Monday, June 30, 2014

തൗഹീദ് : ഇസ്‌ലാമിന്റെ ആടിയുലയാത്ത അടിത്തറ



https://youtu.be/EWddKjfwZds

ഒരു മനുഷ്യന്‍ പ്രധാനമായും വിശ്വസിക്കുകയും അംഗീകരിക്കുകയും പ്രവര്‍ത്തന രംഗത്ത് കൊണ്ടു വരേണ്ടതുമായ മഹത്തായ ഒന്നാണ് തൗഹീദ്. തൗഹീദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്രഷ്ടാവായ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടത് അവന് മാത്രം നല്‍കി അവനെ ഏകനാക്കുക എന്നതാണ്. തൗഹീദ് ഉള്‍കൊണ്ടവന്‍ പ്രഖ്യാപിക്കുന്നത് ലാ ഇലാഹ ഇല്ലല്ലാഹു അഥവാ ആരാധിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണെന്നതാണ്. ഒരു ലക്ഷത്തിലധികം അമ്പിയാഅ് ജനങ്ങളോടുള്ള ഗുണകാംക്ഷയില്‍ ഒന്നാം സ്ഥാനം നല്‍കിയതും, ശാശ്വതനായി ഒരാള്‍ സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോയെന്ന് തീരുമാനിക്കുന്നതും, നബി(സ്വ)യുടെ ശഫാഅത്തിന് അര്‍ഹനാകുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നതും, പ്രവാചകന്മാരുടെ വാക്കുകളില്‍ ഏറ്റവും ശ്രേഷ്ഠമായതും, വിശുദ്ധ ക്വുര്‍ആന്‍ ഏറ്റവും കൂടുതല്‍ വിശദീകരിച്ചതും….ഇങ്ങനെ എണ്ണിയാല്‍ അനേകം മഹത്വവും പ്രാധാന്യവും അര്‍ഹിക്കുന്ന

ഇസ്‌ലാമിന്റെ അടിത്തറയാണ് തൗഹീദ്.

പ്രാര്‍ത്ഥനക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന് പറയുമ്പോള്‍ എന്താണ് പ്രാര്‍ത്ഥനയെന്നത് മനസ്സിലാക്കണം. നബി(സ്വ)യുടെ വചനത്തില്‍ നിന്ന് അതു സുതരാം വ്യക്തമാകും. അതിപ്രകാരമാണ്: ”പ്രാര്‍ത്ഥന അതുതന്നെയാണ് ആരാധന.” അഥവാ, ഏതൊരു കാര്യം ആരാധനയാകുന്നുവോ അതില്‍ പ്രാര്‍ത്ഥനയുണ്ടാകണമെന്നു സാരം. ഒന്നുകൂടെ ലളിതമാക്കിയാല്‍, പ്രാര്‍ത്ഥനയില്ലാത്തതൊന്നും ആരാധനയല്ല. കാര്യകാരണ ബന്ധത്തിനപ്പുറത്തു കൂടി അങ്ങേയറ്റം താഴ്മയോടെയും വിനയത്തോടെയും നടത്തുന്ന സഹായ ചോദ്യം പ്രാര്‍ത്ഥനയാണ്. അതിനാല്‍ ഇപ്രകാരമുള്ള സഹായതേട്ടം അല്ലാഹുവിനു മാത്രമേ നല്‍കാവൂ. വിശുദ്ധ ക്വുര്‍ആനില്‍ തല്‍വിഷയകമായി വന്നിട്ടുള്ള ചില ആയത്തുകള്‍ നമുക്കത് വ്യക്തമാക്കിത്തരുന്നുണ്ട്. ”നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.” (ഫാതിഹ) ആരാധനയും അതില്‍ തന്നെ വിശിഷ്യാ പിഴവിന് കാരണമാകുന്ന സഹായതേട്ടവും അല്ലാഹുവിനു മാത്രമേ നല്‍കാവൂ എന്ന് ഈ വചനം വ്യക്തമാക്കുന്നു. പ്രാര്‍ത്ഥന അല്ലാഹുവിനോടേ പാടുള്ളൂ എന്ന് ജനങ്ങളെ പഠിപ്പിക്കാന്‍ വന്നവരാണല്ലോ നബിമാര്‍(അ). പ്രവാചകനോട് അല്ലാഹു പറയാന്‍ കല്‍പിക്കുന്നത് ക്വുര്‍ആനില്‍ ഇപ്രകാരം കാണാം: ”(നബിയെ) പറയുക: ഞാന്‍ എന്റെ റബ്ബിനോട് മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.” (സൂറത്തുല്‍ ജിന്ന്/20)

നാം മാതൃകയായി സ്വീകരിക്കേണ്ട റസൂല്‍(സ്വ) അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കാനും, അത് അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കില്ലെന്നും, പ്രാര്‍ത്ഥന അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കല്‍ ശിര്‍ക്കാണെന്നും ഈ പ്രഖ്യാപനത്തിലൂടെ നമുക്ക് വ്യക്തമാക്കിത്തന്നു. പ്രാര്‍ത്ഥനയാകുന്ന സഹായ ചോദ്യവും തഥൈവ. അപ്പോള്‍ നബി(സ്വ) സ്വഹാബികളോടും അല്ല, ഒരു ഘട്ടത്തില്‍ ജൂതന്റെ സഹായം വരെ ആവശ്യപ്പെട്ടു. അത് ആരാധനയല്ല. പ്രാര്‍ത്ഥന അല്ലാഹുവിനേ നല്‍കൂ എന്ന് പ്രഖ്യാപിച്ച അവിടുന്ന് ഒരിക്കലും അതിന് എതിര് ചെയ്യില്ല, ചെയ്തിട്ടില്ല, ചെയ്യാന്‍ പഠിപ്പിച്ചിട്ടുമില്ല. അതിനാല്‍ നബി(സ്വ) സഹായം ചോദിച്ചതില്‍ രണ്ട് തരമുണ്ട്. ഇബാദത്തായതും ഇബാദതല്ലാത്തതും. ഇബാദതല്ലാത്ത സഹായ ചോദ്യം മാത്രമെ റസൂല്‍(സ്വ) ഏതൊരു സൃഷ്ടിയോടും നടത്തിയിട്ടുള്ളൂ എന്നും ഇബാദത്താകുന്ന സഹായചോദ്യം ലോക രക്ഷിതാവായ റബ്ബിനോട് മാത്രമേ നടത്തിയിട്ടുള്ളൂ എന്നും നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നതാണ്. ഇനിയും പ്രാര്‍ത്ഥനയെ കുറിച്ച് ക്വുര്‍ആന്‍ പ്രതിപാദിക്കുന്നത് കാണുക: ”അവനോടുള്ളത് മാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവനു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടിക്കൊടുക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.” (റഅദ് /14) പ്രാര്‍ത്ഥന അവനു മാത്രമേ പാടുള്ളൂവെന്നും, പ്രാര്‍ത്ഥനക്കുത്തരം ചെയ്യാന്‍ അവനു മാത്രമേ സാധിക്കൂവെന്നും, അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നവര്‍ ചെയ്യുന്നത് പരമവിഡ്ഢിത്തമാണെന്നും, അത്തരക്കാര്‍ വലിയ നഷ്ടത്തിലാണെന്നും ഈ സൂക്തം നമ്മെ ബോധ്യപ്പെടുത്തുന്നു.

മനുഷ്യന്‍ എന്തിനാണ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത് എന്ന ചോദ്യമുണ്ട്. അതിന് ഉത്തരമിതാണ്. മനുഷ്യന്‍ ദുര്‍ബലനാണ്. ഒരു ഉദാഹരണം സൂചിപ്പിക്കാം. നമുക്ക് വല്ലതും എഴുതണമെങ്കില്‍ ഒരു കടലാസോ പേനയോ അറിവോ കഴിവോ അവന് ഉണ്ടെങ്കില്‍ പോലും അവന്‍ എഴുതുന്ന സമയത്ത് എഴുതുന്ന വിഷയത്തെ കുറിച്ചുള്ള അറിവും അത് പേപ്പറില്‍ പകര്‍ത്തുന്നതിനുള്ള കഴിവും പൂര്‍ണ്ണമായി ഇല്ലാതാകാം. തല്‍സമയം അവന്‍ റബ്ബിനോട് ചോദിക്കും. കാരണം, അല്ലാഹു മാത്രമാണ് അതിന് കഴിയുന്നതെന്ന തിരിച്ചറിവാണ് അവനെ അതിന് പ്രേരിപ്പിക്കുന്നത്. എഴുത്ത് എന്നത് നാം വളരെ നിസ്സാരമായി കാണുന്ന ഒരു പ്രവര്‍ത്തനമാണല്ലോ. അതില്‍ പോലും മനുഷ്യന്റെ ദുര്‍ബലത നമുക്ക് കാണാവുന്നതാണ്. ഈ ദുര്‍ബലതയാണ് മനുഷ്യനെ നാഥനിലേക്ക് അടുപ്പിക്കുന്നതില്‍ എത്തിക്കുന്ന പ്രധാന ഘടകം. ആര്‍ക്കെതിരിലും കയര്‍ക്കുന്ന അഹങ്കാരിയെ നോക്കുക. രാവിലത്തെ ദിനപത്രത്തില്‍ ഒരു വാര്‍ത്ത! അടുത്ത പ്രദേശത്ത് ഒരു ഭൂകമ്പം. അവന്‍ ഇരു കരങ്ങളും മലര്‍ത്തുന്നു. എന്ത് കൊണ്ട്? തനിക്കോ മറ്റു സൃഷ്ടികള്‍ക്കോ അതിനെ തടയാന്‍ കഴിയില്ല എന്ന തിരിച്ചറിവു തന്നെയാണ് ഇവിടെയും റബ്ബിലേക്ക് കൈ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ മനസ്സിലുണ്ടാകുന്ന ദൈവ സ്മരണയും, സൃഷ്ടികള്‍ക്കാര്‍ക്കും അളക്കാനോ വര്‍ണ്ണിക്കാനോ കഴിയാത്ത താഴ്മയും വിനയവും അവനില്‍ കാണാം. ഇതൊക്കെയാണ് അതായത് അങ്ങേയറ്റത്തെ താഴ്മയും വിനയവുമാണ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം. തദവസരത്തില്‍ അല്ലാഹുവിനോടെ മനുഷ്യന്‍ സഹായം ചോദിക്കൂ. കാരണം, അവനാണ് ഇവയുടെയെല്ലാം നിയന്താവ്. അതിനാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ അല്ലാഹുവിനു പുറമെ മറ്റുള്ള മനുഷ്യന്‍, മലക്ക്, ജിന്ന്, വൃക്ഷം, സൂര്യന്‍, ചന്ദ്രന്‍… തുടങ്ങി ഏത് സൃഷ്ടിയോടാണെങ്കിലും പ്രാര്‍ത്ഥിച്ചാല്‍ അത് വിശുദ്ധ ക്വുര്‍ആന്‍ സ്പഷ്ടമാക്കിയ പ്രകാരം നിഷേധവും വങ്കത്തരവുമാണ്. ഇത് മനുഷ്യപ്രകൃതി അംഗീകരിക്കുന്ന ശുദ്ധ സത്യവുമാണ്. ചുരുക്കത്തില്‍ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുകയോ, അങ്ങേയറ്റത്തെ താഴ്മയോടെയും വിനയത്തോടെയും സഹായം തേടുകയോ ചെയ്യുന്നവന്‍ സത്യനിഷേധിയും ബഹുദൈവ വിശ്വാസിയുമായി. ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന തൗഹീദ് (ഏക ദൈവ വിശ്വാസം). കാരണം, അത്തരക്കാര്‍ ലോകരക്ഷിതാവിന്റെ അധികാരത്തില്‍ മറ്റുള്ളവരെ പ്രതിഷ്ഠിച്ചു.

എങ്ങനെ ഇത് (പ്രാര്‍ത്ഥന) അല്ലാഹുവിന്റെ മാത്രം അധീനതയില്‍ പെട്ടതായി? സൃഷ്ടികള്‍ക്ക് ഈ ലോകത്ത് കാര്യ കാരണ ബന്ധത്തനപ്പുറത്തുകൂടി ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല. കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറത്തു കൂടി ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. ഇതൊരാള്‍ ഏതെങ്കിലും സൃഷ്ടികള്‍ക്ക് സങ്കല്‍പിച്ചാല്‍ അവന്‍ റബ്ബിന്റെ അധികാരം മറ്റുള്ളവര്‍ക്കും വക വെച്ചു കൊടുത്തു. ഒരു ഉദാഹരണം പറയട്ടെ. മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്ന് രാമന്‍ കൃഷ്ണാ എന്നും ജോസഫ് യേശുവേഎന്നും അബൂബക്കര്‍ മൊയ്തീന്‍ ശൈഖേ എന്നും വിളിക്കുമ്പോള്‍ അവര്‍ കാര്യകാരണ ബന്ധത്തിന് പുറത്താണെന്നും, അവര്‍ രക്ഷപ്പെടുത്തുന്നത് സാധാരണ വിളി കേള്‍ക്കുന്നവര്‍ വന്ന് നീന്തി രക്ഷപ്പെടുത്തുന്നത് പോലെ ഇവരും (കൃഷ്ണന്‍, യേശു, മുഹ്‌യുദ്ദീന്‍ ശയ്ഖ് ) വന്ന് നീന്തി ഇവരെ രക്ഷപ്പെടുത്തും എന്നല്ല. മറിച്ച്, അവര്‍ മറഞ്ഞ വഴിയിലൂടെ അഥവാ അഭൗതിക മാര്‍ഗ്ഗത്തിലൂടെ രക്ഷപ്പെടുത്തുമെന്നാണ്. ഇതേ കപ്പലില്‍ നിന്ന് തന്നെ മുഹമ്മദ് അല്ലാഹുവേ എന്നും വിളിക്കുന്നു. ഇവിടെ മുഹമ്മദ് വിളിക്കുമ്പോഴും അവന്റെ വിശ്വാസം അല്ലാഹു വന്ന് നീന്തി രക്ഷപ്പെടുത്തുമെന്നല്ല. മറിച്ച്, അഭൗതിക മാര്‍ഗ്ഗത്തിലൂടെ അല്ലാഹു തനിക്ക് ഉത്തരം ചെയ്യുമെന്നാണ് മുഹമ്മദ് വിശ്വസിക്കുന്നത് . ഇവിടെ നാല് പേരുടെയും വിശ്വാസം ഒന്നാണ്.

പക്ഷെ, അല്ലാഹുവിന് അര്‍ഹമായത് ആദ്യത്തെ മൂന്ന് പേരും സൃഷ്ടികള്‍ക്ക് നല്‍കിയത് വഴി അവരില്‍ ശിര്‍ക്ക് സംഭവിച്ചു.

ഇസ്‌ലാമിന്റെ അടിത്തറയാണല്ലോ തൗഹീദ്. അഥവാ ലാ ഇലാഹ ഇല്ലല്ലാഹു. ഇതു മനസ്സറിഞ്ഞ് പറയുന്നവനാണ് മുവഹ്ഹിദ്. അഥവാ ഏകദൈവ വിശ്വാസി. എന്നാല്‍ ഇത് ഉരുവിടുന്ന എത്രയോ ഗായകന്മാരെയും എഴുത്തുകാരെയും നമുക്കറിയാം. അവര്‍ ഈ മുവഹ്ഹിദുകളുടെ കൂട്ടത്തില്‍ ഉള്‍പെടില്ല. കാരണം, അത് കേവലം നാവു കൊണ്ടുള്ള ചലനം മാത്രമേ ആകുന്നുള്ളൂ. മനസ്സംഗീകരിച്ച് ഉരുവിടുമ്പോഴേ അവന്‍ മുവഹ്ഹിദായി എന്ന് പറയുകയുള്ളൂ. ആരാധനയാകുന്നത് അവന്റെ മനസ്സിന്റെ ചലനമനുസരിച്ചാണ്. രണ്ട് പേര്‍ ഹജ്ജിന് പോയി. ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നവസരത്തില്‍ ഒരാള്‍, ഈ കല്ല് നബിയും സ്വഹാബത്തും ഇമാമുകളും ചുംബിച്ചതാണ്, അതിനാല്‍ ഈ കല്ല് എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്ന് വിശ്വസിച്ച് ചുംബിക്കുന്നു. രണ്ടാമന്‍ ഇത് നബി(സ്വ) ഹജ്ജിന്റെ രൂപം കാണിച്ചു തന്നപ്പോള്‍ ഈ കല്ല് ചുംബിക്കുന്നതിനെ കുറിച്ച് പറഞ്ഞു തന്നിട്ടുണ്ട് എന്ന് വിശ്വസിച്ചും ചുംബിക്കുന്നു. രണ്ട് പേരും ചെയ്തത് ഇബാദത്താണ്. പക്ഷെ ഒന്നാമന്റേത് കല്ലിനുള്ള ഇബാദത്തും രണ്ടാമന്റേത് അല്ലാഹുവിനുള്ള ഇബാദത്തും. എന്ത് കൊണ്ട്? അവന്‍ കല്ലില്‍ നിന്ന് മറഞ്ഞ മാര്‍ഗ്ഗത്തിലൂടെ ഗുണം പ്രതീക്ഷിച്ചു. അത് അല്ലാഹുവില്‍ നിന്നാണല്ലോ പ്രതീക്ഷിക്കേണ്ടത്. ഇത് കല്ലിന് നല്‍കിയതിനാല്‍ അവന്‍ കല്ലിനെ ആരാധിച്ചു. രണ്ടാമനോ? അവന്‍ നബി(സ്വ)യെ അനുസരിച്ച് ആ കല്ലിനെ ചുംബിച്ചു. അതിലൂടെ അവന്‍ അല്ലാഹുവിന് ഇബാദത്ത് നല്‍കി. ചുരുക്കത്തില്‍ കേവലം ഒരു പ്രവര്‍ത്തനത്തിന്റെ ബാഹ്യാടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതല്ല ഇബാദത്തും ശിര്‍ക്കും. സുജൂദ് ഇബാദത്താണല്ലോ. അത് അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കിയാല്‍ അവനില്‍ പങ്കു ചേര്‍ക്കലായി. ആദം(അ)ന് സുജൂദ് ചെയ്യാന്‍ മലക്കുകളോടും ഇബ്‌ലീസിനോടും അല്ലാഹു കല്‍പിച്ചപ്പോള്‍ മലക്കുകള്‍ സൂജൂദ് ചെയ്തു. അപ്പോള്‍ മലക്കുകള്‍ അല്ലാഹുവല്ലാത്തവരുടെ മുമ്പില്‍ സുജൂദ് ചെയ്തു, മലക്കുകളില്‍ ശിര്‍ക്ക് വന്നു എന്ന് ഒരാളും പറയില്ല. അത് അല്ലാഹുവിനെ അനുസരിക്കലാണ്. അതിനാല്‍ ആ സുജൂദ് അല്ലാഹുവിനുള്ള ഇബാദത്താണ്. പിന്നെ ഇബ്‌ലീസ്(ല) സുജൂദ് ചെയ്യാന്‍ വിസമ്മതിച്ചതോ? സുജൂദ് അല്ലാഹുവിനെ പാടുള്ളൂ, അല്ലാഹു അല്ലാത്തവര്‍ക്ക് അത് നല്‍കിയാല്‍ ശിര്‍ക്കാകും, ആ ശിര്‍ക്കിനെ ഭയപ്പെട്ടത് കൊണ്ടല്ല അവന്‍ പിന്മാറിയത്. ആ സുജൂദ് ആദമിനെ ആരാധിക്കുന്നതിന്റെ ഭാഗമായിരുന്നില്ല. ആദരിക്കുന്നതിന്റെ ഭാഗമായിരുന്നു. അതിനാല്‍ ഇബ്‌ലീസ്(ല) അഹങ്കാരത്തോടെ പിന്മാറി.

തൗഹീദ് എന്നത് എന്നെന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്നതും, പടപ്പുകള്‍ക്കഖിലവും ഒരു പോലെ ബാധകമാകുന്നതുമാണ്. മനുഷ്യനോ മലക്കിനോ ജിന്നിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ മറഞ്ഞ വഴിക്ക് അല്ലാഹുവിനു മാത്രമേ ഉപകാരോപദ്രവം വരുത്താന്‍ കഴിയൂ എന്ന അവന്റെ മാത്രം പ്രത്യേകത, നല്‍കിയാല്‍ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്ക് കലര്‍ന്നു. അതുപോലെ മലക്കോ ജിന്നോ മറ്റേതെങ്കിലും സൃഷ്ടിയോ മനുഷ്യന് അഭൗതിക കഴിവുണ്ടെന്ന് വിശ്വാസിച്ചാല്‍ അവരുടെ വിശ്വാസത്തിലും ശിര്‍ക്ക് സംഭവിച്ചു. കാരണം അഭൗതിക മാര്‍ഗ്ഗത്തിലൂടെ അല്ലാഹുവിനല്ലാതെ ഒന്നും ചെയ്യാനോ കാണാനോ കേള്‍ക്കാനോ അറിയാനോ സാധ്യമല്ല. അങ്ങനെ ഏതെങ്കിലും സൃഷ്ടിക്ക് കഴിയുമെന്ന് വിശ്വസിക്കാന്‍ ഒരാള്‍ക്കും പാടില്ല.

സൃഷ്ടികളോട് പ്രാര്‍ത്ഥിക്കുന്ന ധാരാളം ആളുകളുണ്ട്. പ്രാര്‍ത്ഥനക്കുത്തരം ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. പ്രാര്‍ത്ഥന എന്നത് കാര്യകാരണ ബന്ധത്തിനപ്പുറത്ത് കൂടി അങ്ങേയറ്റം വിനയത്തോടെയും താഴ്മയോടെയും ഉള്ള തേട്ടമാണല്ലൊ. പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുന്നതും അഭൗതിക മാര്‍ഗ്ഗത്തിലൂടെയാണ്. ഒരാള്‍ യാത്രക്ക് ഡ്രൈവറെ വിളിച്ചു, ഡ്രൈവര്‍ വാഹനവുമായി വന്നു. ഇവിടെ ഡ്രൈവറോട് ചോദിച്ചത് പ്രാര്‍ത്ഥനയല്ല; കാരണം കാര്യകാരണ ബന്ധത്തിനതീതമായ ചോദ്യം ഇതിലില്ല. അത്‌പോലെ ഡ്രൈവര്‍ പ്രാര്‍ത്ഥനക്കുത്തരം നല്‍കി എന്ന് ഒരാളും പറയില്ല. കാരണം, ഡ്രൈവര്‍ കാര്യകാരണ ബന്ധത്തിനുള്ളിലുള്ള സഹായമാണ് ചെയ്തത്. പ്രാര്‍ത്ഥനക്കുത്തരം നല്‍കി എന്ന് പറയണമെങ്കില്‍ ചോദിക്കപ്പെടുന്ന വ്യക്തി അല്ലെങ്കില്‍ വസ്തു, അവന്റെ അല്ലെങ്കില്‍ അതിന്റെ പ്രകൃതത്തിനപ്പുറത്ത് കൂടി ചോദിച്ചവന്റെ ആവശ്യം നിറവേറ്റിയെന്ന് അറിയണം. അതിന് ഒരു സൃഷ്ടിക്കും സാധ്യമല്ല. പ്രാര്‍ത്ഥനയെന്നത് കാര്യകാരണ ബന്ധത്തിനപ്പുറത്തു കൂടി അങ്ങേയറ്റം താഴ്മയോടും വിനയത്തോടെയും ചോദിക്കുന്നതാണെന്ന് പറഞ്ഞുവല്ലോ? അതിനാല്‍ അത് അല്ലാഹുവിന് മാത്രമേ കേള്‍ക്കാനും സാധിക്കുകയുള്ളൂ. അതുപോലെ പ്രാര്‍ത്ഥന അത് മനസ്സിന്റെ തേട്ടമാണെന്ന് പറഞ്ഞുവല്ലോ? മനസ്സിലുള്ളത് അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് ക്വുര്‍ആന്‍ ഒന്നിലധികം തവണ വ്യക്തമാക്കിയതാണ്. പ്രാര്‍ത്ഥന അല്ലാഹുവല്ലാത്തവര്‍ കേള്‍ക്കുമെന്ന് വിശ്വസിക്കുന്നതിലൂടെ ചെന്നെത്തുന്നത് മനസ്സിലുള്ളത് അല്ലാഹുവല്ലാത്തവര്‍ അറിയുമെന്ന ശിര്‍ക്കന്‍ വിശ്വാസത്തിലാണ്. ആര് ശിര്‍ക്കന്‍ വിശ്വാസം മനസ്സില്‍ വെച്ച് മരണപ്പെട്ടോ അവന്‍ എന്നെന്നും നരകത്തിലാണ്.

No comments :

Post a Comment

Note: Only a member of this blog may post a comment.