Sunday, June 29, 2014

സ്ത്രീകളുടെ ജുമുഅ: ജമാഅത്ത്

സ്ത്രീകള്‍ ഇസ്ലാമികമായ ചിട്ടകള്‍ പാലിച്ചുകൊണ്ട് ജുമുഅ: ജമാഅത്തുകളുടെ പുണ്യം ലഭിക്കാന്‍ വേണ്ടി പള്ളികളിലേക്ക് പോകലും അവിടെ പോയി ഇമാമിനെ തുടര്‍ന്ന് നമസ്കരിക്കലും അനുവദനീയമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.  ഇക്കാര്യം ശാഫീ മദ്ഹബും അംഗീകരിക്കുന്നുണ്ട്.  

ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) ഈ വിഷയത്തെ കുറിച്ച് പറഞ്ഞത് കാണുക:

“സ്ത്രീ, ജുമുഅക്ക് ഹാജരായാല്‍ അവള്‍ ജുമുഅ നമസ്കരിക്കല്‍ അനുവദനീയമാണ് എന്ന് ഇബ്നുമുന്‍ദിറും മറ്റും മുസ്ലീം സമൂഹത്തിന്റെ ഇജ്മാഅ(ഏകകണ്oമായ അഭിപ്രായം) ഉദ്ധരിച്ചിട്ടുണ്ട്. നബി(സ)യുടെ പള്ളിയില്‍ നബിയുടെ പിന്നില്‍, പുരുഷന്മാരുടെ പിന്നിലായി സ്ത്രീകള്‍ നമസ്കരിച്ചിരുന്നു എന്നകാര്യം അനിഷേധ്യമായതും സ്വഹീഹായതുമായ ഹദീസുകള്‍കൊണ്ട് സ്ഥിരപ്പെട്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്‌:4 – 484 )

നോക്കൂ! ഇവിടെ രണ്ടാം ശാഫീ എന്നറിയപ്പെടുന്ന സാക്ഷാല്‍ ഇമാം നവവി(റ), സ്ത്രീകള്‍ക്ക് പള്ളിയില്‍ വെച്ച ജുമുഅ നമസ്കരിക്കാമെന്ന കാര്യത്തില്‍ മുസ്ലിം സമൂഹത്തിന്റെ ഇജ്മാഉണ്ടെന്നാണ് പ്രഖ്യാപിക്കുന്നത്. അതിനദ്ദേഹം തെളിവ് പറയുന്നതാകട്ടെ, നബി(സ)യുടെ പിന്നില്‍, പുരുഷന്മാരുടെ പിന്നിലായി സ്ത്രീകള്‍ നമസ്കരിച്ചിരുന്നു എന്ന പ്രസിദ്ധമായ ഹദീസുകളുണ്ടെന്നും!
ഇനി അദ്ദേഹം തന്നെ തന്റെ ശറഹ് മുസ്ലിമില്‍, സ്വഹീഹ് മുസ്ലിമില്‍ വന്ന ഈ വിഷയകമായ ചില ഹദീസുകളെ വിശദീകരിച്ചുകൊണ്ട് പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക

1) സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബി(സ)യോടൊപ്പം സുബ്ഹിയുടെ ജമാഅത്തില്‍പോലും പങ്കെടുത്തിരുന്നു എന്ന് പറയുന്ന ഹദീസിനെ (സ്വഹീഹ് മുസ്ലിം ഹദീസ്നമ്പര്‍:230 ) വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി(റ) എഴുതുന്നു:
” ഈ ഹദീസില്‍ സ്ത്രീകള്‍ പള്ളിയില്‍ ഹാജറാകല്‍ അനുവദനീയമാണെന്നുണ്ട്”. (ശറഹ് മുസ്ലിം:2 / 280 )

നോക്കൂ, സ്ത്രീകള്‍ പള്ളികളില്‍ പോയി അവിടെ നടക്കുന്ന ജമാഅത്ത് നമസ്കാരങ്ങളില്‍ പങ്കെടുക്കല്‍ അനുവദനീയമാണെന്ന് വ്യക്തമായി തന്നെ ഇമാം നവവി(റ) പറയുന്നു. അത് ഹറാമാണെന്നും കുറ്റകരമാണെന്നും ശാഫീ മദ്ഹബിന്റെ പേരില്‍ തട്ടിവിടുന്നവര്‍ ഇക്കാര്യം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.

2) മദീനാ പള്ളിയില്‍ ജമാഅത്തിനായി കൂടിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഉറക്കം ബാധിക്കുന്നത്ര സമയം ഇശാ നമസ്കാരം നബി (സ) വൈകിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന സ്വഹീഹ് മുസ്ലിം ഉദ്ധരിച്ച ഹദീസിനെ (ഹദീസ് നമ്പര്‍:219 ) വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
“സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്നതുകൊണ്ട് ഉദ്ദേശ്യം അവരില്‍ നിന്ന് പള്ളിയില്‍ നമസ്കാരത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.” (ശറഹ് മുസ്ലിം 5 /275 )

അപ്പോള്‍ പള്ളിയില്‍ തന്നെയാണ് സ്ത്രീകളും കുട്ടികളും ഉറങ്ങിയത് എന്നും അവര്‍ ഇശാ ജമാഅത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഇമാം നവവി(റ)യുടെ മേല്‍ വ്യാഖ്യാനത്തിലൂടെ വ്യക്തമാകുന്നത്. അഥവാ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാമെന്നും ജമാഅത്ത് നമസ്കാരത്തില്‍ പങ്കെടുക്കാമെന്നും അതിലൂടെ വ്യക്തമായി.

3) ഇതുപോലെ നബി(സ) സ്ത്രീകളടക്കമുള്ള മ’ മൂമുകള്‍ക്ക് ഇമാമായി നിന്ന് നമസ്കരിക്കുമ്പോള്‍ സ്ത്രീകളുടെകൂടെയുള്ള ചെറിയ കുട്ടികള്‍, കരഞ്ഞു ശല്യപ്പെടുത്തുമ്പോള്‍ നബി(സ) നമസ്കാരത്തിന്റെ ദൈര്‍ഘ്യം ചുരുക്കി അവരെകൂടി പരിഗണിച്ചിരുന്നു എന്ന് പറയുന്ന ഹദീസിനെ (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:230 ) വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
“ഈ ഹദീസില് സ്ത്രീകള്‍ പള്ളിയില്‍ വെച്ച് പുരുഷന്മാരുടെ നമസ്കാരത്തിന്റെ കൂടെ നമസ്കരിക്കലും കുട്ടികളെ പള്ളിയില്‍ പ്രവേശിപ്പിക്കലും അനുവദനീയമാ‍ണെന്നുണ്ട് .”(ശറഹ് മുസ്ലിം:2 /140 )

4) നബി(സ)യോടൊപ്പം സ്ത്രീകള്‍ ഗ്രഹണനമസ്കാരത്തില്‍ പങ്കെടുത്തു എന്ന് പറയുന്ന ഹദീസിനെ (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:904) വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
“ഗ്രഹണ നമസ്കാരം സ്ത്രീകള്‍ക്കും സുന്നത്തുണ്ടെന്നും അവര്‍ പുരുഷന്മാരുടെ പിന്നിലായി ഹാജരാവണമെന്നും ഇതില്‍നിന്നു ഗ്രഹിക്കാവുന്നതാണ്. “(ശറഹ് മുസ്ലിം:3 / 481 )

5 ) പ്രസിദ്ധ സ്വഹാബി വനിതയായ സൈനബ്(റ) പള്ളിയില്‍ വെച്ച രാത്രി നമസ്കാരം നിര്‍വഹിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസ്(സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:784) വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ)പറയുന്നു:
“സ്ത്രീകള്‍ പള്ളിയില്‍ വെച്ച് സുന്നത്ത് നമസ്കരിക്കല്‍ അനുവദനീയമാണെന്ന് ഈ ഹദീസിലുണ്ട്. കാരണം അവര്‍ [സൈനബ്(റ)] സുന്നത്ത് നമസ്കരിച്ചത് പള്ളിയില്‍ വെച്ചായിരുന്നു. നബി(സ) അവരെ എതിര്‍ക്കുകയുണ്ടായിരുന്നില്ല.” (ശറഹ് മുസ്ലിം 3 /332 ).

ഇവിടെയെല്ലാം സ്ത്രീകള്‍ വിവിധങ്ങളായ നമസ്കാരങ്ങള്‍ക്കുവേണ്ടി അന്യ പുരുഷന്മാര്‍ പങ്കെടുക്കുന്ന പള്ളികളില്‍ സംബന്ധിക്കുന്നത് തെറ്റല്ലെന്നും അനുവദനീയമാണെന്നും വ്യക്തമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇമാം നവവി(റ) ചെയ്തിരിക്കുന്നത്.

പള്ളിയില്‍ സ്ത്രീകളുടെ സ്വഫ്ഫ്

ഇനി പള്ളിയില്‍ ഹാജരായ സ്ത്രീകള്‍ ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് വേണ്ടി എപ്രകാരമാണ് സ്വഫ്ഫ്(അണി) നിലകൊണ്ടത് എന്ന് ഇമാംനവവി(റ) തന്നെ വ്യക്തമാക്കുന്നത് കാണുക:
“സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ഒരു ജമാഅത്തായി നമസ്കരിക്കുമ്പോള്‍ അവരുടെ ഇടയില്‍ യാതൊരു മറയും ഇല്ലാതിരുന്നാല്‍ സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവസാനത്തെ വരിയാണ്. അബൂ ഹുറൈറ(റ)യുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍.നബി(സ) പറഞ്ഞു പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതും ആകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതും ആകുന്നു.”(ശറഹുല്‍ മുഹദ്ദബ് 4 /301 )
ഈ ഉദ്ധരണിയില്‍ പരാമര്‍ശിച്ച ഹദീസിനെ (പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതുമാകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതുമാകുന്നു.”) വ്യാഖ്യാനിച്ചുകൊണ്ട് നവവി(റ) ഇമാം തന്നെ ശറഹ് മുസ്ലിമില്‍ പറയുന്ന സംഗതികള്‍ പ്രത്യേകം ശ്രദ്‌ധിക്കുക:

“പുരുഷന്മാരുടെ അണികളില്‍ എപ്പോഴും ശ്രേഷ്ഠം ആദ്യത്തെ വരിയാണ്. മോശം അവസാനത്തേതും. എന്നാല്‍ ഹദീസില്‍ പരാമര്‍ശിച്ച സ്ത്രീകളുടെ വരി എന്നതിന്റെ ഉദ്ദേശ്യം പുരുഷന്മാരുടെ പിന്നില്‍ നമസ്കരിക്കുന്ന സ്ത്രീകളുടെ വരികളാണ്. എന്നാല്‍ പുരുഷന്മാരുടെ പിന്നിലല്ലാതെ അവര്‍ പ്രത്യേകമായി നമസ്കരിക്കുകയാണെങ്കില്‍ അവരുടെ വരികള്‍ പുരുഷന്മാരുടെതുപോലെയാണ്. അതായത് നല്ലത് ആദ്യത്തേതും ചീത്ത അവസാനത്തേതും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വാഫ്ഫുകളില്‍ മോശമായത് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്, ശ്രേഷ്ടതയിലും പ്രതിഫലത്തിലും കുറവുള്ളതെന്നാണ്. ശറഇന്റെ തേട്ടം അതില്‍ നിന്ന് അകന്നു നില്ക്കാനാണ്. അതിനെതിരാകലാണ് നന്മ. തീര്‍ച്ചയായും സ്ത്രീകളുടെ അണികളില്‍ അവസാനത്തേതിനു നബി(സ) ശ്രേഷ്ഠതകല്പിച്ചത് പുരുഷന്മാരുമായി അകന്നത് കൊണ്ടും അവരെ കാണുന്നതില്‍നിന്നും അവര്‍ വിദൂരമായത്കൊണ്ടും, പുരുഷന്മാരുടെ ചലനം കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്ത്രീകളുടെ മനസ്സ് പുരുഷന്മാരുമായി ബന്ധമുള്ള അവസ്ഥ കുറയുന്നതുകൊണ്ടുമാണ്.”(ശറഹ് മുസ്ലിം 4 /119 ,120 )

എത്രവ്യക്തമാണ് മേല്‍വിശദീകരണങ്ങള്‍! ഇവിടെയെല്ലാം പുരുഷന്മാരുടെയും സ്ത്രീകളുടെയുമിടയില്‍ നേരിയ ഒരു മറപോലും വേണമെന്ന് പറയുന്നില്ല. ശാഫീ മദ്ഹബിലെ മറ്റു ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചാലും ഇക്കാര്യം കാണാന്‍ സാധിക്കും. മാത്രമല്ല, ഇന്നത്തെ മുജാഹിദുപള്ളികളിലേതുപോലെ കോണ്‍ഗ്രീറ്റ്ഭിത്തിയോ ശക്തമായ മറ്റെന്തെങ്കിലും മറകളോ ഇല്ലാതെ, പുരുഷന്മാരുടെ തൊട്ടുപിന്നിലായി സ്ത്രീകള്‍ക്ക് നമസ്കരിക്കാം എന്നാണല്ലോ ഇമാം നവവി(റ)യുടെ പ്രസ്തുത വരികള്‍ അറിയിച്ചത്.

No comments :

Post a Comment

Note: Only a member of this blog may post a comment.