Friday, June 27, 2014

നരകത്തില്‍ അബൂലഹബിന് കൂള്‍ഡ്രിംഗ്‌സ് ??

നബിദിനമാഘോഷിക്കാന്‍ ക്വുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ യാതൊരു തെളിവും കിട്ടാത്ത സമസ്തക്കാർ അതിന് തെളിവാക്കുന്ന ഒന്നാണ്, നബിയുടെ ജനനത്തില്‍ സന്തോഷിച്ച് അടിമ സ്ത്രീയെ മോചിപ്പിച്ചതിന്റെ പേരില്‍ ക്വുര്‍ആന്‍ പേരെടുത്ത് ശപിച്ച സാക്ഷാല്‍ അബൂലഹബിന് പോലും നരകത്തില്‍ നിന്ന് പാനീയം ലഭിക്കുന്നു എന്ന കഥ. നബിദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയകളില്‍ കൂടി വ്യാപകമായി ഈ കഥ ഇപ്പോഴും സമസ്തക്കാർപ്രചരിപ്പിക്കുന്നുണ്ട്. 


വാചകനെ സ്‌നേഹിക്കേണ്ടത് എങ്ങിനെ?” എന്ന തലക്കെട്ടില്‍ ഐ എസ് എം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖയിലെ ചില ഭാഗങ്ങളെ വിമര്‍ശിച്ചു കൊണ്ട് 2006 ജൂലൈ ലക്കം സുന്നത്ത് മാസികയില്‍ വന്ന ലേഖനത്തിനുള്ള മറുപടി.


നബി()യെ അങ്ങേയറ്റം ദ്രോഹിക്കുകയും തല്‍ഫലമായി ശാശ്വതമായി നരകത്തില്‍ കിടന്ന് വെന്തെരിയുമെന്ന് ക്വുര്‍ആന്‍ ഉറപ്പിച്ച് പറയുകയും ചെയ്ത വ്യക്തിയാണ് നബി()യുടെ പിതൃവ്യനായിരുന്ന അബൂലഹബ്. വിശുദ്ധ ക്വുര്‍ആനിലെ സൂറത്തുല്‍ മസദ് ഇക്കാര്യം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അബൂലഹബിന് നരക ശിക്ഷയില്‍ ഇളവ് ചെയ്തുകൊണ്ട് വിരലുകള്‍ക്കിടയിലൂടെ വെള്ളം കുടിപ്പിക്കപ്പെടുന്നുണ്ടെന്നും അത് നബി()യുടെ ജനനത്തില്‍ സന്തോഷം പ്രകടിപ്പിച്ചതു കൊണ്ടാണെന്നും സമസ്തക്കാർ കുറേകാലമായി പറഞ്ഞു കൊണ്ടിരിക്കുന്നു. നബി()യുടെ ജന്മദിനത്തോടനുബന്ധിച്ച് തങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും ദീനില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതാണെന്നും അതിലൊന്നാണ് നബി()യുടെ ജനനത്തില്‍ സന്തോഷം പ്രകടിപ്പിക്കല്‍ എന്നും ഇവര്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്. പ്രസ്തുത സന്തോഷ പ്രകടനത്തിന് തെളിവായിക്കൊണ്ടാണ് അബൂലഹബിന്റെ പാനീയക്കഥ ഇവര്‍ ഉദ്ധരിക്കാറുള്ളത്. ഇമാം ബുഖാരി തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിച്ച ഹദീസാണ് തങ്ങള്‍ക്കുള്ള തെളിവെന്നും ഇത് കേവലം കള്ളക്കഥയല്ലെന്നും സമസ്തക്കാർ വാദിക്കുന്നു.


അവിഭക്ത സമസ്തക്കാര്‍ പട്ടിക്കാട് ജാമിഅഃനൂരിയ്യയില്‍ നിന്നും പുറത്തിറക്കിയ ‘മൗലീദും ആഘോഷവും’ എന്ന പുസ്തകത്തില്‍ എഴുതുന്നു:


”അബൂലഹബിനെ തന്റെ മരണശേഷം കുടുംബത്തില്‍ പെട്ടൊരു വ്യക്തി സ്വപ്‌നം കണ്ടു. മരണശേഷം നീയെന്തെല്ലാം അനുഭവിച്ചു എന്ന് കുടുംബക്കാരന്‍ ചോദിച്ചു. മരണശേഷം യാതൊരു ഗുണവും അനുഭവിച്ചിട്ടില്ലെന്നും ഞാന്‍ സുവൈബത്തിനെ സ്വതന്ത്രയാക്കിയത് കാരണം എല്ലാ തിങ്കളാഴ്ച്ചയും എന്റെ കൈവിരലിലൂടെ ശുദ്ധജലം നിര്‍ഗളിക്കുന്നുണ്ടെന്നും അബൂലഹബ് പറയുകയുണ്ടായി. (ബുഖാരി 764 – 2)” (മൗലിദും ആഘോഷവും. പേജ് 56)


അടിവരയിട്ട ഭാഗം (എല്ലാ തിങ്കളാഴ്ച്ചയും) എന്ന ഭാഗം ബുഖാരിയില്‍ ഇല്ലാത്തത് മുസ്‌ലിയാര്‍ കൂട്ടിച്ചേര്‍ത്തതാണ്. 2006 ജൂലൈ മാസത്തില്‍ സുന്നത്ത് മാസികയിലും ഈ കഥ ചെറിയൊരു വ്യത്യാസത്തോടെ എടുത്ത് കൊടുത്തിട്ടുണ്ട്. (പേജ് 20). ഈ റിപ്പോര്‍ട്ട് ഊന്നുവടിയാക്കിക്കൊണ്ട് സമസ്തക്കാർ സമര്‍ത്ഥിക്കുന്നത്,”’അവിശ്വാസിയായ അബൂലഹബിന് നബി()യുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ചതിന് പരലോകത്ത് ഗുണം കിട്ടിയെങ്കില്‍, മഹാന്‍മാരുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ചാല്‍ സത്യവിശ്വാസികള്‍ക്ക് പ്രതിഫലം കിട്ടുമെന്നതില്‍ സംശയിക്കാനില്ല” എന്നാണ്. (മൗലീദും ആഘോഷവും പേജ് 57 നോക്കുക)


എന്നാല്‍, താബിഉകളില്‍പ്പെട്ട ഉര്‍വ(റഹ്) പറഞ്ഞതായി ബുഖാരിയിലുള്ള ഈ റിപ്പോര്‍ട്ടില്‍ അബൂലഹബ് നബി()യുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ചുവെന്ന് പറയുന്നില്ല. സുവൈബ എന്ന അടിമസ്ത്രീയെ സ്വതന്ത്രയാക്കിയതിനാല്‍ ഇതിലൂടെ (വിരലുകള്‍ക്കിടയിലൂടെ) കുടിപ്പിക്കപ്പെട്ടു എന്നാണുള്ളത്. സുവൈബയെ മോചിപ്പിച്ചത് നബി() ജനിച്ച വാര്‍ത്ത അറിഞ്ഞതിലുള്ള സന്തോഷം കൊണ്ടാണെന്നും ജനന വാര്‍ത്ത ആദ്യം അറിയിച്ചത് സുവൈബയാണെന്നും ഒക്കെയുള്ള കഥകള്‍ ഇതിനോട് കൂട്ടിക്കെട്ടിയാണ് ക്വുബൂരി ഗവേഷകന്‍മാര്‍ ഇതിനെ മീലാദിലെത്തിക്കുന്നത്. പ്രത്യേകം ശ്രദ്ധാര്‍ഹമായ ഒരു കാര്യം, ഈ റിപ്പോര്‍ട്ട് നബി() വരെയെത്തുന്ന ഒരു ഹദീസല്ല. പ്രത്യുത, ഒരു താബിഇന്റെ വാക്കു മാത്രമാണ് എന്നതാണ്. നബി() പറഞ്ഞുവെന്നോ അറിഞ്ഞുവെന്നോ ഇതില്‍ പറയുന്നില്ല. നബി()യുടെ വാക്ക്, പ്രവര്‍ത്തി, അംഗീകാരം എന്നിവക്കാണല്ലോ മുസ്‌ലിം പണ്ഡിതന്മാരുടെ സാങ്കേതിക പ്രയോഗത്തില്‍ ഹദീസ് എന്ന് പറയാറുള്ളത്. ആ നിര്‍വചന പ്രകാരം ഇതൊരു ഹദീസ് തന്നെയല്ല. അതേസമയം, ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെടുന്ന സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകള്‍ക്കും വിശാലമായ അര്‍ത്ഥത്തില്‍ ഹദീസ് എന്ന് ചിലര്‍ പ്രയോഗിക്കാറുണ്ട്. ആ നിലക്ക് ഇത്തരം റിപ്പോര്‍ട്ടുകളെക്കുറിച്ചും ചിലപ്പോള്‍ ഹദീസ് എന്ന് പറയാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍ മുഹദ്ദിസുകളുടെ ഇത്തരം പ്രയോഗങ്ങളിലുള്ള വ്യത്യാസങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടില്ലാത്ത ഇക്കാലത്ത് സാധാരണ വായനക്കാരുടെ മുമ്പില്‍ ഹദീസ് എന്ന് നിരുപാധികം പ്രയോഗിക്കുന്നത് അവരെ തെറ്റുദ്ധരിപ്പിക്കാനാണെന്ന് വ്യക്തം. എങ്കില്‍പിന്നെ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയില്‍ ഈ റിപ്പോര്‍ട്ടു വന്നത് എങ്ങിനെയെന്നാവും ചിലരുടെ സംശയം. ഹദീസ് ഗ്രന്ഥങ്ങളില്‍ റസൂലില്‍ നിന്നുള്ള ഹദീസുകള്‍ക്ക് പുറമെ റിപ്പോര്‍ട്ടര്‍മാരുടെ വാക്കുകളും സ്വഹാബികളുടെ വാക്കുകളും മറ്റും സന്ദര്‍ഭവശാല്‍ പരാമര്‍ശിക്കാറുണ്ടെന്ന് പറഞ്ഞുവല്ലോ. അത്തരം ഒരു റിപ്പോര്‍ട്ടാണിതും.


”മുലകുടി ബന്ധത്തിലുള്ള സഹോദരീ-സഹോദരന്‍മാര്‍ തമ്മില്‍ വിവാഹ ബന്ധം പാടില്ല” എന്ന് പഠിപ്പിക്കുന്ന ഒരു ഹദീസ് ”നിങ്ങള്‍ക്ക് മുലയൂട്ടിയ മാതാക്കള്‍” എന്ന ഉപശീര്‍ഷകത്തില്‍ ബുഖാരി ഉര്‍വയില്‍ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ”അബൂസലമയുടെ പുത്രിയെ താങ്കള്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നു കേട്ടല്ലോ” എന്ന് നബി()യോട് പറയപ്പെട്ടുവെന്നും അപ്പോള്‍ അവള്‍ ”എന്റെ മുലകുടി ബന്ധത്തിലുള്ള സഹോദരന്റെ മകളായതിനാല്‍ അവളെ എനിക്ക് വിവാഹം കഴിക്കാന്‍ പാടില്ലെന്നും എനിക്കും അവളുടെ പിതാവ് അബൂസലമക്കും സുവൈബത്ത് എന്ന അടിമസ്ത്രീ മുലയൂട്ടിയിട്ടുണ്ടെന്നും” നബി() മറുപടി പറഞ്ഞുവെന്നുമാണ് ഹദീസിലുള്ളത്. ഈ ഹദീസ് ഉദ്ധരിച്ചപ്പോള്‍ ഇതിന്റെ റിപ്പോര്‍ട്ടറായ ഉര്‍വ (റഹ്) ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട സുവൈബ എന്ന അടിമസ്ത്രീയെക്കുറിച്ച് ഒരു കിനാവിന്റെ കഥ കൂടി പറഞ്ഞിട്ടുണ്ടെന്ന് വൈജ്ഞാനിക സത്യസന്ധതക്കു വേണ്ടി രേഖപ്പെടുത്തുക മാത്രമാണ് ഇമാം ബുഖാരി ചെയ്തത്.


വസ്തുത ഇതൊക്കെയാണെങ്കിലും, ബുഖാരി ഉദ്ധരിച്ച ഒരു ഹദീസാണിതെന്നും ഹദീസ് ഉദ്ധരിക്കുന്നതില്‍ വളരെ സൂക്ഷ്മത പാലിച്ച ഇമാം ബുഖാരി കള്ളക്കഥകള്‍ ഉദ്ധരിക്കുകയില്ലെന്നും മറ്റും തെറ്റുദ്ധരിപ്പിച്ചു കൊണ്ടാണ് സമസ്തക്കാർ ഈ കഥയെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ നോക്കുന്നത്. എന്നാല്‍ സാന്ദര്‍ഭികമായി ഉദ്ധരിച്ച ഈ കഥയില്‍ നബി()യുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ തെളിവുണ്ടെന്ന് ഇത് റിപ്പോര്‍ട്ട് ചെയ്ത ഇമാം ബുഖാരിയോ ബുഖാരിക്ക് വ്യാഖ്യാനമെഴുതിയ ഇബ്‌നുഹജറോ പറഞ്ഞിട്ടില്ല. ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച പണ്ഡിതന്‍മാരൊന്നും ഇതില്‍ മൗലീദാഘോഷത്തിന് തെളിവ് കണ്ടിട്ടില്ല. മാത്രമല്ല, ക്വുര്‍ആന്‍ പേരെടുത്ത് ശപിച്ച, നരകാവകാശിയെന്ന് തീര്‍ത്തു പറഞ്ഞ ഒരു വ്യക്തിക്ക് നരക ശിക്ഷയില്‍ ഇളവ് കിട്ടുമെന്ന് പറയുന്നത് ക്വുര്‍ആനിന് എതിരാണെന്ന് ഇബ്‌നുഹജര്‍ (റഹ്) വ്യക്തമാക്കിയിട്ടുമുണ്ട്. അദ്ദേഹം എഴുതുന്നു:


”സത്യനിഷേധിക്ക് പരലോകത്ത് വെച്ച് തന്റെ കര്‍മ്മങ്ങള്‍ ചിലപ്പോള്‍ പ്രയോചനപ്പെട്ടേക്കാമെന്ന് ഈ ഹദീസ് അറിയിക്കുന്നുണ്ടെങ്കിലും അത് ക്വുര്‍ആനിന്റെ വ്യക്തമായ ആശയത്തിന് കടകവിരുദ്ധമാണ്. കാരണം, അല്ലാഹു പറഞ്ഞു: ”അവര്‍ (സത്യനിഷേധികള്‍) പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും നാം അതിനെ ചിതറിയ ധൂളി പോലെ ആക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്.” (ഫുര്‍ക്വാന്‍ 23) ഒന്നാമതായി ഇതിനുള്ള മറുപടി ഇതാണ്. ”ഈ റിപ്പോര്‍ട്ട് (അസ്വീകാര്യമായ ഹദീസുകളില്‍പ്പെട്ട) മുര്‍സല്‍ ആണ്. തന്നോട് ആരാണിത് പറഞ്ഞതെന്ന് ഉര്‍വ പറഞ്ഞിട്ടില്ല. ഇനി, ഈ റിപ്പോര്‍ട്ട് പരമ്പര ചേര്‍ക്കപ്പെട്ടതാണെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെയും ഇതിലുള്ളത് ഒരു സ്വപ്‌നം കണ്ടുവെന്നതാണ്. സ്വപ്‌നമാകട്ടെ (ഇസ്‌ലാമില്‍ ) യാതൊരു തെളിവുമല്ല താനും. ഒരു പക്ഷേ, ആ സ്വപ്‌നം കണ്ട വ്യക്തി അപ്പോള്‍ വരെയും മുസ്‌ലിം ആയിട്ടുണ്ടായിരിക്കയില്ല. അപ്പോഴും അത് തെളിവിന് പറ്റുകയില്ല….” ( ഫത്ഹുല്‍ ബാരി 9/49)


ഫത്ഹുല്‍ബാരിയില്‍ ഈ വിശദീകരണങ്ങളെല്ലാം ഇത്ര വ്യക്തമായി ഉണ്ടായിട്ടും ക്വുബൂരി എഴുതുന്നത് നോക്കൂ: ”അവിശ്വാസിക്ക് സല്‍കര്‍മ്മം ഗുണം ചെയ്യില്ലെങ്കില്‍ പോലും നബി()യുടെ പ്രത്യേക കാരണം ഗുണം ചെയ്യുമെന്ന് ഈ ഹദീസിന്റെ വിശദീകരണത്തില്‍ വ്യാഖ്യാതാക്കള്‍ സമര്‍ത്ഥിക്കുന്നു.” ( ഫത്ഹുല്‍ബാരി 11/403, 404)” തുടര്‍ന്ന് ബുഖാരിയുടെ വ്യാഖ്യാനങ്ങളായ ഇര്‍ഷാദുസ്സാരി, കിര്‍മാനി, ഉംദത്തുല്‍ഖാരി എന്നിവയുടെ പേജ് നമ്പറും കൊടുത്തിട്ടുണ്ട്.

തുടര്‍ന്ന് വീണ്ടും എഴുതുന്നു. ”….ഇവിടെ ബുഖാരിയെ വ്യാഖ്യാനിച്ച മഹാന്മാരായ പണ്ഡിതന്‍മാര്‍ പറയുന്നു. ”നബിയെക്കൊണ്ട് പരസ്യമായി വിശ്വസിക്കാത്ത അബൂത്വാലിബിന് നരക ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതു പോലെ അബൂലഹബിനും നബി()യുടെ പ്രത്യേക കാരണമാണ് ഈ ഇളവ് ലഭിക്കുന്നത്.” (സുന്നത്ത് മാസിക 2006 ജൂലൈ)


അബൂത്വാലിബ് രഹസ്യമായി വിശ്വസിച്ചിരുന്നു എന്നാണോ ഈ ക്വുബൂരിയുടെ ധാരണ? ഏതായാലും സത്യവും അസത്യവും കൂട്ടിക്കുഴച്ച് വിഷയം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ലേഖകന്‍ മുന്‍ഗാമികളായ പണ്ഡിതന്മാരുടെ മേല്‍ അത് ആരോപിക്കുക കൂടി ചെയ്തിരിക്കുകയാണിവിടെ. ബുഖാരിയുടെ ഏത് വ്യാഖ്യാതാവാണ് ഇപ്രകാരം എഴുതിയെതെന്ന് വ്യക്തമാക്കാതെ എല്ലാവരും ഇപ്രകാരം വ്യാഖ്യാനിച്ചവരാണ് എന്ന് വരുത്തിത്തീര്‍ക്കുന്ന കുതന്ത്രമാണ് ഇയാള്‍ പ്രയോഗിച്ചിട്ടുള്ളത്. ബുഖാരിയുടെ പ്രസിദ്ധ വ്യാഖ്യാനമായ ഫത്ഹുല്‍ബാരിയില്‍ അബൂലഹബ് സംഭവം ക്വുര്‍ആനിന്റെ വ്യക്തമായ തെളിവിനെതിരാണെന്നും ഉര്‍വയുടെ ഈ റിപ്പോര്‍ട്ട് തെളിവിന് കൊള്ളാത്തതാണെന്നും ഇബ്‌നു ഹജര്‍ തീര്‍ത്ത് പറഞ്ഞത് മുകളില്‍ നാം വായിച്ചു. എന്നിട്ടും വിശ്വാസകാര്യങ്ങള്‍ക്ക് ക്വുര്‍ആനോ, അനേകം പരമ്പരകളിലൂടെ അനിഷേധ്യമായി ഉദ്ധരിക്കപ്പെട്ട ‘മുതവാതിര്‍’ ആയ ഹദീസോ വേണമെന്ന് വാദിക്കുന്ന അശ്അരീ ഉസൂലിന്റെ വക്താക്കള്‍ കേവലം മുര്‍സലായ ഈ റിപ്പോര്‍ട്ടില്‍ കടിച്ചു തൂങ്ങുന്നത് എന്തുമാത്രം വൈരുദ്ധ്യമാണെന്ന് വയനക്കാര്‍ ചിന്തിക്കട്ടെ.


വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും, അബൂത്വാലിബിന് ഇളവ് കിട്ടിയ പോലെ അബൂലഹബിനും കിട്ടിയതായിക്കൂടേ എന്ന നിഗമനം നില നില്‍ക്കുന്നുണ്ടല്ലോ. പ്രസ്തുത നിഗമനത്തെയാണല്ലോ സമസ്തക്കാർ ഇവിടെ ആശ്രയിക്കുന്നത്. ആ പുല്‍ക്കൊടിയും അവരെ രക്ഷിക്കുകയില്ല. കാരണം, അബൂത്വാലിബിനെ നബി()യുടെ കാരണമായി നരകത്തിന്റെ അടിത്തട്ടില്‍ നിന്നും അതിന്റെ മുകള്‍ പരപ്പിലേക്ക് മാറ്റിയെന്നത് സ്വഹീഹായ ഹദീസില്‍ സ്ഥിരപ്പെട്ടതാണ്. എന്നാല്‍, അബൂലഹബിന്റെ കാര്യം അങ്ങനെ സ്ഥിരപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല, അവന്‍ നശിച്ചവനാണെന്നും നരകത്തില്‍ കിടന്ന് എരിയുമെന്നും ക്വുര്‍ആര്‍ തീര്‍ത്തു പറഞ്ഞ ദുഷ്ടനാണ്. നബി()യെ പല നിലക്കും സഹായിച്ച, തൗഹീദീ പ്രബോധന മാര്‍ഗ്ഗത്തില്‍ ഉറച്ച് നില്‍ക്കാന്‍ ശക്തമായി പിന്തുണച്ച, ദുരഭിമാനം കൊണ്ട് മാത്രം വിശ്വസിക്കാന്‍ തയ്യാറാവാതിരുന്ന അബൂത്വാലിബ് ഒരു നിലക്കും അബൂലഹബിനെ പോലെയല്ല എന്ന കാര്യം വ്യക്തമാണ്. അതിനാല്‍ തന്നെ ”അബൂത്വാലിബിനെപ്പോലെ ആയിക്കൂടേ” എന്ന് ആര് പറഞ്ഞാലും അത് ശരിയല്ല. എന്നാല്‍ പിന്നെ ബുഖാരിയെ വ്യാഖ്യാനിച്ച പണ്ഡിതര്‍ പറയുന്നുവെന്ന് പറഞ്ഞത് ഏതടിസ്ഥാനത്തിലാണ് എന്നായിരിക്കും ചിലരുടെ ചോദ്യം.


മുമ്പു പറഞ്ഞത് പോലെ, ആരൊക്കെ അപ്രകാരം വ്യാഖ്യാനിച്ചുവെന്ന് ലേഖകന്‍ ശരിക്കും വ്യക്തമാക്കാത്തതിനാല്‍ ഇബ്‌നു ഹജറിന്റെ ഒരു ഉദ്ധരണി മാത്രം നമുക്ക് ഇവിടെ പരിശോധിക്കാം.


അവിശ്വാസികളുടെ കര്‍മ്മങ്ങള്‍ പരലോകത്ത് ഗുണം ചെയ്യില്ലെന്നും അബൂലഹബിന്റെ പാനീയക്കഥ സ്വീകാര്യമല്ലെന്നും സമര്‍ത്ഥിച്ച ശേഷം അദ്ദേഹം എഴുതുന്നു: ”ഇനി ഈ റിപ്പോര്‍ട്ട് സ്വീകാര്യയോഗ്യമാണെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെ, അബൂത്വാലിബിന്റെ കഥയില്‍ മുമ്പു പറഞ്ഞതുപോലെ-അതായത് അയാള്‍ക്ക് നരക ശിക്ഷയില്‍ ഇളവ് നല്‍കപ്പെട്ടുവെന്നും നരകത്തിന്റെ അടിത്തട്ടില്‍ നിന്നും അയാള്‍ മുകള്‍പരപ്പിലേക്ക് നീക്കപ്പട്ടുവെന്നും പറഞ്ഞ-തെളിവിന്റെ അടിസ്ഥാനത്തില്‍ ഇവിടെയും (അഥവാ, അബൂലഹബ് സംഭവത്തിലും: ലേഖ) നബി()യുമായി ബന്ധപ്പെട്ടതായതിനാല്‍ (പൊതുവായ നിയമത്തില്‍ നിന്ന് വേറിട്ട) പ്രത്യേകമാക്കപ്പെട്ടതായിരിക്കാന്‍ സാധ്യതയുണ്ട്.” ഇബ്‌നു ഹജറിന്റെ ഈ വാചകങ്ങളായിരിക്കാം ക്വുബൂരികളുടെ പുല്‍ക്കൊടി.


നോക്കുക! ആയത്തുദ്ധരിച്ച് തെളിവ് സഹിതം അബൂലഹബ് സംഭവം ക്വുര്‍ആനിന് എതിരാണെന്നും ഈ റിപ്പോര്‍ട്ട് നിദാന ശാസ്ത്ര നിയമപ്രകാരം തള്ളിക്കളയേണ്ടതാണെന്നും വ്യക്തമായി ഇബ്‌നു ഹജര്‍ പറഞ്ഞതിനെ തള്ളിക്കൊണ്ട്, ”ഇനി ഈ റിപ്പോര്‍ട്ട് സ്വീകാര്യയോഗ്യമാണെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെ” എന്ന ആമുഖത്തോടെ പറഞ്ഞ വിദൂരമായ ഒരു നിഗമനമാണ് ”ബുഖാരിയെ വ്യാഖ്യാനിച്ച പണ്ഡിതര്‍ പറഞ്ഞു” എന്നു വാദിച്ചു കൊണ്ട് ലേഖകന്‍ എഴുന്നള്ളിക്കുന്നത്. പ്രസ്തുത റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് അദ്ദേഹം തന്നെ തെളിച്ചു പറഞ്ഞ സ്ഥിതിക്ക്, അതിന്റെ അടിസ്ഥാനത്തിലുള്ള ഈ നിഗമനം അദ്ദേഹത്തിന്റേതായി ആരോപിക്കുന്നത് തികഞ്ഞ തെറ്റിദ്ധരിപ്പിക്കലാണ്. മാത്രമല്ല, സ്വഹീഹായ ഹദീസുകളില്‍ വന്ന അബൂത്വാലിബിന്റെ സംഭവത്തോട് കള്ള റിപ്പോര്‍ട്ടില്‍ വന്ന അബൂലഹബിന്റെ പാനീയക്കഥയെ സാമ്യപ്പെടുത്തുന്നതിന് യാതൊരു ന്യായീകരണവുമില്ല താനും. ചുരുക്കത്തില്‍, അബുലഹബിന് പരലോകത്ത് നരക ശിക്ഷയില്‍ വല്ല ഇളവും ലഭിക്കുമെന്ന് ക്വുര്‍ആന്‍ കൊണ്ടോ സ്വഹീഹായ ഹദീസു കൊണ്ടോ ആരും ഇതുവരെ തെളിയിച്ചിട്ടില്ല. ആര്‍ക്കും തെളിയിക്കാന്‍ സാധ്യവുമല്ല. പ്രമാണങ്ങളില്‍ സ്ഥിരപ്പെടാതെ മറഞ്ഞ (ഗൈ്വബിയായ) കാര്യങ്ങളില്‍ നിഗമനം നടത്താന്‍ ആര്‍ക്കും അധികാരവുമില്ല.സുവൈബത്തിനെ അബൂലഹബ് മോചിപ്പിച്ചതെപ്പോള്‍?


മുസ്തഫല്‍ ഫൈസി എഴുതുന്നു: ”സുവൈബത്തായിരുന്നു നബി()യുടെ ജന്മവാര്‍ത്ത അബൂലഹബിനെ അറിയിച്ചത്. തന്നിമിത്തം സന്തോഷ തരളിതനായ അദ്ദേഹം സുവൈബത്തിനെ സ്വതന്ത്രയാക്കുകയാണുണ്ടായത്. അതു തന്നെയാണ് അവന്ന് പരലോകത്ത് ഉപകരിച്ചതും…..” (മൗലീദും ആഘോഷവും പേ. 56, 57)


പഴകിപ്പുളിച്ച ഈ വാദം സുന്നത്ത് മാസികക്കാരന്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ടെന്ന് ഫത്ഹുല്‍ ബാരി 11/403ല്‍ ഉണ്ടെന്നാക്കി മാറ്റി (സുന്നത്ത് 2006 ജൂലൈ). യഥാര്‍ത്ഥത്തില്‍, ഫത്ഹുല്‍ബാരിയില്‍ പറഞ്ഞത്, ഈ വാദം ചരിത്ര രേഖകള്‍ക്കെതിരാണെന്നാണ്!? ”അബൂലഹബ് സുവൈബത്തിനെ മോചിപ്പിച്ചു. പിന്നീട് അവര്‍ നബി()ക്ക് മുലയൂട്ടി” എന്ന ഉര്‍വയുടെ വാചകത്തെ വ്യാഖ്യാനിച്ചു കൊണ്ട് ഇബ്‌നു ഹജര്‍ പറയുന്നത് നോക്കൂ.


”ഇതിന്റെ (ഉര്‍വയുടെ വാക്കിന്റെ) പ്രത്യക്ഷാര്‍ത്ഥം, അബുലഹബ് സുവൈബത്തിനെ മോചിപ്പിച്ചത് നബി()ക്ക് മുലയൂട്ടുന്നതിന് മുമ്പായിരുന്നുവെന്നാണ്. എന്നാല്‍ ചരിത്രത്തിലുള്ളത്-അതായത് നബി()യുടെ ഹിജ്‌റയുടെ തൊട്ടു മുമ്പാണ് അബൂലഹബ് സുവൈബത്തിനെ മോചിപ്പിച്ചത് എന്നുള്ളത്-ഇതിന്നെതിരാണ്. അതാകട്ടെ, മുലയൂട്ടിയതിനു ശേഷം ദീര്‍ഘ കാലം കഴിഞ്ഞാണല്ലോ. സുഹൈലിയും നബി()യെ മുലയൂട്ടുന്നതിനു മുമ്പായിരുന്നു സുവൈബത്തിന്റെ മോചനം എന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാചകം ശേഷം ഞാന്‍ ഉദ്ധരിക്കുന്നുണ്ട്.” (ഫത്ഹുല്‍ബാരി 9/48)


ഇബ്‌നുഹജര്‍ സുഹൈലിയുടെ വാക്കുകള്‍ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിനെ അനൂകൂലിക്കുന്നില്ലെന്ന് മേല്‍ ഉദ്ധരണി വ്യക്തമാക്കുന്നു. ഇബ്‌നു അബ്ബാസ് ഇപ്രകാരം പറഞ്ഞതായി ക്വുബൂരി ലേഖകന്‍ ഫത്ഹുല്‍ബാരിയുടെ പേരില്‍ ആരോപിച്ചത് പച്ചക്കള്ളമാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും പേരില്‍ കളവ് കെട്ടിപ്പറയുന്ന ഇവര്‍ സ്വഹാബിയുടെ പേരില്‍ കളവ് കെട്ടിപ്പറയുന്നതില്‍ സലഫികള്‍ക്ക് അത്ഭുതമില്ല. മാത്രമല്ല, നബി() ഹിജ്‌റ പോയപ്പോഴാണ് അബൂലഹബ് സുവൈബയെ മോചിപ്പിച്ചതെന്ന് ഇബ്‌നു ഹജര്‍(റഹി) തന്നെ ‘അല്‍ ഇസ്വാബ’ എന്ന തന്റെ പ്രസിദ്ധ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (ഇസ്വാബ 8/60) ചുരുക്കത്തില്‍, നബി()യുടെ ഹിജ്‌റക്ക് തൊട്ടു മുമ്പോ അല്ലെങ്കില്‍ ഹിജ്‌റ പോയ ഉടനെയോ ആണ് അബൂലഹബ് സുവൈബത്തിനെ മോചിപ്പിച്ചത് എന്നാണ് ഇബ്‌നു ഹജര്‍ അസ്‌ക്വലാനിയുടെ അഭിപ്രായം എന്ന് ഇസ്വാബയും ഫത്ഹുല്‍ ബാരിയും വ്യക്തമാക്കിയത് നാം കണ്ടു. ‘അല്‍ കാമില്‍’ എന്ന ചരിത്ര ഗ്രന്ഥത്തിലും ഇക്കാര്യം വ്യക്തമാക്കിയത് കാണുക.


എന്നിട്ടും ക്വുബൂരി ലേഖകന്‍ മുജാഹിദ് ലഘുലേഖയെ വിമര്‍ശിച്ച് കൊണ്ട് എഴുതുന്നത് നോക്കൂ: ”…..ലഘുലേഖ തുടര്‍ന്നെഴുതുന്നു ”നബി() ഹിജ്‌റ പോയപ്പോള്‍ അതിലുള്ള സന്തോഷം നിമിത്തമാണ് അബൂലഹബ് സുവൈബയെ മോചിപ്പിച്ചതെന്ന കാര്യം വ്യക്തമാണ് താനും.” സത്യത്തെ മൂടി വെക്കാനുള്ള വഹാബിയുടെ കള്ളക്കളി ശ്രദ്ധിക്കുക. എവിടുന്നാണ് ഇവര്‍ക്ക് ഈ കാര്യം ഇത്രയും വ്യക്തമായി ലഭിച്ചെതെന്ന് അറിയില്ല….” (സുന്നത്ത് മാസിക 2006 ജൂലൈ)


തനിക്കറിയില്ലെങ്കില്‍ അറിവുള്ളവരോട് ചോദിക്കുക. അതല്ലാതെ അഹങ്കാര സ്വരത്തില്‍ ”സത്യം മൂടി വെക്കാനുള്ള കള്ളക്കളി” എന്ന് തെളിവില്ലാതെ തട്ടി വിടുകയല്ല. എവിടെ നിന്നാണ് ഈ വിവരം കിട്ടിയതെന്ന് മേല്‍ ഉദ്ധരണികളില്‍ നിന്നും വായനക്കാര്‍ക്ക് ശരിക്കും വ്യക്തമായിക്കാണുമല്ലോ. എന്നിട്ടും, ഉര്‍വയുടെ മുര്‍സലായ റിപ്പോര്‍ട്ടും ഇബ്‌നു കസീറിന്റെ അല്‍ ബിദായ വന്നിഹായയും മാത്രം അവലംബമാക്കി മുജാഹിദുകളെ ശകാരിക്കാനാണ് ക്വുബൂരി ലേഖകന്റെ ശ്രമം. സത്യത്തെ മൂടി വെച്ചതാരാണെന്നും കള്ളക്കളി നടത്തിയതാരാണെന്നും മേല്‍ വിവരണത്തില്‍ നിന്നുംവായനക്കാര്‍ വിലയിരുത്തട്ടെ. ഇനി സമസ്തക്കാർ വാദിക്കും പോലെ അബൂലഹബ് സുവൈബയെ മോചിപ്പിച്ചത് നബി() ജനിച്ചപ്പോള്‍ അതിലുള്ള സന്തോഷം കൊണ്ടായിരുന്നു എന്നു തന്നെ വാദത്തിനു വേണ്ടി സമ്മതിക്കുക. എന്നാലും, അബൂലഹബിന്റെ ഈ മാതൃക സ്വീകരിച്ച് ഓരോ വര്‍ഷവും നബി()യുടെ ജന്മദിനം നോക്കി സന്തോഷ പ്രകടനം നടത്തണമെന്ന് ഇവര്‍ക്ക് എവിടുന്ന് കിട്ടി? ഈ റിപ്പോര്‍ട്ട് ഉദ്ധരിച്ച ഉര്‍വയോ അത് രേഖപ്പെടുത്തിയ ബുഖാരിയോ ഇതില്‍ റബീഉല്‍ അവ്വലില്‍ സ്‌നേഹപ്രകടനം നടത്താന്‍ തെളിവുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ? നബി()യോ സ്വഹാബികളോ ഈ അബുലഹബ് മദ്ഹബ് സ്വീകരിച്ചുവോ? ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച വല്ല മുസ്‌ലിമും അബൂലഹബിനെ മാതൃകയാക്കി റബീഉല്‍ അവ്വലില്‍ സന്തോഷം കൊണ്ടാടിയോ? ഇതൊന്നും സമസ്തക്കാർ നാളിതു വരെ തെളിയിച്ചിട്ടില്ല. പിന്നെയും എന്തിനാണ് ഈ കാഫിര്‍മദ്ഹബുമായി മീലാദ് പ്രേമികള്‍ ഊര് തെണ്ടുന്നത്? ”അലൈസ മിന്‍കും റജുലുന്‍ റഷീദ്?”അബൂലഹബിനെ സ്വപ്‌നം കണ്ടതാര്?


ക്വുബൂരി എഴുതുന്നു: ”അബൂലഹബിനെ സ്വപ്‌നം കണ്ടത് ഏതോ ഒരു ബന്ധുവാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വഹാബീ ശ്രമം. യഥാര്‍ത്ഥത്തില്‍, ആ സ്വപ്‌നം കണ്ട വ്യക്തി അബ്ബാസ്(റ) ആയിരുന്നുവെന്ന് ഫത്ഹുല്‍ ബാരി (11/403)ല്‍ വ്യക്തമാക്കുന്നുണ്ട്.” (സുന്നത്ത് മാസിക 2006 ജൂലൈ)


ബുഖാരി ഉദ്ധരിച്ച ഉര്‍വയുടെ മുര്‍സലായ റിപ്പോര്‍ട്ടില്‍ പോലുമുള്ളത് ”അബൂലഹബ് മരണപ്പെട്ടപ്പോള്‍ അയാളുടെ കുടുംബത്തില്‍ പെട്ട ചിലര്‍ ചീത്ത അവസ്ഥയിലായി അയാളെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു” എന്നാണ്. ആ ‘ചിലര്‍’ ആരാണെന്ന് ഇബ്‌നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ വ്യക്തമാക്കിയിട്ടില്ല. വ്യക്തമാക്കി എന്നത് ക്വുബൂരി ലേഖകന്റെ വകയാണ്. കഥ ഉദ്ധരിച്ച ഉര്‍വ പോലും ആരാണിതെന്ന് വ്യക്താമാക്കിയിട്ടില്ല. അപ്പോള്‍, സ്വപ്‌നം കണ്ട വ്യക്തി അജ്ഞാതനാണെന്ന് വ്യക്തം. (സുന്നത്ത് മാസികയില്‍ ഉദ്ധരിച്ചതിലും ‘ചിലര്‍’ എന്നാണുള്ളത്). അത് അബ്ബാസ്(റ) ആയിരുന്നുവെന്ന് സുഹൈലി പറഞ്ഞിട്ടുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് ഇബ്‌നു ഹജര്‍ ചെയ്തത്. ഇബ്‌നു ഹിഷാമിന്റെ സീറാ ഗ്രന്ഥത്തിന് വ്യാഖ്യാനമെഴുതിയ ആറാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരന്‍ എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഹദീസ് വ്യാഖ്യാനത്തില്‍ സുഹൈലിക്കില്ലെന്ന് ഈ വിജ്ഞാന ശാഖയുമായി ബന്ധമുള്ളവര്‍ക്കറിയാം. അബ്ബാസ്(റ) വരെ എത്തുന്ന സ്വഹീഹായ സനദോടെ സുഹൈലി ഉദ്ധരിച്ചിട്ടുണ്ടെങ്കില്‍ അതാണ് മീലാദ് വാദികള്‍ കൊണ്ടു വരേണ്ടത്. ഇനി, സ്വപ്‌നം കണ്ടത് അബ്ബാസ്(റ) തന്നെയാണെന്ന് തെളിഞ്ഞാലും നമുക്ക് കാര്യമില്ല. കാരണം, ജീവിച്ചിരിക്കുന്ന കാഫിര്‍ നേരിട്ട് പറഞ്ഞാല്‍ പോലും ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കാത്ത മുസ്‌ലിംകള്‍ക്ക് മരിച്ച കാഫിര്‍ സ്വപ്‌നത്തില്‍ പറഞ്ഞത് തെളിവാകുമോ? മീലാദു വരുമാനത്തില്‍ കണ്ണു വെച്ച് ഗവേഷണത്തിനിറങ്ങിയ ക്വുബൂരികളുടെ വല്ലാത്തൊരു ഗതികേട്!

സ്വപ്‌നം തെളിവാക്കുന്നില്ലേ?

ക്വുബൂരി എഴുതുന്നു: ”ഇത്തരം സ്വപ്‌നങ്ങള്‍ദീനില്‍ തെളിവല്ലെന്നാണ് മറ്റൊരു വാദം. പ്രവാചകന്‍മാരുടേതല്ലാത്ത സ്വപ്‌നങ്ങള്‍ ദീനില്‍ തെളിവല്ലെന്നത് ശരിയാണ്. നബി()യുടെ ജന്മദിനാഘോഷത്തിന് പ്രമാണമായി സുന്നികള്‍ ഈ ഹദീസ് ഉദ്ധരിക്കുന്നില്ലെന്നോര്‍ക്കണം. പ്രത്യുത, അവിശ്വാസിയും ക്വുര്‍ആന്‍ പേരെടുത്ത് ആക്ഷേപിക്കുകയും ചെയ്ത ഈ മനുഷ്യന്‍ കേവലം തന്റെ കുടുംബത്തില്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചെന്ന വാര്‍ത്ത അറിയിച്ച സുവൈബത്തെന്ന അടിമപ്പെണ്ണിനെ മോചിപ്പിച്ച കാരണത്താല്‍ നരകത്തില്‍ എല്ലാ തിങ്കളാഴ്ച്ചയും വെള്ളം ലഭിക്കുന്നുവെങ്കില്‍ ഒരു വിശ്വാസിയായവന്‍ നബി()യുടെ മഹത്വമറിഞ്ഞ് സന്തോഷിച്ചാല്‍ ഏതായാലും അവന് പ്രതിഫലം ലഭിക്കും എന്ന് വ്യക്തമാക്കാനാണ് ഉദ്ധരിക്കുന്നത്….” (സുന്നത്ത് മാസിക. അതേ ലക്കം)
ഏതെങ്കിലും ഒരു റബീഉല്‍ അവ്വലില്‍ സ്വഹാബികളോ നബി()യോ മറ്റോ ജന്മദിനം കൊണ്ടാടിയതിന് യാതൊരു തെളിവും കിട്ടാതെ വന്നപ്പോള്‍ മീലാദിനോടനുബന്ധിച്ച് നടക്കുന്ന ഓരോ കാര്യത്തിനും വെവ്വേറെ തെളിവുണ്ടാക്കി എല്ലാം ചേര്‍ത്തുവെച്ചാല്‍ അതാണ് മൗലീദെന്നു വരുത്തിത്തീര്‍ക്കുന്ന തല തിരിഞ്ഞ ഗവേഷണമാണ് മീലാദ് പ്രേമികള്‍ നടത്തിയിട്ടുള്ളത്. അങ്ങനെ ആളുകള്‍ ഒരുമിച്ച് കൂടല്‍, നബിയുടെ മദഹ് പറയല്‍, ഭക്ഷണം കൊടുക്കല്‍, സ്വലാത്ത് ചൊല്ലല്‍…..എന്നിങ്ങനെ ഓരോന്നിനും തെളിവുണ്ടാക്കി. അക്കൂട്ടത്തില്‍ ഒന്നാണ് നബി()യുടെ ജന്മദിനത്തില്‍ സന്തോഷിക്കല്‍. അങ്ങിനെയാണ് അബൂലഹബ് കഥക്ക് ക്വുബൂരീ മാര്‍ക്കറ്റില്‍ ഡിമാന്റ് കൂടിയത്. അപ്പോള്‍, മീലാദിനോടനുബന്ധിച്ച് നബി()യുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുക എന്ന പുണ്യകര്‍മ്മമാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും അതിനുള്ള തെളിവാണ് അബൂലഹബിനെ ആരോ കിനാവു കണ്ട കഥയെന്നും ഇപ്പോള്‍ വ്യക്തമായി. എന്നിട്ടും ”ഞങ്ങള്‍ സ്വപനം തെളിവാക്കുന്നില്ല” എന്ന് ഈ പുരോഹിതന്‍മാര്‍ വാദിക്കുന്നത് ആരെ കബളിപ്പിക്കാനാണ്? എല്ലാ തിങ്കളാഴ്ച്ചയും വെള്ളം കിട്ടുന്നുവെന്നോ സുവൈബത്താണ് നബി()യുടെ ജനന വാര്‍ത്ത അബൂലഹബിനെ അറിയിച്ചത് എന്നോ ബുഖാരിയുടെ ഹദീസ് എന്ന് കൊട്ടി ഘോഷിച്ചു കൊണ്ട് ഉദ്ധരിച്ച ഉര്‍വ്വയുടെ മുര്‍സലായ റിപ്പോര്‍ട്ടില്‍ പോലുമില്ല. അതെല്ലാം സുഹൈലിയുടെയും മറ്റു ചിലരുടെയും ഭാവനാ വിലാസങ്ങളോ സനദില്ലാതെ ഉദ്ധരിക്കപ്പെടുന്ന വാറോലക്കഥകളോ ആണ്. മീലാദിന് തെളിവു കിട്ടാതെ ഉത്തരം മുട്ടിയ സമസ്തക്കാർ അവസാനം ക്വുര്‍ആന്‍ ശപിച്ച അബൂലഹബിന്റെ മാതൃക പ്രചരിപ്പിച്ച് മീലാദിനെ താങ്ങി നിര്‍ത്തേണ്ട ഗതികേടിലാണ്. (കാഫിറായ) അബൂലഹബിന് പ്രതിഫലം കിട്ടിയെങ്കില്‍ സത്യവിശ്വാസിക്ക് എന്തായാലും കിട്ടും എന്ന ക്വുബൂരിയന്‍ യുക്തിചിന്തയല്ലാതെ ക്വുര്‍ആനോ നബിചര്യയോ സ്വഹാബികളുടെ ചര്യയോ ഉദ്ധരിച്ച് റബീഉല്‍ അവ്വലില്‍ നബി()യുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ ഇതാ തെളിവ് എന്നു പറയാന്‍ നാളിതുവരെ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഖിയാമം വരെ സാധിക്കുകയും ഇല്ല. ഈ ആശയ പാപ്പരത്തവും വൈരുദ്ധ്യം നിറഞ്ഞ വാദങ്ങളും മൂടിവെക്കാന്‍ മുജാഹിദുകളില്‍ വെറുതെ വൈരുദ്ധ്യം ആരോപിച്ചത് കൊണ്ട് സാധ്യമല്ല എന്ന് ഇനിയെങ്കിലും ക്വുബൂരി ഗവേഷകര്‍ മനസ്സിലാക്കുക. വൈരുദ്ധ്യങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നവര്‍ മുജാഹിദുകളില്‍ വൈരുദ്ധ്യം ആരോപിക്കുന്നത് ചൊറിപിടിച്ച് നാറുന്ന വൈദ്യരുടെ ചൊറി നിവാരണ ഔഷധത്തെ കുറിച്ചുള്ള പ്രസംഗം പോലെ മാത്രമേ മുജാഹിദുകള്‍ കാണുന്നുള്ളൂ.

No comments :

Post a Comment

Note: Only a member of this blog may post a comment.