Sunday, June 29, 2014

ഖബര്‍ കെട്ടിപ്പൊക്കല്‍

ഖബറുകള്‍ മഹാന്മാരുടെതാണെങ്കിലും സാധാരണക്കാരുടെതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ ഉയര്‍ത്തുന്നതും അലങ്കരിക്കുന്നതും അതിന്മേല്‍ തേപ്പ് നടത്തുന്നതും ഖുബ്ബയുണ്ടാക്കുന്നതും എഴുതുന്നതും, ഖബര്‍ ചുറ്റുന്നതും അത് തൊടുന്നതും ചുംബിക്കുന്നതുമെല്ലാം ഇസ്‌ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്. ഇക്കാര്യം ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ)തന്നെ ധീരമായി പ്രഖ്യാപിക്കുന്നത് കാണുക:
“(തെളിവുകളുടെ അടിസ്ഥാനത്തില്‍) സത്യം ശരിക്കും മനസ്സിലാക്കിയ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരില്‍പെട്ട ഇമാം അബൂഹസന്‍ അല്‍ സഅഫറാനി തന്‍റെ ‘അല്‍ജനാഇസ്’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഖബര്‍ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാന്‍ പാടില്ല. ഇപ്രകാരമാണ് നബിചര്യ കഴിഞ്ഞുപോയിട്ടുള്ളത്. സഅഫറാനി പറഞ്ഞു: ഇന്ന് സാധാരണക്കാര്‍ ചെയ്യുന്നതുപോലെ ഖബറിനെ തൊട്ടുമുത്തലും ചുംബിക്കലും ശറഇല്‍ വെറുക്കപ്പെട്ട ബിദ്അത്തുകളില്‍ ഉള്‍പ്പെട്ടതാണ്. ഇത് വര്‍ജ്ജിക്കല്‍ നിര്‍ബന്ധമാണ്‌. ഇത് ചെയ്യുന്നവരെ വിരോധിക്കല്‍ അനിവാര്യവുമാണ്‌. ഇമാം സഅഫറാനി പറഞ്ഞു: വല്ലവനും സലാം പറയാന്‍ ഉദ്ദേശിച്ചാല്‍ മയ്യിത്തിന്‍റെ മുഖത്തിന്‍റെ നേരെ നില്‍ക്കണം. പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെനിന്ന് തെറ്റി ഖിബലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കണം.


അബൂമൂസ(റ) പറയുന്നു: ഖുറാസാനിലെ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാര്‍ പറഞ്ഞു: ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ ഖിബ്‌ലക്ക് പിന്നിട്ടു മയ്യിത്തിനെ അഭിമുഖീകരിച്ചു അവന്‍ സലാം പറയണം.എന്നാല്‍ ഖബറിനെ തൊടുകയോ മുത്തുകയോ ചെയ്യരുത്. നിശ്ചയം അത് ക്രിസ്ത്യാനികളുടെ ചര്യയാണ്. അദ്ദേഹം പറഞ്ഞു: അവര്‍ പ്രസ്താവിച്ചത് വളരെ യാഥാര്‍ത്യമാണ്. തീര്‍ച്ചയായും നബിചര്യയുടെ അഭാവം കാരണം കഅബയുടെ രണ്ട് ശാമീമൂലകളെ ചുംബിക്കല്‍ നല്ലതല്ല. എന്നാല്‍ മറ്റു രണ്ട് മൂലകള്‍ ചുംബിക്കല്‍ സുന്നത്തുമാണ്. എന്നിരിക്കെ ഖബറിനെ തൊടല്‍ പോലും സുന്നത്തല്ല.”(ശറഹുല്‍ മുഹദ്ദബ്:5 /311)



ഇമാം നവവി(റ) തന്നെ ഇതേ ഗ്രന്ഥത്തില്‍ മറ്റൊരു സ്ഥലത്ത് എഴുതുന്നത് കാണുക:

“നബി(സ) യുടെ ഖബറിനെ ത്വവാഫ് (ചുറ്റല്‍) ചെയ്യാന്‍ പാടില്ല. തന്ടെ വയറുകൊണ്ടോ മുതുകുകൊണ്ടോ ഖബറിന്റെ
ചുമരിനെ സ്പര്‍ശിക്കല്‍ വെറുക്കപ്പെട്ടതാണ്‌. ഇപ്രകാരം അബൂഉബൈദുല്‍ ഹലീമിയും മറ്റും പറയുന്നു. അവര്‍ വീണ്ടും പറയുന്നു: ഖബറിനെ കൈകൊണ്ട് തൊടലും ചുംബിക്കലും വെറുക്കപ്പെട്ട കറാഹത്താണ്. തിരുമേനി (സ) ജീവിച്ചിരുന്ന കാലത്ത് അകന്നു നില്‍ക്കുന്നത്പോലെ അകന്നു നില്‍ക്കണം. ഈ പറഞ്ഞതാണ് യാഥാര്‍ത്ഥ്യം. പണ്ഡിതന്മാര്‍ ഇപ്രകാരം ഏകോപിച്ച് പ്രസ്താവിക്കുന്നുണ്ട് ‌. സാധാരണക്കാരായ ധാരാളം മനുഷ്യര്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത് കണ്ട് നീ വഞ്ചിതനാകരുത്. നിശ്ചയം പ്രവര്‍ത്തിയും പിന്തുടരലും സ്വഹീഹായ ഹദീസുകളും (അതുമായി യോജിച്ച) പണ്ഡിതഭിപ്രായങ്ങളുമാണ്. സാധാരണക്കാരായ ജനങ്ങള്‍ നിര്‍മ്മിച്ചു ണ്ടാക്കിയ അനാചാരങ്ങളിലേക്കും അവരുടെ വിഡ്ഡിത്തത്തിലേക്കും നീ തിരിഞ്ഞു നോക്കരുത്. ബുഖാരിയിലും മുസ്ലിമിലും ആയിഷ(റ)യില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: നബി(സ)പറഞ്ഞു: ‘നമ്മുടെ മതത്തില്‍ അതിലില്ലാത്തത് ആരെങ്കിലും നീര്‍മ്മിച്ചാല്‍ അത് ഉപേക്ഷിക്കപ്പെടണം. ‘മുസ്ലിമിന്റെ നിവേദനത്തില്‍ പറയുന്നു: ‘നമ്മുടെ നീര്‍ദ്ദേശമില്ലാതെ എന്തെങ്കിലും പ്രവര്‍ത്തി ആരെങ്കിലും ചെയ്‌താല്‍ അത് വര്‍ജ്ജിക്കപ്പെടണം’. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി(സ) അരുളി :’എന്റെ ഖബറിനെ നിങ്ങള്‍ ആഘോഷസ്ഥലമാക്കരുത്.


നിങ്ങള്‍ എനിക്ക് സ്വലാത്ത് ചൊല്ലുക; നിങ്ങളെവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടും.’(അബൂദാവൂദ് ഇത് സ്വഹീഹായി ഉദ്ധരിക്കുന്നു) ഫുളൈല്ബ്നു ഇയാള് (റ) പറയുന്നു:- നീ സന്മാര്‍ഗ്ഗത്തിന്റെ വഴി പിന്തുടരുക. അതില്‍ പ്രവേശിക്കുന്നവര്‍ കുറവാണെന്നത് നിനക്ക് ഉപദ്രവം ചെയ്യുകയില്ല. ദുര്‍മാര്‍ഗ്ഗത്തിന്റെ വഴിയെ നീ സൂക്ഷിക്കുക. അതില്‍ പ്രവേശിക്കുന്നവരുടെ വര്‍ദ്ദനവ് നിന്നെ വഞ്ചനയില്‍ ചാടിക്കരുത്. ആരെങ്കിലും കൈകൊണ്ടും മറ്റും നബി(സ)യുടെ ഖബറിനെ സ്പര്‍ശിക്കലാണ് തബര്‍റുക്‌ എടുക്കുന്നതില്‍ ഏറ്റവും അനുയോജ്യമായതെന്നു വിശ്വസിക്കുകയാണെങ്കില്‍ അത് അജ്ഞതയും അശ്രദ്ധയുമാണ്‌. നിശ്ചയം തബര്‍റുക്‌ (നന്മ) എടുക്കല്‍ മതനിയമങ്ങളുമായി യോജിക്കുന്നതിലാണ്. സത്യത്തിനു എതിര്‍ പ്രവര്‍ത്തിക്കുന്നതില്‍ എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കുക?”.(ശറഹുല്‍ മുഹദ്ദബ്‌ :8 / 275



ഇമാം നവവി(റ) തന്നെ തന്ടെ ‘മിന്ഹാജുത്ത്വാലിബീനി’ ല്‍ പറയുന്നു: “ഖബര്‍ (ഒരു ചാണിലധികം) ഉയര്‍ത്തുന്നതും അതിന്മേല്‍ തേപ്പു നടത്തുന്നതും അതിന്മേല്‍ എഴുതുന്നതും വെറുക്കപ്പെട്ടതാണ്.”(മിന്ഹാജുത്ത്വാലിബീന്‍ പേജ് :29 )



ഇമാം നവവി(റ)തന്നെ വീണ്ടും വ്യക്തമാക്കുനത് നോക്കൂ: “ഖബറിന്മേല്‍ പള്ളി നിര്‍മിക്കുന്നത് വെറുക്കപ്പെടും. അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 ).



ഇത് പോലെ ഒരു ഹദീസിനെ (അബുല്‍ ഹയ്യാജ്(റ) നിവേദനം:അലി(റ) എന്നോട് പറഞ്ഞു: ‘ഞാന്‍ നിന്നെ നബി(സ) എന്നെ നിയോഗിച്ച അതെ സംഗതികള്‍ക്ക് വേണ്ടി നിയോഗിക്കുന്നു. നീ ഒറ്റ പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയര്‍ത്തപ്പെട്ട ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.’ സ്വഹീഹ് മുസ്ലിം ഹദീസ്നമ്പര്‍: 969 ) ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നു:



നിശ്ചയം സുന്നത്ത്, ഖബര്‍ ഭൂമിയില്‍ നിന്നും കൂടുതലായി ഉയര്‍ത്തരുത് എന്നും മുകള്‍ ഭാഗം കൂനയാക്കാന്‍ പാടില്ല എന്നും ഈ ഹദീസിലുണ്ട്. എന്നാല്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തുകയും മുകള്‍ഭാഗം പരത്തുകയും ചെയ്യണം.ഇതാണ് ഇമാം ശാഫീ(റ)യുടെയും അദ്ദേഹത്തെ പിന്‍പറ്റിയവരുടെയും അഭിപ്രായം.”(ശറഹ് മുസ്ലിം:4 /42 )



ഇതുപോലെ മറ്റൊരു ഹദീസിനെ (ഫളാലത്തുബ്നു ഉബൈദ് (റ) റിപ്പോര്‍ട്ട് :അദ്ദേഹം പറഞ്ഞു: ‘ഖബര്‍ നിരപ്പാക്കാന്‍ നബി(സ) കല്‍പ്പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ‘സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:968 ) ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നു:

“ഈ ഹദീസില്‍ ഖബറിന്മേല്‍ എന്തെങ്കിലും നിര്‍മ്മിക്കലും ഖബറിന്മേല്‍ കുമ്മായം തേക്കലും കറാഹത്താണെന്നും അതിന്മേല്‍ ഇരിക്കല്‍ ഹറാമാണെന്നുമുണ്ട്. ഇത് ശാഫീ(റ)യുടെയും മുസ്ലിം ഭൂരിപക്ഷ പണ്ഡിതരുടെയും മദ്ഹബാണ്………..
………….നമ്മുടെ അസ്വഹാബ് പറഞ്ഞത് ഖബര്‍ കുമ്മായമിടല്‍ കറാഹത്തും അതിന്മേല്‍ ഇരിക്കല്‍ ഹറാമുമാണെന്നാണ്. ഇതു പോലെ ഖബറിന്മേല്‍ ഊന്നുകയോ ചാരുകയോ ചെയ്യുന്നതും ഹറാമാണ്. എന്നാല്‍, ഖബറിന്മേല്‍ വല്ലതും നിര്‍മ്മിക്കല്‍, നിര്‍മ്മിക്കുന്നവന്റെ അധീനതയിലുള്ള സ്ഥലത്താണ് ഖബറെങ്കില്‍ അത് കറാഹത്താണ്. പൊതു ഖബര്‍ സ്ഥാനിയിലാണെങ്കില്‍ ഹറാമുമാണ്. ഈ കാര്യം ഇമാം ശാഫീ (റ) യും അസ്ഹാബും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘അല്‍ ഉമ്മി’ല്‍ ഇമാം ശാഫീ(റ) പറഞ്ഞു: ‘മക്കയിലെ ഇമാമീങ്ങള്‍ ഖബറിന്മേല്‍ നിര്‍മ്മിക്കപെട്ടവയെല്ലാം പൊളിച്ചുകളയാന്‍ കല്‍പ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ‘ഖബറിന്മേല്‍ നിര്‍മ്മിക്കപെട്ടവയെല്ലാം പൊളിച്ചുകളയണം എന്ന് ഇമാം ശാഫീ(റ) പറഞ്ഞതിന് നബി(സ)യുടെ വചനം തെളിവാകുന്നു. ‘ഉയര്‍ത്തപ്പെട്ട ഖബറുകളെല്ലാം നീ നിരപ്പാക്കണം’(എന്നാണു ആ നബിവചനം.)” (ശറഹ് മുസ്ലിം:4 43 )


ഇനിയും ഇമാം നവവി(റ)തന്നെ തന്‍റെ ‘അല്‍ ഈളാഹി’ല്‍ രേഖപ്പെടുത്തുന്നത് കാണുക:

“നബി(സ)യുടെ ഖബര്‍ ത്വവാഫ് ചെയ്യാന്‍ പാടില്ല. വയറും മുതുകും അതിന്റെ ചുമരില്‍ ചേര്‍ക്കാനും പാടില്ല. ഇക്കാര്യം ഹലീമി എന്നവരും മറ്റും പറഞ്ഞിട്ടുണ്ട്. (ആ ഖബറിനെ) കൈകൊണ്ട് തടവലും മുത്തലും കറാഹത്താകുന്നു. ജീവിതകാലത്ത്‌ ഹാജറായാല്‍ എങ്ങനെ സമീപിക്കുമോ അത്പോലെ അകന്നു നില്‍ക്കണം. ഇതാണ് പണ്ഡിതന്മാര്‍ പറഞ്ഞതും ഏകോപിച്ചതും. പൊതുജനം ഇതിന്നെതിരില്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ട് വഞ്ചിതരായിപ്പോകരുത്. വിവരം കേട്ടവരും സാധാരണക്കാരുമായ ആളുകള്‍ പുതുതായി ഉണ്ടാക്കിയ കാര്യങ്ങള്‍ നോക്കുകതന്നെ വേണ്ട. പിന്‍പറ്റലും കര്‍മവും വിവരമുള്ളവര്‍ പറഞ്ഞതനുസരിച്ചാണ് വേണ്ടത്. സന്മാര്‍ഗ്ഗം നീ പിന്തുടരുക; ആ വഴിയില്‍ പ്രവേശിക്കുന്നവര്‍ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാര്‍ഗ്ഗം നീ സൂക്ഷിക്കണം. ആ വഴിയില്‍ കടക്കുന്നവരുടെ ആള്‍പെരുപ്പം കണ്ട് നീ വഞ്ചിതനാവരുത് എന്ന് ‘ഫുളയ്‌ലുബ്നു ഇയാള്’ പറഞ്ഞത് വളരെ മനോഹരമാണ്.” (അല്‍ ഈളാഹ്,പേജ്:919 )


നോക്കൂ ഇന്ന് നമ്മുടെ സമൂഹത്തില്‍ സമസ്തക്കാരായ മുസ്ല്യാക്കന്മാരുടെ പിന്തുണയോടെ ചെയ്യുന്നതും അംഗീകരിച്ചു വരുന്നതുമായ ഖബര്‍ കെട്ടി ഉയര്‍ത്തല്‍, അതിന്മേല്‍ ഖുബ്ബ നിര്‍മ്മിക്കല്‍, പേരെഴുതിവെക്കല്‍, കുമ്മായമിടല്‍ അത് ചുറ്റല്‍, തൊടല്‍, ചുംബിക്കല്‍….തുടങ്ങിയ എല്ലാ സമ്പ്രദായങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയും വിരോധിക്കുകയുമാണ് ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) ഇവിടെ ചെയ്യുന്നത്. നബി(സ)യുടെ ഹദീസുദ്ധരിച്ചുകൊണ്ടാണീ ആഹ്വാനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അപ്പോള്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകള്‍ക്ക് സ്വന്തം മദ്ഹബിന്റെ പോലും പിന്ബലമില്ലെന്നും അത് ജൂത-ക്രിസ്ത്യാനികളുടെ ചര്യയാണെന്നും ഇതോടെ കൂടുതല്‍ വ്യക്തമായി.

No comments :

Post a Comment

Note: Only a member of this blog may post a comment.