Monday, June 30, 2014

ആദംനബി (അ)യുടെ പശ്ചാത്താപവും മൗലിദ് കിതാബുകളിലെ കള്ളക്കഥകളും

തെറ്റുകള്‍ സംഭവിച്ചാല്‍ ഉടന്‍ തൗബ ചെയ്ത് മടങ്ങണം. അതു അല്ലാഹു  വിശ്വാസികളുടെ ഗുണമായി നമുക്ക് പറഞ്ഞുതന്നിട്ടുമുണ്ട്:
''വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും, തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവക്കു വേണ്ടിയും (സ്വര്‍ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നു). പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?  ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍'' (3:135).
ആദം(അ) അല്ലാഹുവിനോട് നടത്തിയ പശ്ചാത്താപം അല്ലാഹു ക്വുര്‍ആനില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിന്റെ വ്യക്തമായ വചനങ്ങളെ മറച്ചുവെച്ച് ആദം (അ)ന്റെ അല്ലാഹുവോടുള്ള പശ്ചാത്താപത്തിന്റെ പേരിലും കള്ളക്കഥകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. 
'ആദം(അ)ക്ക് തെറ്റ് പറ്റിയപ്പോള്‍ (അതിനുള്ള പരിഹാരത്തിനായി) തല അര്‍ശിലേക്ക് ഉയര്‍ത്തി. എന്നിട്ട് അദ്ദേഹം പറഞ്ഞു: അല്ലാഹുവേ ഞാന്‍ നിന്നോട് മുഹമ്മദ് നബിയുടെ ഹക്ക്വ് കൊണ്ട് ചോദിക്കുന്നു. അപ്പോള്‍ അല്ലാഹു ആദമിനോട് ചോദിച്ചു: ആരാണ് മുഹമ്മദ്? ആദം(അ) പറഞ്ഞു: നീ എന്നെ സൃഷ്ടിച്ചപ്പോള്‍ ഞാന്‍ അര്‍ശിലേക്ക് നോക്കി. അപ്പോള്‍ അതില്‍ ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി എന്ന് എഴുതിയത് കണ്ടു. നിന്റെ പേരിന്റെ കൂടെ അദ്ദേഹത്തിന്റെ പേര് എഴുതണമെങ്കില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും അദ്ദേഹത്തിന്റെ മഹത്ത്വവും എത്രയുണ്ടെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി...'  ഹദീഥ് നിദാന പണ്ഡിതന്മാര്‍ ദുര്‍ബലമെന്ന് വിധിയെഴുതിയിട്ടുള്ള, വിശുദ്ധ ക്വുര്‍ആനിന്റെ വിവരണങ്ങള്‍ക്ക് വിരുദ്ധമായ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പലരും കഥകള്‍ മെനഞ്ഞിരിക്കുന്നത്. ഈ വിഷയത്തില്‍ ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത് എന്താണെന്ന് നാം മുമ്പ് മനസ്സിലാക്കിയല്ലോ.
''അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ(2:37).''  ഈ വചനത്തില്‍ പശ്ചാത്താപത്തിനായി അല്ലാഹുവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചുവെന്നാണ് പറയുന്നത്. ഏതായിരുന്നു ആ വചനങ്ങള്‍ എന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതേ സംഭവം വിശദീകരിക്കുന്ന കൂട്ടത്തില്‍ സൂറത്തുല്‍ അഅ്‌റാഫില്‍ അല്ലാഹു ആ വചനങ്ങള്‍ എന്തായിരുന്നുവെന്ന് നാം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് കാണുക: 
''അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും'' (7:23).  
ഫാത്വിമ മൗലിദ് എന്ന് പറയുന്ന ഒരു ക്ഷുദ്രകൃതിയിലും ശിയാക്കളുടെ കൃതികളിലും തത്തുല്ല്യമായ സംഭവം വിവരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത് മുഹമ്മദ് നബി(സ്വ), ഫാത്വിമ(റ), അലി(റ), ഹസന്‍(റ), ഹുസൈന്‍(റ) തുടങ്ങിയവരുടെ കൂടി ഹക്ക്വ ്ജാഹ് ബറകത്തുകള്‍ കൊണ്ട് ഇടതേടിയെന്നാണ്. അതുപോലെ ആദം(അ) അല്ലാഹുവിനോട് പശ്ചാത്തപിച്ച സമയത്ത് മുഹ്‌യുദ്ദീന്‍ ശൈഖ് ഉണ്ടായിരുന്നുവെന്ന് മറ്റൊരു വാറോല കൃതിയിലും എഴുതിപ്പിടിപ്പിട്ടുണ്ട്. ഇതൊന്നും വിശുദ്ധ ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്ന കാര്യമല്ലെന്ന് നാം മനസ്സിലാക്കണം. പ്രമാണങ്ങളുടെ പന്‍ബലമില്ലാത്ത ഒന്നിനെയും നാം ഒന്നിനും അടിസ്ഥാനപ്പെടുത്തുവാനും പാടില്ല.
െ്രെകസ്തവര്‍ വിശ്വസിക്കുന്നത് യേശുവിലൂടെയാണ് ആദമിന്റെ പാപം പൊറുക്കപ്പെട്ടതെന്നാണ്. ഇത്തരത്തില്‍ യാഥാര്‍ഥ്യങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത വികല വിശ്വാസങ്ങളാണ് അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃയുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചിട്ടുള്ളവര്‍ക്കുള്ളതെന്നതാണ് വാസ്തവം. 
കെട്ടുകഥകള്‍ക്ക് ജനങ്ങള്‍ ചെവികൊടുക്കില്ലെന്ന് മനസ്സിലാക്കിയ പുരോഹിതന്മാര്‍ അതിന് അംഗീകാരം ലഭിക്കുന്നതിന് വേണ്ടി മഹാന്മാരായ ഇമാമുകളുടെ മേല്‍ അവ കെട്ടിവെക്കുകയാണ് ചെയ്തത്. ഹി.852ല്‍ മരണപ്പെട്ട ഒരാള്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട ഇമാം അബൂഹനീഫ(റഹി)യുടെ പേരില്‍ ഒരു പുസ്തകം എഴുതി ഇത് അദ്ദേഹത്തില്‍ ആരോപിക്കുകയും എന്നിട്ട് പ്രസ്തുത പുസ്തകത്തില്‍ ഇമാം അബൂ ഹനീഫ ഈ ഇടതേട്ടം അംഗീകരിച്ചിരുന്നുവെന്ന് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. പ്രസ്തുത പുസ്തകത്തില്‍ പറയുന്നത് കാണുക:
''(നബിയേ) അവിടുന്ന് (എങ്ങനെയുള്ളവനാണ്!). അങ്ങയുടെ പിതാവായ ആദം അങ്ങയെ കൊണ്ട് ഇടതേടിയപ്പോളാണ് കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്.''
അബൂഹനീഫ(റഹി) ഇങ്ങനെ മരണപ്പെട്ടവരെ ഇടയാളരാക്കി പ്രാര്‍ഥിക്കുന്നത് അംഗീകരിച്ചിരുന്ന പണ്ഡിതനായിരുന്നോ?  അല്ല, ഒരിക്കലുമല്ല. അദ്ദേഹം പറഞ്ഞത് എന്താണെന്ന് കാണുക:
''പ്രാര്‍ഥിക്കുന്നവന്‍ ഇന്ന ആളുടെ ഹക്ക്വ് കൊണ്ട്, അല്ലെങ്കില്‍ നിന്റെ അമ്പിയാഇന്റെയും റസൂലുകളുടെയും ഹക്ക്വ് കൊണ്ട്, അല്ലെങ്കില്‍ ബൈത്തുല്‍ ഹറാമിന്റെയും മശ്അറുല്‍ ഹറാമിന്റെയും ഹക്ക്വ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു എന്ന് പറയുന്നത് വെറുക്കുന്നു.''
ആദം(അ) ചെയ്ത പ്രാര്‍ഥന നബി(സ്വ)യെ ഇടയാളനാക്കിക്കൊണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അതിനെ വെറുക്കുമോ? അപ്പോള്‍ മുകളില്‍ കണ്ട വരികള്‍ ഒരിക്കലും അദ്ദേഹത്തിന്റെതല്ലെന്ന് വ്യക്തമാണ്.

No comments :

Post a Comment

Note: Only a member of this blog may post a comment.