'ഇന്നറിയപ്പെടുന്ന ഇരുപത് റക്അത്ത് തറാവീഹ് നബി(സ) നമസ്കരിച്ചിട്ടുണ്േടാ?' എന്ന് അനേകം പ്രാവശ്യം പലരും എന്നോട് ചോദിച്ചിരിക്കുന്നു. 'ഇല്ല' എന്നാണ് എന്റെ മറുപടി. ചോദ്യകര്‍ത്താക്കള്‍ ഇതുകൊണ്ട് സംതൃപ്തരാവുകയില്ല. അതിനാല്‍ അല്‍പം വിശദീകരിക്കാം.
പ്രബലവും ദുര്‍ബലവുമായ ഹദീസുകള്‍ റമദാനില്‍ നമസ്കരിക്കാനുള്ള കല്‍പനയും അതിനുള്ള പ്രചോദനവുമാണ് നല്‍കുന്നത്. അവ റക്അത്തുകളുടെ എണ്ണം ക്ളിപ്തപ്പെടുത്തിയിട്ടില്ല.
നബി(സ) ഇരുപത് റക്അത്ത് നമസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല. മൂന്ന് രാത്രികളില്‍ മാത്രം ഒരു നമസ്കാരം നിര്‍വഹിച്ചിട്ടുണ്ട്. അതിന്റെ എണ്ണം വ്യക്തമല്ല. അത് നിര്‍ബന്ധബാധ്യതയായിത്തീര്‍ന്നാല്‍ ജനത്തിന് അത് ബുദ്ധിമുട്ടാകുമെന്ന് കരുതി നാലാമത്തെ രാത്രി തിരുമേനി(സ) അതില്‍നിന്ന് പിന്മാറുകയാണ് ചെയ്തത്.
തറാവീഹ് ഇരുപത് റക്അത്താണെന്ന് ചിലര്‍ സ്ഥിരീകരിക്കുന്നത് തല്‍സംബന്ധമായി വന്ന പ്രമാണയോഗ്യമല്ലാത്ത ഒരു ഹദീസിനെ അവലംബിച്ചുകൊണ്ടാണ്. ഞാന്‍ അതിന്റെ അപ്രാമാണികത വ്യക്തമാക്കാം:
ഇമാം ഇബ്നു അബീശൈബ(റ)യുടെ മുസ്നദ് എന്ന ഗ്രന്ഥത്തില്‍ യസീദ്, ഇബ്റാഹീമുബ്നു ഉസ്മാന്‍, ഹകമുബ്നു മിഖ്സം എന്ന പരമ്പരയിലൂടെ ഇബ്നു അബ്ബാസി(റ)ല്‍നിന്ന് 'റസൂലുല്ലാഹി(സ) റമദാനില്‍ ഇരുപത് റക്അത്തും വിത്റും നമസ്കരിച്ചിരുന്നു'വെന്നാണ് നിവേദനം.
ഈ ഹദീസ് അബൂശൈബ എന്നുകൂടി പേരുള്ള മേല്‍പറയപ്പെട്ട ഇബ്റാഹീമുബ്നു ഉസ്മാനില്‍നിന്ന് അബൂനുഐം മാധ്യമമായി ഇമാം അബ്ദുബ്നു ഹുമൈദ്(റ) തന്റെ മുസ്നദിലും ഇതേ അബൂശൈബയില്‍നിന്ന് മന്‍സൂറുബ്നു മസാഹിം മുഖേന ഇമാം ബഗവി(റ) തന്റെ മുഅ്ജമിലും നിവേദനം ചെയ്തിരിക്കുന്നു. അബൂശൈബ വഴിയായി ഇമാം ത്വബറാനി(റ)യും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഹദീസ് അങ്ങേയറ്റം ദുര്‍ബലവും പ്രമാണയോഗ്യമല്ലാത്തതുമാണെന്ന് ഞാന്‍ പ്രസ്താവിക്കുന്നു.
ഇമാം ദഹബി(റ) അദ്ദേഹത്തിന്റെ മീസാനില്‍ പറയുന്നു: കൂഫ നിവാസിയും വാസിത്വിലെ ഖാദിയുമായിരുന്ന ഇബ്റാഹീമുബ്നു ഉസ്മാന്‍ എന്ന അബൂശൈബ തന്റെ മാതാവിന്റെ ഭര്‍ത്താവായ ഹകമുബ്നു ഉയൈനയില്‍നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നു. ഇമാം ശുഅ്ബ അയാളെ കള്ളം പറയുന്നവനെന്നും, ഇമാം ഇബ്നു മഈന്‍(റ) അയാള്‍ വിശ്വാസയോഗ്യനല്ലെന്നും, ഇമാം അഹ്മദുബ്നു ഹമ്പല്‍ അയാള്‍ ദുര്‍ബലനാണെന്നും ഇമാം ബുഖാരി(റ) അയാള്‍ അസ്വീകാര്യനായതിനാല്‍ മുഹദ്ദിസുകള്‍ അയാളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യാതെ മൌനം പാലിച്ചിരിക്കുകയാണെന്നും, ഇമാം നസാഈ(റ) അയാള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് വര്‍ജിക്കപ്പെടേണ്ടതാണെന്നും പ്രസ്താവിച്ചിരിക്കുന്നു.
ഇമാം ദഹബി തുടരുന്നു:
"റസൂലുല്ലാഹി(സ) ജമാഅത്തായിട്ടല്ലാതെ ഇരുപത് റക്അത്തും വിത്റും നമസ്കരിച്ചിരുന്നുവെന്ന് ഹകമുബ്നു മിഖ്സം വഴിയായി അയാള്‍ റിപ്പോര്‍ട്ട് ചെയ്തതും അസ്വീകാര്യമാണ്. ഹകമില്‍നിന്ന് അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇയാള്‍തന്നെ ഹകമില്‍നിന്ന് ഒറ്റ ഹദീസേ താന്‍ കേട്ടിട്ടുള്ളൂ എന്നും പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു....''
ഇമാം ദഹബിയുടെ പ്രസ്താവന സമാപിച്ചു.
ഇമാം മിസ്സീ(റ) അദ്ദേഹത്തിന്റെ തഹ്ദീഹ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
"ഇബ്റാഹീമുബ്നു ഉസ്മാന്‍ എന്ന അബൂശൈബ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകള്‍ നിരസിക്കപ്പെടേണ്ടതാകുന്നു. 'നബി(സ) റമദാനില്‍ ഇരുപത് റക്അത്തും വിത്റും നമസ്കരിച്ചിരുന്നു' എന്നതും അത്തരത്തില്‍പെട്ട ഹദീസാകുന്നു. പ്രസിദ്ധ ഇമാമുമാരായ അഹ്മദുബ്നു ഹമ്പല്‍(റ), ഇബ്നുമഈന്‍(റ), ബുഖാരി(റ), നസാഈ(റ), അബൂഹാതമുര്‍റാസി(റ), ഇബ്നു അദിയ്യ്(റ), തിര്‍മിദി(റ), അഹ്വസ്വുബ്നുല്‍ മുഫദ്ദലില്‍ ഗലാബി(റ) എന്നിവര്‍ 'അയാളെ ദുര്‍ബലനാക്കി തള്ളിക്കളഞ്ഞിരിക്കുന്നു'. അയാള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് അസ്വീകാര്യമാണെന്ന് ഇമാം തിര്‍മിദി(റ)യും അയാള്‍ അനഭിമതനാണെന്ന് ഇമാം ജൌസിജാനിയും അയാള്‍ പ്രബലനല്ലെന്ന് ഇമാം അബൂഅലിയ്യിന്നൈസാബൂരി(റ)യും 'അയാള്‍ ദുര്‍ബലനാണ്, അയാളുടെ ഹദീസ് രേഖപ്പെടുത്താനേ പാടില്ല' എന്ന് ഇമാം സ്വാലിഹുബ്നു മുഹമ്മദ് അല്‍ബഗ്ദാദി(റ)യും പ്രസ്താവിച്ചിരിക്കുന്നു. ഇമാം മുആദുല്‍ അമ്പരി(റ) പറയുന്നു: 'അയാളില്‍നിന്ന് നിവേദനം ചെയ്യാമോ' എന്നന്വേഷിച്ചുകൊണ്ട് ഞാന്‍ ഇമാം ശുഅ്ബ(റ)ക്ക് കത്തെഴുതി. 'പാടില്ല, അയാള്‍ ആക്ഷേപാര്‍ഹനാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.'' ഇമാം മിസ്സീ(റ)യുടെ വാക്കുകള്‍ അവസാനിച്ചു.
ഇത്രയും ഇമാമുമാര്‍ ഏകസ്വരത്തില്‍ ദുര്‍ബലനായി പ്രഖ്യാപിച്ച ഒരു വ്യക്തിയുടെ ഹദീസ് പ്രമാണമായി സ്വീകരിക്കുന്നത് അനുവദനീയമല്ല. മഹാപണ്ഡിതന്മാരും ധിഷണാശാലികളുമായ ഈ രണ്ട് ഇമാമുമാര്‍ (ഇമാം ദഹബിയും ഇമാം മിസ്സീയും) അയാളെക്കുറിച്ച് ഒട്ടേറെ പ്രസ്താവനകളുദ്ധരിക്കുകയും ഏറ്റവും കുറഞ്ഞ തോതിലെങ്കിലും ആരും വിശ്വസ്തനെന്ന് സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്തവനുമായ ഒരാളുടെ നിവേദനം എന്ന നിലക്ക് വിശേഷിച്ചും ഈ ഹദീസ് തള്ളിക്കളയേണ്ടതാണ്. 'ഹദീസ്നിവേദകരെ പരിശോധിക്കുന്ന പണ്ഡിതന്മാരില്‍ രണ്ടാളുകള്‍ ഒരു വിശ്വസ്തനെ ദുര്‍ബലനാക്കുന്നതിലോ ഒരു ദുര്‍ബലനെ വിശ്വസ്തനാക്കുന്നതിലോ ഏകോപിച്ചിട്ടില്ല' എന്ന് ഹദീസ് നിരൂപണവിശാരദനായ ഇമാം ദഹബി(റ) പ്രസ്താവിച്ചതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. മാത്രമല്ല, ഇമാം ശുഅ്ബയെപ്പോലൊരാള്‍ വ്യാജനെന്ന് വിശേഷിപ്പിച്ച ഒരാളുടെ ഹദീസിലേക്ക് തിരിഞ്ഞുനോക്കാനേ പാടില്ല. മേല്‍പറഞ്ഞ രണ്ട് ഹദീസ്പഠിതാക്കള്‍ ഉദ്ധരിച്ചിട്ടുള്ള അനേകം ജ്ഞാനികളുടെ പ്രസ്താവനകള്‍തന്നെ ഈ ഹദീസ് നിരാകരിക്കപ്പെടാന്‍ മതിയായ കാരണമാകുന്നു.
No comments :
Post a Comment
Note: Only a member of this blog may post a comment.