1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.
3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.
4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.
5. ഏറ്റവും നല്ല നൂറ്റാണ്ടുകൾ എന്ന് പ്രവാചകന്‍ പഠിപ്പിച്ച ആദ്യ നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.
6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.
7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള 'തഴവ' മൗലവിയുടെ പാട്ട് വളരെ പ്രസിദ്ധമാണ്. അദ്ദേഹമാവട്ടെ 'സുന്നി' പണ്ഡിതനുമാണ്.
8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമാക്കിയിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!
9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ) നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.
10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്) മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.
11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് അഥവാ -ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിയുടെ മരണത്തിൽ അന്ന് സന്തോഷം പ്രകടിപ്പിച്ചത് മക്കയിലെ മുശ്രിക്കുകളായിരുന്നുവെന്ന് നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!
12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല .
13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുളഫർ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുളഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്.
No comments :
Post a Comment
Note: Only a member of this blog may post a comment.