‍ നഹ്‌സോ?
‘നഹസ്’ എന്ന പദത്തിന്റെ പൊരുള്‍ ലക്ഷണം, കണി, രാശി എന്നൊക്കെയാണ്. ഇതില്‍ നിന്നുതന്നെ ബോധ്യമാവുന്നു ഇത് ഇസ്‌ലാമികമല്ല മറിച്ച്, മറ്റു മതസ്തരുമായി ബന്ധപ്പെട്ടതാണെന്ന്. എന്നിട്ടാണ് അതില്‍ വിശ്വാസപരമായത് ഉണ്ടോ എന്ന് കണ്ടെത്താന്‍ പുരോഹിതന്മാര്‍ കിണഞ്ഞ് ശ്രമിക്കുന്നത്. യഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏതൊരു കാര്യം ചെയ്യുന്നതിലും റബ്ബില്‍ തവക്കുലാക്കുക, എന്നിട്ട് പ്രവര്‍ത്തിക്കുക എന്നല്ലാതെ ഈ സമയം ശരിയല്ല, ഈ ദിവസം അത്ര പോര, ഇന്നതിനെ കണി കണ്ടു, അതാണ് ഇങ്ങനെയാകുന്നത് എന്ന ആക്ഷേപത്തിന്റെ വാക്കുകള്‍ പറഞ്ഞ്, ചെയ്യാനുദ്ദേശിച്ച കാര്യത്തില്‍ നിന്ന് തിരിഞ്ഞു പോകലല്ല അവന്റെ നയം. ഈ രൂപത്തിലുള്ള വിശ്വാസം നമ്മുടെ നാടുകളില്‍ മുസ്‌ലിം സാധാരണക്കാരില്‍ തന്നെ വ്യാപകമായി നിലനില്‍ക്കുന്ന സാഹചര്യം മുന്നിലുണ്ടായിരിക്കെ അതിന് വെള്ളം നല്‍കുന്ന പ്രവണതയാണ് പുരോഹിതന്‍ തന്റെ ലേഖനത്തില്‍ കാണിച്ചത്. ”അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്‍വ്വ നേട്ടകോട്ടങ്ങളുടെയും ഉടമസ്ഥനും, യജമാനനും അല്ലാഹു മാത്രമാണെന്നുമുള്ള വിശ്വാസത്തോടെയാവണം നഹ്‌സ് ദിനങ്ങളെ പരിഗണിക്കേണ്ടത്.” (സുന്നി അഫ്കാര്‍ 2014 ഫെബ്രുവരി 26 പേജ് 20) നഹ്‌സ് ഇസ്‌ലാമികമല്ല എന്ന് പറയേണ്ടതിന് പകരം ശിര്‍ക്കിന്റെ വഴിയിലേക്ക് സാധാരണക്കാരെ വലിച്ച് കൊണ്ട് പോവുക തന്നെ. സത്യത്തില്‍ ഹൈന്ദവരും ജൂതന്മാരും ശിയാക്കളും ഒരുപോലെ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന ഒന്നാണ് നഹ്‌സ് എന്നത്. പുരോഹതിന്‍ അത് തുറന്ന് അംഗീകരിച്ച് കൊണ്ട് തന്നെ അതിനെ വെള്ള പൂശി അതിലേക്ക് ആളുകളെ തിരിക്കുന്നു. ഈ വിഭാഗങ്ങളുടെ വിശ്വാസ മേഖല അവരില്‍ നിന്ന് ഉള്‍ക്കൊണ്ട മറ്റു വിശ്വാസ കര്‍മ്മ മേഖലകള്‍ മുസ്‌ലിങ്ങളില്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുന്നപോലെ തന്നെ ഈ വിഷയത്തിലും പുരോഹിതന്മാര്‍ വ്യഗ്രത കാട്ടിക്കൊണ്ടിരിക്കുന്നു. നബി(സ്വ) നല്‍കിയ താക്കീതല്ലാതെ മറ്റൊന്നും പറയാനില്ല. ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന്:

”നബി(സ്വ) പറഞ്ഞു: ലക്ഷണം നോക്കല്‍ ശിര്‍ക്കാണ്. പ്രവാചകന്‍ ഇത് മൂന്ന് തവണ ആവര്‍ത്തിച്ചു.” (അബുദാവുദ്, തിര്‍മുദി)

അനസ്(റ)വില്‍ നിന്ന്: ”നബി(സ്വ) പറഞ്ഞു. ഒരു അദ്‌വ (പുരാതന അറബികള്‍ വിശ്വസിച്ചിരുന്ന ദുശ്ശകുനം വഴിയുള്ള ഒരു പകര്‍ച്ചവ്യാധി) ഇല്ല. ഒരു ത്വീറ ദുശ്ശകുനവുമില്ല. എന്നാല്‍ ഫഅ്ല്‍ (അല്ലാഹുവിനെ കുറിച്ചുള്ള നല്ല ചിന്ത) ഞാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു. എന്താണ് ഫഅ്ല്‍? നബി(സ്വ) അരുളി. അത് നല്ല വാക്കുകള്‍ അഥവാ പരമ കാരുണ്യകനായ അല്ലാഹുവിനെക്കുറിച്ചുള്ള നല്ല വാക്കുകളും ചിന്തകളും ആണ്.” (ബുഖാരി, മുസ്‌ലിം).

ഇതെല്ലാം സ്വഹീഹായ തെളിവുകളായതിനാല്‍ പുരോഹിത സഭക്ക് ദഹിക്കില്ലെന്നറിയാം. പക്ഷേ ഇസ്‌ലാമിക വിഷയമായതിനാല്‍ തുറന്ന് പറയാതിരിക്കാന്‍ പറ്റില്ലല്ലോ?

തന്റെ എഴുത്തിലൂടെ പുരോഹിതന്‍ കാര്യമായി ശ്രമിച്ചത് ഇന്നയിന്ന ദിവസങ്ങള്‍ക്ക് നഹ്‌സ് ഉണ്ടെന്ന് വിശ്വസിപ്പിക്കാനാണ്. തെളിവെന്താണെന്ന് നോക്കിയപ്പോള്‍ കണ്ടത് അഡ്രസ്സില്ലാത്ത കാലകീലകള്‍ മാത്രം. എന്നാല്‍ ഇസ്‌ലാം പഠിപ്പിച്ചതു പ്രകാരം, കാലത്തെ പഴിക്കാനും കുറ്റപ്പെടുത്താനും പാടില്ല.

അബുഹുറൈ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു. അല്ലാഹു പറഞ്ഞിരിക്കുന്നു. ആദമിന്റെ സന്തതികള്‍ എന്നെ ഉപദ്രവിക്കുന്നു. (കാരണം) അവര്‍ കാലത്തെ ചീത്ത പറയുന്നു. എന്നാല്‍ എന്റെ കയ്യിലാണ് കാര്യങ്ങളെല്ലാമുള്ളത്. രാപ്പകലുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നത് ഞാനാണ്.” (ബുഖാരി, മുസ്‌ലിം)

ദീനില്‍ ശകുനം ഉണ്ടാക്കാന്‍ ഓടുന്നതിനിടയില്‍ ഈ ഹദീസ് കണ്ടാലും അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ താല്‍പര്യമുണ്ടാകില്ല. ഇനി ശാഫീഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നു ഹജറുല്‍ ഹൈതമി നഹ്‌സ് സംബന്ധമായി പറഞ്ഞത് ഇവിടെ പറയേണ്ടിരിക്കുന്നു.

”ഇത് (ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കുമെല്ലാം നഹ്‌സ് കല്‍പ്പിക്കല്‍) തീര്‍ച്ചയായും ജൂതന്മാരുടെ സമ്പ്രദായമാണ്. സ്രഷ്ടാവിലും രക്ഷിതാവിലും ഭരമേല്‍പ്പിക്കുന്ന മുസ്‌ലിങ്ങളുടെ ചര്യയില്‍ പെട്ടതല്ല.” (ഫതാവല്‍ ഹദീസിയ്യ. പേജ്23)

തന്റെ നഹ്‌സ് സമര്‍ത്ഥനത്തിനിടയില്‍ ഈ വാചകത്തെയും ന്യായീകരിക്കാന്‍ പുരോഹിതന്‍ തുനിഞ്ഞത് കാണുക. ”ഈ മറുപടിയില്‍ നഹ്‌സ് നോക്കല്‍ അടിസ്ഥാന രഹിതമാണെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല. മറിച്ച് അത് അന്വേഷിക്കുന്നത് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന മുസ്‌ലിങ്ങളുടെ പ്രവര്‍ത്തിയല്ലെന്നും ജൂതന്മാരുടെ ചര്യയാണെന്നും മറുപടി നല്‍കാനാണ് നിര്‍ദ്ദേശിക്കുന്നത്.” (സുന്നി അഫ്കാര്‍ 2014മാര്‍ച്ച് 5 പേജ് 27)

അറിയാതെയാണെങ്കിലും സത്യം പറഞ്ഞത് കാണുക. നഹ്‌സ് നോക്കല്‍ റബ്ബില്‍ ഭരമേല്‍പ്പിക്കുന്ന മുസ്‌ലിമീന്റെ പ്രവര്‍ത്തിയല്ലെന്നും ജൂതന്മാരുടെ ചര്യയാണെന്നും. ഇതു തന്നെയാണ് പുരോഹിതന്മാരേ ഇതിലെ വിശ്വാസപരമായ അപകടവും.

നഹ്‌സ് പരതുന്നതില്‍ ഇരു സമസ്തയും തുല്യം

സംഘടനാപരമായി ഇരു സമസ്തക്കും വ്യത്യസ്ത വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളും ഉണ്ടെങ്കിലും തങ്ങളുടെ പിഴച്ച ആദര്‍ശം പ്രചരിപ്പിക്കുന്നതില്‍ മാത്സര്യബുദ്ധിയുള്ളവരും തുല്യരുമാണ് ഇരുവിഭാഗങ്ങളും. നഹ്‌സിനെ ന്യായീകരിച്ച് ഇസ്‌ലാമികമാക്കുന്നതിലും അവര്‍ തമ്മില്‍ വേര്‍തിരിവില്ല.
ഏതാനും തെളിവുകള്‍ കാണുക.

1. ”നഹ്‌സ് നോക്കല്‍ : എല്ലാം അറബി മാസങ്ങളില്‍ നിന്നും താഴെ പറയുന്ന ദിവസങ്ങളില്‍ പുതു വസ്ത്രം ധരിക്കുക, വിവാഹം ചെയ്യുക, വൃക്ഷങ്ങള്‍ നടുക, കിണര്‍ കുഴിക്കുക, കെട്ടിടം ഉണ്ടാക്കുക, ഭരണാധികാരിയെ സമീപിക്കുക എന്നീ പ്രധാന കാര്യങ്ങള്‍ സൂക്ഷിക്കേണ്ടതാണ്. 3, 5, 13, 16, 21, 24, 25 ഒടുവിലെ ബുധന്‍.” (മമ്പുറം സ്വലാത്തും സ്വര്‍ഗ്ഗനിധിയും. കോയക്കുട്ടി ബാഖവി അച്ചിപ്ര. പേജ് 27)

2. ”സ്വഫറിലെ അവസാന ബുധന്‍: ഇമാം ദൈറബി(റ) പറയുന്നു: സ്വഫറിലെ അവസാന ബുധന്‍ വര്‍ഷത്തിലെ തന്നെ പ്രയാസം പിടിച്ച ദിനമാകുന്നു. ഒരു വര്‍ഷത്തില്‍ 32,000 വിപത്തുകള്‍ ഇറങ്ങുമത്രേ. അവയെല്ലാം ഇറങ്ങുന്നത് സ്വഫര്‍ മാസത്തിലെ അവസാന ബുധനാഴ്ചയാണ്.” (പുണ്യദിനങ്ങളും ആചാരങ്ങളും. മുനീര്‍ സഅദി കാവനൂര്‍. പേജ്32)

3. ”എല്ലാ മാസവും 13 ദോഷകരവും അധമവുമാണ്.” (നഹ്‌സ്. റിയാസ് ഫൈസി വെള്ളില. പേജ് 27)

4. ”എല്ലാ മാസവും 24 നഹ്‌സാണ്. റമളാന്‍ 24 കടുത്ത നഹ്‌സാണ്.” (നഹ്‌സ്. പേജ് 17)

5. ”എല്ലാ മാസവും 28 അത്ര നല്ലതല്ല. റബീഉല്‍ ആഖിര്‍ 28 പ്രത്യേകം സൂക്ഷിക്കപ്പെടേണ്ടതാണ്.” (നഹ്‌സ്. പേജ് 20)

6. ”എല്ലാ മാസവും അവസാന ബുധന്‍ പ്രത്യേകമായി സഫര്‍ അവസാന ബുധന്‍ നിര്‍ഗുണവും നിര്‍ഭാഗ്യവുമാണ്.” (നഹ്‌സ്. പേജ് 28)

7. ”മുഹറമടക്കം ചില മാസങ്ങളിലും ദിവസങ്ങളിലും നഹ്‌സ് (പരാജയം, ശൂന്യം) ഉള്ളതായി ഹദീസുകളില്‍ കാണാം.” (മുസ്തഫല്‍ ഫൈസി. ചന്ദ്രിക 2013 നവംബര്‍ 26 ബുധന്‍)

8. ”എല്ലാ മാസവും അവസാന ബുധനാഴ്ച നഹ്‌സാണെന്ന് നബി പറഞ്ഞതായുണ്ട്.” (ചന്ദ്രിക 2013 നവംബര്‍ 6 ബുധന്‍ മുസ്തഫല്‍ ഫൈസി)

9. ”ഇത്രയും വിശദീകരിച്ചതില്‍ നിന്നു പുരാതനകാലം മുതല്‍ക്കെ മുസ്‌ലീങ്ങള്‍ നഹ്‌സ് നോക്കുന്നത് 
അടിസ്ഥാനമുള്ളതാണെന്നും ദിവസങ്ങളില്‍ നഹ്‌സ്, സഅ്ദ് എന്നിങ്ങനെ രണ്ടു തരമുണ്ടെന്നും ബോധ്യപ്പെട്ടല്ലോ? അതിനാല്‍ നഹ്‌സ് നോക്കുന്നവരെ എതിര്‍ക്കാവുന്നതല്ല.” (സുന്നി അഫ്കാര്‍ 2014 മാര്‍ച്ച് 5 പേജ് 29)

ഇതൊക്കെ സഹിക്കാം. സ്വലാത്ത് ബിസിനസിലൂടെ കോടികള്‍ കൊയ്ത ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ കീഴിലുള്ള മലപ്പുറം മഅ്ദിന്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ പുറത്തിറക്കുന്ന കലണ്ടറില്‍ വര്‍ഷങ്ങളായി ദുല്‍ഹിജ്ജ 10 നഹ്‌സായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകമുസ്‌ലിമീങ്ങള്‍ക്ക് അല്ലാഹു ആഘോഷ ദിനമായി നിശ്ചയിച്ച ദുല്‍ഹിജ്ജ പത്ത് ഈ ജൂതചാരന്‍മാര്‍ക്ക് മോശപ്പെട്ട ദിനമാണത്രെ. ഈ വര്‍ഷം ഇറങ്ങിയ കലണ്ടറിലും മറിച്ചല്ല കാര്യം. എന്നാല്‍ ഇതേ മഹല്ലില്‍ പെട്ട ഇ കെ വിഭാഗം പുറത്തിറക്കുന്ന കലണ്ടറില്‍ ആ ദിവസം നഹ്‌സല്ല താനും. ഇതെങ്ങനെ സംഭവിക്കുന്നു? ഗ്രൂപ്പും മഹല്ലും സ്ഥാപനങ്ങളും മാറുന്നതിനനുസരിച്ച് ദിവസവും മോശവും നല്ലതുമായി മാറി മറിയുമോ? ദുല്‍ഹിജ്ജ 10 ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി എന്ന പുരോഹിതന് മോശപ്പെട്ട ദിനമാണെങ്കില്‍ കാന്തപുരത്തിന്റെ മര്‍ക്കസിലെ കലണ്ടറിനും ഒതുക്കുങ്ങലിലെ അഹ്‌സനിമാരുടെ കലണ്ടറിനും ഇത് നല്ല ദിനമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കലണ്ടര്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അല്‍ ഇസ്വ്‌ലാഹിലെ അമീര്‍ ഒതുക്കുങ്ങലും മറ്റൊരു സുഹൃത്തും ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാന്‍ സ്വലാത്ത് നഗറിലുള്ള അവരുടെ സ്ഥാപനത്തില്‍ പോയിരുന്നു. എന്നാല്‍, അവിടെ ചെന്നപ്പോള്‍ കിട്ടിയ വിവരം, മഅ്ദിനിലെ ഉസ്താദായ ലക്ഷദ്വീപ് അഗത്തി സ്വദേശിയായ ഒരാളാണ് ഈ കലണ്ടര്‍ തയ്യാര്‍ ചെയ്തതെന്നും അദ്ദേഹത്തോട് സംസാരിക്കാനുമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ റൂമിലെത്തിയപ്പോള്‍ അയാള്‍ സംസാരിക്കാന്‍ പോലും തയ്യാറാകാതെ ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്.

നഹ്‌സിനെ ന്യായീകരിക്കുന്ന ഇരു വിഭാഗം സമസ്തക്കാരുടെ ഉദ്ധരണികളാണ് മുകളില്‍ കൊടുത്തത്. ഇത് വായിക്കുന്നതിലൂടെ ബോദ്ധ്യമാകും ഇരുവിഭാഗവും നഹ്‌സില്‍ ഒന്നിക്കുന്നുവെന്ന്. എന്നാല്‍ ഈ അനിസ്‌ലാമികത നിറഞ്ഞ വരികള്‍ കാണുന്ന ഏതൊരാളും വളരെ ഗൗരവത്തോടെ ആലോചിക്കേണ്ട ഏതാനും വസ്തുതകള്‍ ഉണ്ട്. 12 മാസങ്ങള്‍ തീരുമാനിച്ചത് അല്ലാഹുവാണ്. അതില്‍ നിന്ന് 4 മാസങ്ങള്‍ക്ക് (മുഹ്‌റം, റജബ്, ദുല്‍ഖഅ്ദ്, ദുല്‍ഹിജ) പവിത്രതയുണ്ടെന്ന് പറഞ്ഞതും അല്ലാഹുവാണ്. അതില്‍ തന്നെ ആഴ്ചകളും ദിവസങ്ങളും മണിക്കൂറുകളും വ്യവസ്ഥപ്പെടുത്തിയതും അവനാണ്. ഇതൊന്നും ഗൗനിക്കാതെ അല്ലാഹു പഠിപ്പിക്കാത്തതും അറിയിക്കാത്തതുമായ നഹ്‌സ് നോക്കല്‍ എന്ന അന്ധവിശ്വാസത്തെ ഇസ്‌ലാമില്‍ തിരുകി കയറ്റാന്‍ തത്ത്രപ്പെടുന്നത് എത്രമാത്രം ഗുരുതരമാണെന്ന് ആലോചിക്കുക. തീര്‍ച്ചയായും ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളായ ജൂതന്‍മാരുടെ തലച്ചോറില്‍ നിന്നാണ് ഈ സമ്പ്രദായം വന്നത് എന്ന് വ്യക്തം.

എമ്പാടും ദുര്‍ന്യായങ്ങള്‍
എമ്പാടും ദുര്‍ന്യായങ്ങള്‍ എന്ന് പറയാന്‍ കാരണം, നഹ്‌സിന് വിശ്വാസതലമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹദീസുകളോട് പുരോഹിതര്‍ കാണിച്ച പരാക്രമം കൊണ്ടാണ്. സ്വഹീഹായ ഒരുപാട് ഹദീസുകള്‍ അദ്ദേഹം നിരത്തി അവയെ തന്റെ കളവിന് തെളിവാക്കാന്‍ വേണ്ടി അദ്ദേഹം തന്നെ വിശദീകരിക്കുന്ന ദുരവസ്ഥ. അവയൊന്നും തെളിവു നല്‍കുന്നതല്ലെന്ന് സൂചനയിലൂടെ തന്നെ ബോധ്യമാവും.

1. വെള്ളിയാഴ്ചയുടെ മഹത്വം പറഞ്ഞ മുസ്‌ലിം ഉദ്ധരിച്ച ഹദീസ്.

2. നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടുത്തെ പള്ളികളാണെന്ന് പറഞ്ഞ ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസ്.

3. മസ്ജിദുല്‍ ഹറം, മസ്ജിദു നബവി, മസ്ജിദുല്‍ അക്വ്‌സ എന്നിവയിലുള്ള നമസ്‌കാരത്തിന്റെ പുണ്യം പറഞ്ഞ ഇമാം അഹ്മദ് ഉദ്ധരിച്ച ഹദീസ്.

4. പ്രഭാതത്തിലെ ബറകത്ത് പഠിപ്പിക്കുന്ന ഇമാം അബുദാവൂദ് ഉദ്ധരിച്ച ഹദീസ്.

5. കൊമ്പു വെക്കല്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഇമാം അബുദാവൂദ് ഉദ്ധരിച്ച ഹദീസ്.

6. നബി(സ്വ) നല്ലതിന്റെ വിവക്ഷ എന്താണെന്നു പറഞ്ഞ ഇമാം ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഹദീസ്.

ഈ നബിവചനങ്ങള്‍ ആര്‍ക്കും അറിയാത്തവയൊന്നുമല്ല. ഇതിന്റെ യഥാര്‍ത്ഥ പൊരുള്‍ മൂടി വെച്ച് നഹ്‌സ് എന്ന അവിശ്വാസത്തിന് തെളിവാക്കാന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. ഈ ഹദീസുകള്‍ കൊണ്ടെങ്ങനെ അനിസ്‌ലാമിക നഹ്‌സ് സ്ഥിരീകരിക്കാന്‍ കഴിയും? നബി(സ്വ) പറഞ്ഞോ? സ്വഹാബത്ത് മനസ്സിലാക്കിയോ? ഈ ഹദീസുകള്‍ ഉദ്ധരിച്ച അഹ്‌ലുസ്സുന്നയുടെ ഒരു മുഹദ്ദിസ് രേഖപ്പെടുത്തിയോ? ഇല്ലെന്ന് വ്യക്തം.

ആയത്തുകള്‍ക്ക് നേരെയും കൈയ്യേറ്റം

ഹദീസുകള്‍ നിരത്തി ദുര്‍ന്യായങ്ങള്‍ പറഞ്ഞത് പോരാഞ്ഞിട്ടാവാം ആയത്തുകളെ തന്നെ ദുര്‍വ്യാഖ്യാനിക്കുന്ന സ്ഥിരം തൊഴില്‍ ഇവിടെയും ആവര്‍ത്തിച്ചത്.

1. ”അല്ലാഹു പറയുന്നു. അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു.” (41:16).

2. ”അല്ലാഹു പറയുന്നു. വിട്ടു മാറാത്ത ദുശ്ശകുനത്തിന്റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ നേര്‍ക്ക് അയക്കുക തന്നെ ചെയ്തു.” (54:19)

ഈ രണ്ട് ആയത്തുകളും ആദ് ഗോത്രത്തിന് അല്ലാഹു നല്‍കിയ ശിക്ഷയെ കുറിക്കുന്നതാണ്. ധിക്കാരികളായ ആ വിഭാഗത്തിന് നല്‍കിയ ശിക്ഷയില്‍ നിന്ന് ഗുണപാഠം ഉള്‍ക്കൊള്ളുക എന്നതാണ് വിശ്വാസിയുടെ കടമ. അതാണ് അഹ്‌ലുസ്സുന്നയുടെ മുഫസ്സിറുകള്‍ നല്‍കിയ വ്യാഖ്യാനവും. നഹ്‌സ് എന്ന പദം കണ്ടപ്പോഴേക്ക് അതില്‍ ചാടിപ്പിടിച്ച് അതിനെ വിശ്വാസവല്‍ക്കരിക്കാന്‍ ശ്രമിച്ചത് സംസ്‌കാരമുള്ളവന്‍ ചെയ്യേണ്ട പണിയായിരുന്നില്ല. പുരോഹിതന്‍ നഹ്‌സ് പരിഗണിക്കുന്നതിന്റെ നിമിത്തങ്ങള്‍ പറഞ്ഞത് ഇപ്രകാരമാണ്. ”ചില ദിനങ്ങളില്‍ മുന്‍കാലത്ത് സംഭവിച്ച ചരിത്രങ്ങളും കോട്ടങ്ങളും ഓര്‍ത്ത് ആശങ്കപ്പെട്ടു കൊണ്ടാണ് നഹ്‌സ് പരിഗണിക്കുന്നത്. ഇത് അനുവദനീയമാണ്.” (സുന്നി അഫ്കാര്‍ 26 ഫെബ്രുവരി 2014 പേജ് 20)

ഇസ്‌ലാമിനില്ലാത്ത ഒരാശങ്ക പുരോഹിത വര്‍ഗ്ഗം വെറുതെ ഉണ്ടാക്കിയതാണ് ഈ അനിസ്‌ലാമികതക്ക് കൂട്ടു നില്‍ക്കേണ്ടി വന്നതിലെ രഹസ്യം.

ശിര്‍ക്കും ശിര്‍ക്കിന്റെ വഴികളും വ്യാപിപ്പിക്കുന്നു.

സമസ്ത എന്നാല്‍ മതവാണിഭം ചുമലിലേറ്റി നടക്കുന്ന ഒരു ടീമാണെന്ന് പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. തബറുക്കിന്റെ മറവില്‍ കള്ളമുടിയും പൊടിയും പാത്രവും സ്വലാത്തിന്റെ മറവില്‍ വ്യക്തി കേന്ദ്രീകൃത സ്വലാത്തുകളും സിയാറത്തിന്റെ മറവില്‍ ഉയര്‍ത്തപ്പെട്ട ജാറങ്ങളും ഇസ്‌ലാമിക മന്ത്രത്തിന്റെ മറവില്‍ അനിസ്‌ലാമിക മന്ത്രവാദ-നൂലാമാലകളും അവയില്‍ ചിലത് മാത്രം. ഇതിലൂടെ ലാഭം കൊയ്ത് പോക്കറ്റ് വീര്‍പ്പിക്കലും ഉദരപൂര്‍ത്തീകരണവും മാത്രമല്ല നടക്കുന്നത്. ഏറ്റവും വലിയ അക്രമമായ ശിര്‍ക്കും അതിന്റെ വഴികളും സമൂഹത്തില്‍ വ്യാപിപ്പിക്കുക കൂടി ചെയ്യുന്നു. നഹ്‌സ് പരതല്‍ പണി കൊണ്ടും ഇത് സമൂഹത്തില്‍ ആളി കത്തിക്കുക എന്നല്ലാതെ മറ്റൊന്നും നേടാനായിട്ടില്ല. ആ കൃത്യനിര്‍വ്വഹണം പുരോഹിതന്‍ തന്റെ ലേഖനത്തില്‍ വെടിപ്പായി തന്നെ നിര്‍വ്വഹിച്ചത് കാണുക.

1 . ”ഇന്നാലിന്ന നക്ഷത്രം നിമിത്തമായി മഴ വര്‍ഷിക്കപ്പെട്ടുവെന്ന് ഒരു സത്യവിശ്വാസി പറഞ്ഞാല്‍ അത് ഹറാമോ കറാഹത്തോ അല്ല.” (ശര്‍വാനി 3/32 സുന്നി അഫ്കാര്‍ 2014 മാര്‍ച്ച് 05 പേജ് 28)

്എന്നാല്‍ നബി(സ്വ) പറഞ്ഞത് കാണുക. സെയ്ദ് ബിനു ഖാലിദ്(റ)വില്‍ നിന്ന്: ”മഴ പെയ്ത ഒരു രാത്രിയുടെ അടുത്ത ദിവസം ഹുദൈബിയ്യയില്‍ വെച്ച് ഞങ്ങള്‍ നബി(സ്വ)യുടെ കൂടെ സുബ്ഹ് നമസ്‌കരിച്ചു. നിസ്‌കാരത്തിന് ശേഷം നബി(സ്വ) ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ചോദിച്ചു. നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു. അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതല്‍ അറിയുക. നബി(സ്വ) പറഞ്ഞു. അല്ലാഹു പറഞ്ഞിട്ടുണ്ട്, എന്റെ അടിമകളില്‍ രണ്ട് വിഭാഗം ആള്‍ക്കാരുണ്ട്. എന്നില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ടാണ് മഴ ലഭിച്ചത് എന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിക്കുന്നവരും നക്ഷത്രങ്ങളില്‍ വിശ്വസിക്കാത്തവരുമാണ്. ഇന്ന ഞാറ്റുവേല നിമിത്തമാണ് മഴ ലഭിച്ചതെന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിക്കാത്തവരും നക്ഷത്രങ്ങളില്‍ വിശ്വസിക്കുന്നവരുമാണ്.” (ബുഖാരി, മുസ്‌ലിം)

ഓര്‍ക്കുക. നബി(സ്വ) പഠിപ്പിച്ച ഈ വിശ്വാസമാണോ നമുക്ക് വേണ്ടത് അതല്ല അല്ലാഹുവിന്റെ സൃഷ്ടികളെ അവലംബിക്കലാണോ?

2. ”വ്യക്തിയുടെ ലക്ഷണം വിലയിരുത്തി കാര്യങ്ങള്‍ പ്രവചിക്കാനുള്ള കഴിവ് അദ്ധ്യാത്മിക സിദ്ധികള്‍ വഴി ഉന്നതരായ സത്യവിശ്വാസികള്‍ക്കുണ്ടാകാറുണ്ട്.” (സുന്നി അഫ്കാര്‍ 2014 മാര്‍ച്ച് 12 പേജ് 25)

അല്ലാഹുവിന്റെ കഴിവില്‍ വിശ്വസിക്കുക എന്നതില്‍ പോലും ശിര്‍ക്ക് കലര്‍ത്തി നഹ്‌സിനോട് കാണിക്കുന്ന ഈ പ്രേമം അപാരം തന്നെ. നബി(സ്വ) പറഞ്ഞ രണ്ട് ഹദീസുകള്‍ ഓര്‍മിപ്പിക്കട്ടെ. സഫിയ്യ ബിന്‍ത് അബു ഉബൈദ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു:

”ആരെങ്കിലും ജ്യോത്സ്യന്റെ അടുത്ത് ചെന്ന് എന്തെങ്കിലും ചോദിക്കുകയും ജ്യോത്സ്യന്‍ പറഞ്ഞത് സ്വീകരിക്കുകയും ചെയ്താല്‍ 40 ദിവസത്തെ അവന്റെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല.” (മുസ്‌ലിം) അബ്ദുല്ലാഹിബിനു അബ്ബാസ്(റ)വില്‍ നിന്ന്: ”നബി(സ്വ) പറഞ്ഞു: ആരെങ്കിലും രാശി നോക്കുന്ന വിദ്യ അഭ്യസിച്ചാല്‍ ആഭിചാരത്തില്‍പ്പെട്ട ഒരിനം അവന്‍ അഭ്യസിച്ചു. അത് കൂടുംതോറും ആഭിചാരവും കൂടും.” (അബൂദാവൂദ്)

വിശ്വാസികളേ തിരിച്ചറിയുക. ഇതാണ് യഥാര്‍ത്ഥ ഇസ്‌ലാം. ഇതായിരിക്കട്ടെ നമ്മുടെ വിശ്വാസബലം.

ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ-ആചാര കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലൂടെ ഏതൊരാള്‍ക്കും ലഭിക്കുന്നത് സന്മാര്‍ഗ്ഗവും സൗഭാഗ്യവുമാണ്. എന്നാല്‍, ഖുറാഫീ പുരോഹിതന്‍മാര്‍ സമൂഹത്തിന് നല്‍കുന്ന വിശ്വാസ-ആചാര കര്‍മ്മങ്ങള്‍ ആത്യന്തികമായി മനുഷ്യന് സമ്മാനിക്കുന്നത് ദുര്‍മാര്‍ഗ്ഗവും നരകവുമാണ്. ഇത്തരം വിശ്വാസ-ആചാരങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന പുരോഹിത വര്‍ഗ്ഗത്തിന് അതുമൂലം ഈ ദുനിയാവില്‍ സുഖസൗകര്യങ്ങള്‍ എമ്പാടും ലഭിച്ചേക്കാം. പക്ഷെ അതിനു വേണ്ടി സാധാരണക്കാര്‍ അവരുടെ പരലോകം ബലി കഴിക്കണോ? അറിയുക ഇസ്‌ലാമെന്നാല്‍ സമാധാനം നല്‍കലാണ്. ശകുനം നോക്കലല്ല. നാഥന്‍ തുണക്കട്ടെ. ആമീന്‍.

No comments :

Post a Comment

Note: Only a member of this blog may post a comment.