നബി(സ്വ)യുടെയും സ്വഹാബിമാരുടെയും ഉത്തമ മാതൃക സ്വീകരിച്ച് പെരുന്നാള്‍ നമസ്കാരം മൈതാനിയില്‍ വെച്ച് നമസ്കരിക്കുന്നവരാണ് സലഫികള്‍. പള്ളികള്‍ നിറഞ്ഞ് കവിഞ്ഞാലും ബാക്കിയുള്ളവര്‍ക്ക് അതിന്റെ പുറത്ത് വെച്ച് ശേഷിക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി നമസ്കരിക്കാന്‍ സൌകര്യമുണ്ടായിട്ടും ആ മാര്‍ഗ്ഗം തിരഞ്ഞെടുക്കാതെ നബി(സ്വ)യും സ്വഹാബത്തും രണ്ട് പെരുന്നാള്‍ നമസ്കാരങ്ങള്‍ക്കും മൈതാനി(മുസ്വല്ല)യിലേക്ക് പുറപ്പെട്ടത് അതിന് പള്ളിയേക്കാള്‍ ശ്രേഷ്ഠത മൈതാനിയാണെന്ന് മനസ്സിലാക്കിയത് കൊണ്ടായിരുന്നു. പ്രവാചകന്റെയും സ്വഹാബത്തിന്റെയും ഉത്തമമായ ഇത്തരം ചര്യകളെ എതിര്‍ക്കുന്ന ഈദ്ഗാഹ് വിരോധികള്‍ പറയുന്ന ചില മുടന്തന്‍ ന്യായങ്ങള്‍ നമുക്കാദ്യം വിശകലനം ചെയ്യാം.
ആരോപണം (1): ശ്രേഷ്ഠമായ പള്ളി ഒഴിവാക്കി നമസ്കാരത്തിനും മറ്റ് ആരാധനകള്‍ക്കും കാലികള്‍ മേയുകയും മറ്റും ചെയ്യുന്ന വയലേലകളിലേക്കും പറമ്പുകളിലേക്കും പോകുന്നത് ഉചിതമല്ല.
മറുപടി (1): മൈതാനിയേക്കാള്‍ പള്ളിയാണ് ശ്രേഷ്ഠമെന്ന കാര്യം ആരും നിഷേധിക്കുന്നില്ല. പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് പള്ളിയേക്കാള്‍ ശ്രേഷ്ഠം മൈതാനിയാണ് എന്നതാണ് വിഷയം. ഈ വസ്തുത വിമര്‍ശകരുടെ മദ്ഹബുകളും പ്രസിദ്ധീകരണങ്ങളും സമ്മതിക്കുന്നത് ഇന്‍ശാഅല്ലാഹ് നമുക്ക് വഴിയെ വായിക്കാം.
മറുപടി (2): ഏതെങ്കിലും ചില നമസ്കാരങ്ങള്‍ക്ക് നബി(സ്വ) പള്ളിയേക്കാള്‍ മറ്റു സ്ഥലങ്ങള്‍ക്ക് പ്രത്യേകത കല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആ നമസ്കാരങ്ങള്‍ക്ക് പള്ളിയേക്കാള്‍ ശ്രേഷ്ഠം മറ്റ് സ്ഥലങ്ങള്‍ തന്നെയാണെന്നാണ് അതിനര്‍ത്ഥം. ഫര്‍ള് നമസ്കാര ശേഷമുള്ള റവാതിബ് സുന്നത്തിന് വീടാണ് പള്ളിയേക്കാള്‍ നല്ലതെന്ന് വിമര്‍ശകരും അംഗീകരിക്കുന്നുണ്ടല്ലോ? പള്ളിയുടെ ശ്രേഷ്ഠതയും പവിത്രതയും കണക്കിലെടുത്ത് നബി(സ്വ) വീട്ടില്‍ വെച്ച് ശ്രേഷ്ഠമാക്കിയ ഈ നമസ്കാരം ഇക്കൂട്ടര്‍ പള്ളിയിലേക്ക് മാറ്റി അതാണ് പുണ്യം എന്ന് പറയുമോ? ഇല്ല എന്നാണ് മറുപടിയെങ്കില്‍ ഇതേ കാരണം കൊണ്ട് പെരുന്നാള്‍ നമസ്കാരങ്ങള്‍ക്കും ശ്രേഷ്ഠം പള്ളിയാണെന്ന് പറയാനും ഇവര്‍ക്ക് കഴിയില്ല.
ആരോപണം (2): പള്ളിയില്‍ ആളുകള്‍ കൊള്ളാതെ വന്നപ്പോള്‍ മാത്രമാണ് നബി(സ്വ) മറ്റു സ്ഥലങ്ങള്‍ പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തത്.
മറുപടി (1): ഇങ്ങനെയൊരു കാരണം ഇവര്‍ സ്വയം മെനഞ്ഞെടുത്തതല്ലാതെ പ്രമാണങ്ങളിലൊന്നും അത് കാണുന്നില്ല.
മറുപടി (2): പള്ളിയില്‍ വെച്ച് ശ്രേഷ്ഠമായ നമസ്കാരം കഴിയുന്നത്ര ആളുകള്‍ പള്ളിയില്‍ വെച്ചും ബാക്കിയുള്ള ആളുകള്‍ പള്ളിക്ക് പുറത്ത് പള്ളിയോടനുബന്ധിച്ച് സൌകര്യം ചെയ്തും നമസ്കരിക്കലാണ് പതിവ്. ജുമുഅയിലും മറ്റ് ഫര്‍ള് നമസ്കാരങ്ങളിലും പള്ളികള്‍ നിറഞ്ഞ് കവിഞ്ഞാല്‍ വിമര്‍ശകര്‍ പോലും ചെയ്യാറുള്ളത് ഇങ്ങിനെയാണല്ലോ? ഇതില്‍ നിന്ന് വ്യത്യസ്തമായി പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് മാത്രം എല്ലാവരും പള്ളി ഒഴിവാക്കി മൈതാനിയിലേക്ക് പോകുന്നത് പള്ളിയേക്കാള്‍ പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് ശ്രേഷ്ഠം മൈതാനിയായത് കൊണ്ടാണ്.
മറുപടി (3): പെരുന്നാള്‍ നമസ്കാരത്തിന് നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചര്യ പള്ളി ഉണ്ടായിട്ടും മുസ്വല്ലയിലേക്ക് പോവുക എന്നതായിരുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞത് കൊണ്ടാണ് ഇതെന്ന് സ്വഹീഹായ ഹദീസുകളിലൊന്നും വ്യക്തമാകാത്തതിനാല്‍ ഈദ്ഗാഹ് വിരോധികളുടെ സ്വയം നിഗമനങ്ങള്‍ക്ക് ഇവിടെ യാതൊരു നിലനില്‍പ്പുമില്ല. ഈദ്ഗാഹിന് ശ്രേഷ്ഠത പള്ളിയില്‍ വെച്ചല്ല എന്ന് ഇവരുടെ മദ്ഹബുകളും പ്രസിദ്ധീകരണങ്ങളും സമ്മതിക്കുന്നത് താഴെ വായിക്കാം.
ആരോപണം (3): നബി(സ്വ)യും സ്വഹാബികളും പള്ളിക്ക് പുറത്ത് വെച്ച് നമസ്കരിച്ചത് പെരുന്നാള്‍ നമസ്കാരത്തിനായി പ്രത്യേകം വഖ്ഫ് ചെയ്ത സ്ഥലത്തായിരുന്നു. ആയതിനാല്‍ അല്ലാത്ത സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്കാരം പറ്റുകയില്ല.
മറുപടി (1): ഈയൊരു വാദം ഈദ്ഗാഹ് വിരോധികള്‍ സ്വയം മെനഞ്ഞുണ്ടാക്കിയതാണ്. നബി(സ്വ)യും സ്വഹാബത്തും പള്ളിക്ക് പുറത്ത് വെച്ച് പെരുന്നാള്‍ നമസ്കരിച്ച സ്ഥലം അതിന് വേണ്ടി മാത്രം കെട്ടിയുണ്ടാക്കി നീക്കി വെച്ചതാണെന്നതിനും വഖ്ഫ് ചെയ്തതാണെന്നതിനും ക്വുര്‍ആനിലോ സ്വഹീഹായ ഹദീസുകളിലോ യാതൊരു തെളിവുകളുമില്ല.
മറുപടി (2): ഈദ്ഗാഹ് വിരോധികള്‍ തന്നെ അതിന് വേണ്ടി മാത്രം നീക്കി വെച്ചതല്ലാത്തതും വഖ്ഫ് ചെയ്യാത്തതുമായ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്കരിച്ചതിന്റെ തെളിവുകള്‍ താഴെ വരുന്നുണ്ട്. അതോടെ ഇവരുടെ വഖ്ഫ് വാദവും പ്രത്യേകസ്ഥല വാദവും പൊളിയുന്നതാണ്.
നബി(സ്വ) പോയിരുന്നത് മുസ്വല്ലയിലേക്ക്
നബി(സ്വ) പെരുന്നാള്‍ നമസ്കരിക്കാന്‍ പോയിരുന്നത് പള്ളിയിലേക്കല്ല എന്ന വസ്തുത ഈദ്ഗാഹ് വിരോധികളുടെ ബുഖാരി സമ്പൂര്‍ണ്ണ പരിഭാഷയില്‍ വ്യക്തമാക്കുന്നത് കാണുക:- “അബൂസഈദില്‍ ഖുദ്രി(റ) നിവേദനം. നബി(സ്വ) ചെറിയ പെരുന്നാള്‍ ദിനത്തിലും ബലിപെരുന്നാള്‍ ദിനത്തിലും മുസ്വല്ലയിലേക്ക് (മദീനയിലെ അറിയപ്പെട്ട ഒരു സ്ഥലമാണിത്. അതിന്റെയും മസ്ജിദുന്നബവിയുടെയും ഇടയില്‍ ആയിരം മുഴം അകലമുണ്ട്. (ഫത്ഹുല്‍ബാരി.) പോകുമായിരുന്നു. എന്നിട്ട് നബി(സ്വ) തുടങ്ങുന്ന പ്രഥമ കാര്യം നമസ്കാരമായിരിക്കും.” (സ്വഹീഹുല്‍ ബുഖാരി സമ്പൂര്‍ണ്ണ വ്യാഖ്യാനം. 2/434. ഇബ്റാഹീം പുത്തൂര്‍ ഫൈസി.)
ബുഖാരിയിലെ 953-ാം നമ്പര്‍ ഹദീസിന്റെ പരിഭാഷയാണ് മുസ്ല്യാര്‍ ഇവിടെ നല്‍കിയിരിക്കുന്നത്. മുസ്വല്ല സംബന്ധമായി ബ്രാക്കറ്റില്‍ കൊടുത്ത വിശദീകരണവും മുസ്ല്യാരുടേത് തന്നെ. പള്ളിയുടെ പുറത്തുള്ള സ്ഥലത്ത് വെച്ചാണ് നബി(സ്വ)യുടെ പെരുന്നാള്‍ നമസ്കാരമെന്ന് മേല്‍ വിശദീകരണത്തില്‍ നിന്ന് വ്യക്തമായല്ലോ? മുസ്വല്ല പള്ളിയല്ലെന്ന് വ്യക്തമാക്കുന്ന മുസ്ല്യാരുടെ വിശദീകരണം വീണ്ടും കാണുക:- “മുസ്വല്ലയില്‍ നിലത്ത് നിന്ന് ഖുതുബ നിര്‍വ്വഹിക്കലാണ് മിമ്പറില്‍ കയറി നിര്‍വ്വഹിക്കുന്നതിനേക്കാള്‍ നല്ലത്. പള്ളിയില്‍ അതിന് വിപരീതവും. മുസ്വല്ലയാകുമ്പോള്‍ നിലത്ത് നിന്നാല്‍ തന്നെ അവിടെ സന്നിഹിതരായവരെ കാണാന്‍ സൌകര്യമായിരിക്കും. കാരണം ഇടക്ക് ഭിത്തിയോ മറയോ ഇല്ലാതെ പരന്ന് കിടക്കുന്ന സ്ഥലമാണല്ലോ അത്. പള്ളിയുടെ അവസ്ഥ അങ്ങനെയല്ല. അത് പരിമിതമായ സ്ഥലത്ത് ഒരുങ്ങുന്നതാണ്.” (സ്വഹീഹുല്‍ ബുഖാരി സമ്പൂര്‍ണ്ണ വ്യാഖ്യാനം. 2/435. ഇബ്റാഹീം പുത്തൂര്‍ ഫൈസി.)
നബി(സ്വ) സാധാരണ നമസ്കരിച്ചത് മൈതാനിയില്‍
നബി(സ്വ) രണ്ട് പെരുന്നാളുകളും നമസ്കരിച്ചിരുന്നത് പള്ളിയല്ലാത്ത മുസ്വല്ലയില്‍ വെച്ചാണെന്ന് ഈദ്ഗാഹ് വിരോധികള്‍ പ്രമാണ സഹിതം എഴുതിയത് മുകളില്‍ വായിച്ചുവല്ലോ? പെരുന്നാള്‍ നമസ്കാരത്തില്‍ അവിടുത്തെ പതിവ് ഈദ്ഗാഹ് വിരോധികള്‍ തന്നെ പറയട്ടെ:- “നബി(സ്വ) സാധാരണ പെരുന്നാള്‍ നമസ്കാരം നടത്തിയിരുന്നത് മുസ്ലിംകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വൃത്തിയുള്ള മൈതാനിയിലായിരുന്നു.” (സുന്നീവോയ്സ്. 2011. ഒക്ടോബര്‍. 16.) ഇതെഴുതിയ മുസ്ല്യാര്‍ നബി(സ്വ)യുടെ കാലത്ത് മക്കയില്‍ ഹറമില്‍ വെച്ചാണ് നമസ്കരിച്ചതെന്നും മദീനാ പള്ളിയില്‍ സ്ഥലമില്ലാത്തത് കൊണ്ടാണ് മൈതാനിയില്‍ പോയിരുന്നതെന്നും തട്ടി വിടുന്നുണ്ട്. സ്വയം മെനഞ്ഞെടുത്ത ഈ ഞൊണ്ടിന്യായത്തിന് ഇവരുടെ മദ്ഹബുകളും നേതാക്കളും പ്രസിദ്ധീകരണങ്ങളും മറുപടി നല്‍കുന്നത് ശേഷം വായിക്കാം. മദീനയിലും മറ്റും സ്ഥലമില്ലാതെ വരുമ്പോള്‍ മുസ്ലിംകളുടെ മറ്റൊരു സന്തോഷ ദിനമായ ജുമുഅ എന്ത് കൊണ്ട് ഇതുപോലെ മൈതാനിയിലേക്ക് മാറ്റുന്നില്ല? പെരുന്നാള്‍ നമസ്കാരത്തിന് മാത്രം ഇങ്ങനെയൊരു മൈതാനി തിരഞ്ഞെടുക്കാന്‍ കാരണമെന്ത്? ഈദ്ഗാഹ് വിരോധികളുടെ കുരുട്ടുവാദങ്ങള്‍ ഈ ചോദ്യത്തിന് മുമ്പില്‍ തകര്‍ന്ന് തരിപ്പണമാകുന്നു. പെരുന്നാള്‍ നമസ്കാരത്തിന് പള്ളിയേക്കാള്‍ ഉത്തമം മൈതാനിയായത് കൊണ്ടാണ് മറ്റ് നമസ്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി നബി(സ്വ)യും സ്വഹാബത്തും മൈതാനി തിരഞ്ഞെടുത്തത്. മറിച്ചായിരുന്നെങ്കില്‍ പള്ളിയില്‍ കൊള്ളുന്നവരെയെല്ലാം പള്ളിയില്‍ നിര്‍ത്തിയും ബാക്കിയുള്ളവരെയൊക്കെ പള്ളിക്ക് പുറത്ത് സൌകര്യപ്പെടുത്തിയും പള്ളിക്കകത്ത് വെച്ചായിരുന്നു മറ്റ് നമസ്കാരങ്ങളെപ്പോലെ പെരുന്നാള്‍ നമസ്കാരവും നബി(സ്വ) നിര്‍വ്വഹിക്കുക.
ഈദ്ഗാഹില്‍ പോകുന്ന സമയം
നബി(സ്വ) ഈദ്ഗാഹിലേക്ക് പോകുന്ന സമയം പ്രമാണസഹിതം ഈദ്ഗാഹ് വിരോധികളുടെ ബുഖാരി പരിഭാഷയില്‍ എഴുതുന്നു:- “ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ്വ) രാവിലെ മുസ്വല്ലയിലേക്ക് പോകുമായിരുന്നു. നബി(സ്വ)യുടെ മുമ്പിലായി ഒരു വടി കൊണ്ട്പോയി മുസ്വല്ലയില്‍ നാട്ടപ്പെടും. നബി(സ്വ) അത് കൊള്ളെ തിരിഞ്ഞ് നമസ്കരിക്കുകയും ചെയ്യും.” (സ്വഹീഹുല്‍ ബുഖാരി സമ്പൂര്‍ണ്ണ വ്യാഖ്യാനം. 2/449. ഇബ്റാഹീം പുത്തൂര്‍ ഫൈസി.) മുസ്വല്ല പള്ളിയല്ലെന്ന് ഫൈസി വ്യാഖ്യാനത്തില്‍ വ്യക്തമാക്കിയത് മുകളില്‍ വായിച്ചുവല്ലോ?
ഈദ്ഗാഹില്‍ നമസ്കരിക്കുമ്പോള്‍ മറ
ഈദ്ഗാഹില്‍ വെച്ച് പെരുന്നാള്‍ നമസ്കരിക്കുമ്പോള്‍ നബി(സ്വ) മറ സ്വീകരിച്ചിരുന്ന മാതൃക ഈദ്ഗാഹ് വിരോധികള്‍ വ്യക്തമാക്കുന്നു:- “ഇബ്നു ഉമര്‍(റ) നിവേദനം: ഫിത്വ്ര്‍ പെരുന്നാളിലും ബലി പെരുന്നാളിലും നബിയുടെ മുന്നില്‍ (മുസ്വല്ലയില്‍ നമസ്കരിക്കുന്നവരുടെ മുന്നിലെ മറയായി) ഒരു ചാട്ടുകുന്തം നാട്ടി നിര്‍ത്തപ്പെടുകയും അതിലേക്ക് തിരിഞ്ഞ് അവിടുന്ന് നമസ്കരിക്കുകയും ചെയ്യുമായിരുന്നു.” (സ്വഹീഹുല്‍ ബുഖാരി സമ്പൂര്‍ണ്ണ വ്യാഖ്യാനം. 2/449. ഇബ്റാഹീം പുത്തൂര്‍ ഫൈസി.)
ഈദ്ഗാഹിലേക്ക് പോകും മുമ്പുള്ള സുന്നത്ത് നമസ്കാരങ്ങളുടെ ചര്യ
ഈദ്ഗാഹിലേക്ക് പോകും മുമ്പ് സുന്നത്ത് നമസ്കാരങ്ങളില്‍ നബി(സ്വ)ക്കുള്ള മാതൃക ഈദ്ഗാഹ് വിരോധികള്‍ വ്യക്തമാക്കുന്നു:- “അബ്ദുല്‍ വലീദ്(റ), ശുഅ്ബത്ത്(റ), അദിയ്യ്ബ്നു സാബിത്(റ), സഈദ്ബ്നു ജുബൈര്‍(റ), ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) ഫിത്വ്ര്‍ ദിനത്തില്‍ (മുസ്വല്ലയിലേക്ക്) പുറപ്പെട്ടു രണ്ട് റക്അത്ത് പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിച്ചു. അതിന്റെ മുമ്പും പിമ്പും നബി(സ്വ) നമസ്കരിച്ചില്ല. അവിടുത്തോടൊപ്പം ബിലാലുമുണ്ടായിരുന്നു.” (സ്വഹീഹുല്‍ ബുഖാരി സമ്പൂര്‍ണ്ണ വ്യാഖ്യാനം. 2/464. ഇബ്റാഹീം പുത്തൂര്‍ ഫൈസി.)
ഈദ്ഗാഹില്‍ നിന്ന് വരുമ്പോഴുള്ള വഴി
ഈദ്ഗാഹിലേക്ക് നബി(സ്വ) പെരുന്നാള്‍ നമസ്കരിക്കാന്‍ പോകുന്ന വഴിയുടെയും നമസ്കാരം കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയുടെയും ക്രമം ഈദ്ഗാഹ് വിരോധികളുടെ ബുഖാരി പരിഭാഷയില്‍ വ്യക്തമാക്കുന്നു:- “മുഹമ്മദ്(റ), അബൂതുഫൈലത്ത് യഹ്യബ്നു വാളിഹ്(റ), ഫുലൈഹ്ബ്നു സുലൈമാന്‍(റ), സഈദുല്‍ ഹാരിസ്(റ), ജാബിര്‍(റ) നിവേദനം. പെരുന്നാള്‍ ദിനത്തില്‍ നബി(സ്വ) മുസ്വല്ലയിലേക്ക് വരുന്ന വഴിയും തിരിച്ച് പോകുന്ന വഴിയും വ്യത്യാസപ്പെട്ടതായിരുന്നു.” (സ്വഹീഹുല്‍ ബുഖാരി സമ്പൂര്‍ണ്ണ വ്യാഖ്യാനം. 2/461. ഇബ്റാഹീം പുത്തൂര്‍ ഫൈസി.)
ഈദ്ഗാഹില്‍ ഇബ്നു അബ്ബാസ്(റ)വിന്റെ അനുഭവം.
നബി(സ്വ)യോടൊപ്പം പെരുന്നാളിന് ഈദ്ഗാഹില്‍ സംബന്ധിച്ച ഇബ്നു അബ്ബാസ്(റ) എന്ന സ്വഹാബിയുടെ അനുഭവം ഈദ്ഗാഹ് വിരോധികളുടെ ബുഖാരി വ്യാഖ്യാനത്തില്‍ വിശദീകരിക്കുന്നു:- “ഇബ്നു അബ്ബാസ് നിവേദനം. ഫിത്വ്ര്‍ പെരുന്നാളിനും ബലി പെരുന്നാളിനും നബി(സ്വ)യോടൊപ്പം ഞാന്‍ (മുസ്വല്ലയിലേക്ക്) പുറപ്പെട്ടു. നബി(സ്വ) പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കുകയും പിന്നെ ഖുതുബ ഓതുകയും അനന്തരം സ്ത്രീകളുടെ അടുക്കല്‍ ചെന്ന് വഅള് പറഞ്ഞ് ഉപദേശിക്കുകയും സ്വദഖ ചെയ്യാന്‍ ആജ്ഞാപിക്കുകയും ചെയ്തു. (ഇബ്നു അബ്ബാസ്(റ) അന്ന് കുട്ടിയായിരുന്നു.)” (സ്വഹീഹുല്‍ ബുഖാരി സമ്പൂര്‍ണ്ണ വ്യാഖ്യാനം. 2/451. ഇബ്റാഹീം പുത്തൂര്‍ ഫൈസി.)
ഇബ്നു ഖുദാമ
ഈദ്ഗാഹ് വിരോധികളുടെ മദ്ഹബില്‍ പെട്ട പ്രസിദ്ധ പണ്ഡിതനാണ് ഹിജ്റ 620 ല്‍ മരണപ്പെട്ട ഇബ്നു ഖുദാമ. പള്ളിയില്‍ സ്ഥലമില്ലാഞ്ഞിട്ടാണ് നബി(സ്വ)യും സ്വഹാബത്തും ഈദ്ഗാഹിലേക്ക് പോയതെന്ന ഈദ്ഗാഹ് വിരോധികളില്‍ ചിലരുടെ പൊള്ളവാദങ്ങള്‍ക്ക് തിരിച്ചടിയായി ഈ പണ്ഡിതന്‍ എഴുതുന്നു:- “മസ്അല 301. (തക്ബീര്‍ ചൊല്ലിക്കൊണ്ട് മുസ്വല്ലയിലേക്ക് പുറപ്പെടുക.) മുസ്വല്ലയില്‍ വെച്ച് പെരുന്നാള്‍ നമസ്കരിക്കലാണ് സുന്നത്ത്. അങ്ങനെ ചെയ്യാന്‍ അലി(റ) കല്‍പ്പിച്ചിട്ടുണ്ട്. ഔസാഇയും റഅ്യീ ചിന്താഗതിക്കാരും അതാണ് ഇഷ്ടപ്പെട്ടത്. അതാണ് ഇബ്നു മുന്‍ദിറിന്റെയും അഭിപ്രായം. എന്നാല്‍ ഇമാം ശാഫിഈയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നത് ഒരു സ്ഥലത്തെ പള്ളി വിശാലമാണെങ്കില്‍ അവിടെ നമസ്കരിക്കലാണ് ഉത്തമം. കാരണം അതാണല്ലോ ഉത്തമ സ്ഥലവും വൃത്തിയുള്ളതും. അതിനാലാണ് മക്കക്കാര്‍ മസ്ജിദുല്‍ ഹറമില്‍ നമസ്കരിക്കുന്നത്. എന്നാല്‍ ഇതിന് നമുക്ക് പറയാനുള്ളത് ഇതാണ്. നബി(സ്വ) തിരുമേനിയുടെ തന്നെ പള്ളി ഒഴിവാക്കിക്കൊണ്ട് മുസ്വല്ലയിലേക്ക് പുറപ്പെടുമായിരുന്നു. തിരുമേനിക്ക് ശേഷം അവിടുത്തെ ഖലീഫമാരും അങ്ങനെത്തന്നെയായിരുന്നു ചെയ്തിരുന്നത്. അടുത്ത് നില്‍ക്കുന്നതും ഏറ്റവും നല്ലതും ഉപേക്ഷിക്കുകയും വിദൂരത്തുള്ളതും നന്മ കുറഞ്ഞതും നബി(സ്വ) ചെയ്യുക എന്നത് സംഭവിക്കുകയില്ല. അവിടുന്ന് തന്റെ ഉമ്മത്തിന് ഉത്തമമായതിനെ ഉപേക്ഷിക്കാന്‍ നിയമമാക്കുകയില്ല. നബി(സ്വ)യെ പിന്തുടരുവാനും അനുഗമിക്കാനുമാണല്ലോ നാം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്? അപൂര്‍ണ്ണവും വിരോധിക്കപ്പെട്ടത് പൂര്‍ണ്ണമാവുക എന്നത് സംഭവിക്കുകയില്ലല്ലോ? ഒരു കാരണവുമില്ലാതെ നബി(സ്വ) പള്ളിയില്‍ വെച്ചു നമസ്കരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് മുസ്ലിംകളുടെ ഇജ്മാആണ്. ഏത് ദേശത്തായാലും ഏത് കാലത്തായാലും പള്ളി ഇടുങ്ങിയതായാലും വിശാലമായതായാലും ജനങ്ങള്‍ പെരുന്നാള്‍ നമസ്കാരം മുസ്വല്ലയില്‍ വെച്ചായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. നബി(സ്വ) തന്റെ പള്ളിക്ക് ശ്രേഷ്ഠത ഉള്ളതോടൊപ്പം തന്നെ മുസ്വല്ലയില്‍ വെച്ചായിരുന്നു നമസ്കരിച്ചിരുന്നത്. പള്ളിക്ക് വീടിനേക്കാള്‍ ശ്രേഷ്ഠത ഉണ്ടായിരിക്കെ തന്നെ സുന്നത്ത് നമസ്കാരം നബി(സ്വ) വീട്ടില്‍ വെച്ചായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അദ്ദേഹത്തോട് പറയപ്പെടുകയുണ്ടായി. ദുര്‍ബ്ബലരും അന്ധരും പള്ളിയില്‍ ഒരുമിച്ചു കൂടിയിട്ടുണ്ട്. അത് കൊണ്ട് താങ്കള്‍ക്ക് അവരെയും കൊണ്ട് പെരുന്നാള്‍ നമസ്കരിച്ചുകൂടേ? അപ്പോള്‍ അലി(റ) പ്രതിവചിച്ചു. ഞാന്‍ സുന്നത്തിന് എതിര് പ്രവര്‍ത്തിക്കണമോ? നമുക്ക് മുസ്വല്ലയിലേക്ക് തന്നെ പുറപ്പെടാം. പള്ളിയിലുള്ളവര്‍ക്ക് നമസ്കരിക്കാന്‍ നമുക്ക് മറ്റൊരാളെ ഏര്‍പ്പെടുത്താം. അലി(റ) ചെയ്ത പോലെ മൈതാനത്തേക്ക് പുറപ്പെടുന്ന ഇമാമിന് പള്ളിയിലെ ബലഹീനരായ ആളുകള്‍ക്ക് പെരുന്നാള്‍ നമസ്കരിക്കാന്‍ ഒരാളെ ഏര്‍പ്പെടുത്തുന്നത് സുന്നത്താക്കപ്പെടും. ഹുസൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നമസ്കാരത്തിന് തടസ്സമുണ്ടാക്കുന്ന മഴയോ ഭയമോ പോലുള്ള കാരണങ്ങള്‍ ഉണ്ടായാല്‍ പള്ളിയില്‍ നമസ്കരിക്കാം.” (ഇബ്നുഖുദാമയുടെ കിതാബുല്‍ മുഗ്നി. 3/260. മസ്അല. 301.)
മുഹ്യിദ്ദീന്‍ ശൈഖ്(റ)
എ) “പെരുന്നാള്‍ നമസ്കാരം മൈതാനത്ത് നടത്തപ്പെടുകയാണ് ഏറ്റവും ഉത്തമം. കാരണമില്ലാതെ അത് പള്ളിയില്‍ വെച്ച് നമസ്കരിക്കുന്നത് കറാഹത്താണ്.” (അല്‍ ഗുന്‍യത്ത്. 2/127)
ബി) “നബി(സ്വ)യുടെ പെരുന്നാള്‍ നമസ്കാരം ജബാന മുസ്വല്ലയില്‍ വെച്ചായിരുന്നു.” (അല്‍ ഗുന്‍യത്ത്. 2/128.)
ഇമാം ഗസ്സാലി
എ) “പിന്നെ അവന്‍ ഭംഗിയായി കഴിഞ്ഞാല്‍ മരുഭൂമി ലക്ഷ്യമാക്കി നടക്കട്ടെ. കാരണം അവിടെയാണ് പള്ളിയേക്കാള്‍ ഉത്തമം. മക്കയൊഴികെ.” (അല്‍ വജീസ്. പേജ്. 59)
ബി) “മക്കയും ബൈത്തുല്‍ മുഖദ്ദസും ഒഴികെയുള്ള രാജ്യങ്ങളില്‍ പെരുന്നാള്‍ നമസ്കാരത്തിന് മൈതാനിയിലേക്ക് പോകലാണ് ഏറ്റവും നല്ലത്. മഴയുള്ള ദിവസമാണെങ്കില്‍ പെരുന്നാള്‍ നമസ്കാരം പള്ളിയില്‍ വെച്ചു നടത്തുന്നതിന് ദൂഷ്യമില്ല. മഴയും കാര്‍മേഘവും ഇല്ലാതെ തെളിവുള്ള ദിവസത്തില്‍ ക്ഷീണിതരെയും കൂട്ടിക്കൊണ്ട് നമസ്കരിക്കുവാന്‍ പള്ളിയില്‍ ഒരാളെ ഏര്‍പ്പെടുത്തുകയും ശക്തരെയും കൂട്ടിക്കൊണ്ട് ഇമാം തക്ബീര്‍ ചൊല്ലി മൈതാനിയിലേക്ക് പുറപ്പെടുകയും ചെയ്യാം.” (ഇഹ്യാ ഉലൂമിദ്ദീന്‍ മലയാള പരിഭാഷ. 5/97. എം.വി. കുഞ്ഞി അഹമ്മദ് മുസ്ല്യാര്‍ എം എഫ് ബി, എം എ മുദരിസ്. പാടൂര്‍.) ഈ പുസ്തകത്തിന്റെ പോരിശ ഈദ്ഗാഹ് വിരോധികളുടെ വാരിക തന്നെ പറയുന്നു:- “മലയാളത്തിലെ ഏറ്റവും വലിയ ഇസ്ലാം മതഗ്രന്ഥമാണ് ഇഹ്യാ ഉലൂമിദ്ദീന്‍.” (രിസാല. 1997. ഏപ്രില്‍. 11) പരിഭാഷകനായ മുസ്ല്യാരുടെ പോരിശയും ഈദ്ഗാഹ് വിരോധികളുടെ വാരികയില്‍ പറയുന്നു:- “ബഹു: ഇമാം ഗസ്സാലി(റ)യുടെ പ്രസിദ്ധമായ ഇഹ്യാ ഉലൂമിദ്ദീന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് പ്രസിദ്ധ മത പണ്ഡിതന്‍ മര്‍ഹൂം അല്‍ ഹാജ് എം.വി. കുഞ്ഞിമുഹമ്മദ് മൌലവി (എം എഫ് ബി, എം എ)യാണ്.” (രിസാല. 1997. ഏപ്രില്‍. 11.)
അല്‍ മീസാനുല്‍ കുബ്റ
ഈദ്ഗാഹ് വിരോധികള്‍ അത്യധികം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പണ്ഡിതനാണ് ശഅ്റാനി. അദ്ദേഹത്തിന്റെ അല്‍ മീസാനുല്‍ കുബ്റയില്‍ ഈദ്ഗാഹിനെക്കുറിച്ച് പറയുന്നത് കാണുക:
എ) “പെരുന്നാള്‍ നമസ്കാരം നാട്ടിലുള്ള പുറംസ്ഥലങ്ങളില്‍ വെച്ച് നിര്‍വ്വഹിക്കല്‍ സുന്നത്താണെന്ന് ഇജ്മാഅ് ഉണ്ട്. അതില്‍ പങ്കെടുക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് പള്ളിയില്‍ വെച്ച് അത് നിര്‍വ്വഹിക്കാം.” (അല്‍ മീസാനുല്‍ കുബ്റ. 1/77.) പ്രവാചകചര്യക്ക് എതിരായ ഇമാം ശാഫിഈയുടെ അഭിപ്രായങ്ങള്‍ക്ക് എതിരായിട്ടാണ് മദ്ഹബിന്റെ ഇമാമുകള്‍ പോലും ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കിയത്.
ബി) “അത് നാട്ടിലുള്ള മൈതാനിയില്‍ വെച്ചു നിര്‍വ്വഹിക്കലാണ് പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കുന്നതിലും ശ്രേഷ്ഠം.” (അല്‍ മീസാനുല്‍ കുബ്റ. 1/212.)
മാലികീ മദ്ഹബ്
ഈദ്ഗാഹ് വിരോധികള്‍ നൂറ് ശതമാനവും സത്യസന്ധമാണെന്നും നബി(സ്വ)യുടെയും സ്വഹാബികളുടെയും സുന്നത്ത് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവരാണെന്നും വിശ്വസിക്കപ്പെടുന്ന മദ്ഹബാണ് മാലികീ മദ്ഹബ്. ഈദ്ഗാഹിനെക്കുറിച്ച് ഇവരുടെ ഈ മദ്ഹബിന്റെ അഭിപ്രായം:- “പെരുന്നാള്‍ നമസ്കാരം മൈതാനിയില്‍ വെച്ചു നിര്‍വ്വഹിക്കല്‍ പുണ്യകരമാണ്.” (കിതാബുല്‍ ഫിഖ്ഹി അലല്‍ മദാഹിബുല്‍ അര്‍ബഅ. 1/302.) പള്ളിയില്‍ വെച്ച് പെരുന്നാള്‍ നമസ്കരിക്കുന്നതിന്റെ വിധി ഈദ്ഗാഹ് വിരോധികളുടെ ഇതേ മദ്ഹബില്‍ തന്നെ പറയുന്നു:- “മക്കയില്‍ ഒഴികെയും കാരണമില്ലാതെയും പള്ളിയില്‍ വെച്ചു പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കല്‍ വെറുക്കപ്പെട്ടതാണ്.” (കിതാബുല്‍ ഫിഖ്ഹി അലല്‍ മദാഹിബുല്‍ അര്‍ബഅ. 1/302.)
ഹമ്പലീ മദ്ഹബ്
ഈദ്ഗാഹ് വിരോധികള്‍ നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും സുന്നത്ത് അനുസരിച്ചുള്ളതെന്ന് വിശ്വസിക്കുന്ന ഹമ്പലീ മദ്ഹബില്‍ ഈദ്ഗാഹിനെക്കുറിച്ച് പറയുന്നു.
എ) “ഒരു കെട്ടിടത്തിന് അടുത്താവുക എന്ന നിബന്ധനയോടെ പെരുന്നാള്‍ നമസ്കാരം മൈതാനിയില്‍ വെച്ചായിരിക്കല്‍ സുന്നത്താണ്.” (കിതാബുല്‍ ഫിഖ്ഹി അലല്‍ മദാഹിബുല്‍ അര്‍ബഅ. 1/302)
ബി) “മക്കയിലൊഴികെ കാരണങ്ങളൊന്നുമില്ലാതെ പള്ളിയില്‍ വെച്ച് പെരുന്നാള്‍ നമസ്കരിക്കല്‍ വെറുക്കപ്പെട്ടതാണ്.” (അതേ ഗ്രന്ഥം. 1/302.)
ഹനഫീ മദ്ഹബ്
“പെരുന്നാള്‍ നമസ്കാരം പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കല്‍ വെറുക്കപ്പെട്ട കാര്യമാണെന്നതില്‍ നിന്ന് മക്കയിലെ പള്ളിയും മാറ്റി നിര്‍ത്തപ്പെടുകയില്ല.” (കിതാബുല്‍ ഫിഖ്ഹി അലല്‍ മദാഹിബുല്‍ അര്‍ബഅ. 1/302) എല്ലാ പള്ളിയും പെരുന്നാള്‍ നമസ്കാരത്തിന് കറാഹത്താണെന്ന് സാരം.
എ പി വിഭാഗത്തിന്റെ പാഠ പുസ്തകം
എ പി വിഭാഗത്തിന്റെ അഞ്ചാം തരം മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മദ്ഹബിന് വേണ്ടി തയ്യാര്‍ ചെയ്ത പാഠപുസ്തകത്തില്‍ എഴുതുന്നു:- “ബലിപെരുന്നാളില്‍ ഉറക്കെയും ചെറിയപെരുന്നാളില്‍ പതുക്കെയും തക്ബീര്‍ ചൊല്ലി മുസ്വല്ലയിലേക്ക് നടന്ന് പോകലും സുന്നത്താണ്.” (ദുറൂസുല്‍ ഇസ്ലാം. 5-ാം തരം. പേജ്. 109. സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡ്.)
എ പി വിഭാഗത്തിന്റെ തന്നെ 4-ാം തരം ഫിഖ്ഹില്‍ അവരുടെ മദ്ഹബിന്ന് വേണ്ടി എഴുതുന്നു:- “ബലിപെരുന്നാളില്‍ മുസ്വല്ലയിലേക്ക് പോകുമ്പോള്‍ തക്ബീര്‍ കൊണ്ട് ശബ്ദം ഉയര്‍ത്തല്‍. മുസ്വല്ലയില്‍ നിന്ന് മറ്റൊരു വഴിക്ക മടങ്ങല്‍.” (പേജ്. 48.) പെരുന്നാളിന്റെ സുന്നത്തായിട്ടാണ് ഇവിടെയെല്ലാം ഇവര്‍ പള്ളി ഒഴിവാക്കി മുസ്വല്ല പറഞ്ഞത്.
ഇ കെ വിഭാഗത്തിന്റെ പാഠ പുസ്തകം
ഇ കെ വിഭാഗം സമസ്തയുടെ അഞ്ചാം തരം മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാര്‍ ചെയ്ത പാഠപുസ്തത്തില്‍ എഴുതുന്നു:- “മുസ്വല്ലയിലേക്ക് പുറപ്പെടണം.” (പേജ്. 38)
വീണ്ടുമെഴുതുന്നു:- “ബലിപെരുന്നാളില്‍ സുന്നത്താക്കപ്പെടും. കുളിക്കല്‍, സുഗന്ധം പുരട്ടല്‍, മുസ്വല്ലയിലേക്ക് പോകല്‍.” (കിതാബുല്‍ ഫിഖ്ഹ്. പേജ്. 39.)
ഇസ്ലാംമത കര്‍മ്മശാസ്ത്ര വിധികള്‍
ഈദ്ഗാഹ് വിരോധികള്‍ പുറത്തിറക്കിയ ‘ഇസ്ലാംമത കര്‍മ്മശാസ്ത്ര വിധികള്‍’ എന്ന പുസ്തകത്തില്‍ എഴുതുന്നു:- “പെരുന്നാള്‍ നമസ്കാരങ്ങള്‍ നാട്ടിന്റെ തുറന്ന സ്ഥലത്ത് വെച്ച് നിര്‍വ്വഹിക്കല്‍ സുന്നത്താണെന്നും ആ നമസ്കാരത്തില്‍ സന്നിഹിതരാവാന്‍ ശേഷിയില്ലാത്തവര്‍ പള്ളിയില്‍ വെച്ച് സംഘടിതമായി നമസ്കരിക്കുന്നത് ജാഇസാകുമെന്നും നാല് ഇമാമുമാരും പ്രസ്താവിച്ചിരിക്കുന്നു.” (പേജ്. 222. ഒ അബുസാഹിബ്.)
ചങ്കുവെട്ടിയിലെ പെരുന്നാള്‍ നമസ്കാരം.
എ പി വിഭാഗം ഖുറാഫികള്‍ കോട്ടക്കലിനടുത്ത് ചങ്കുവെട്ടിയില്‍ ചെറിയ പെരുന്നാള്‍ നമസ്കരിച്ചത് സംബന്ധമായി മാധ്യമത്തില്‍ വന്ന വാര്‍ത്തയെ വിമര്‍ശിച്ച് സിറാജ് പത്രത്തില്‍ എഴുതുന്നു:- “മലപ്പുറം കോട്ടക്കലിനടുത്ത് ചങ്കുവെട്ടിയില്‍ എ.പി. വിഭാഗക്കാര്‍ ശനിയാഴ്ച്ച പള്ളിയില്‍ കയറി നിസ്കാരത്തിന് ശ്രമിച്ചെങ്കിലും മറുപക്ഷം തടഞ്ഞു എന്ന് ഫിബ്രവരി 9-ാം തിയ്യതിയിലെ മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും പള്ളിയില്‍ നിസ്കാരത്തിന് വേണ്ടി ഉദ്ദേശിക്കുക പോലും ചെയ്തിട്ടില്ലെന്നും എസ് എസ് എഫ് സ്ഥലം ഭാരവാഹികളായ സലീം മേലേക്കാട്, അബ്ദുറഹ്മാന്‍ പഞ്ചിളി, സിദ്ദീഖ് അമ്പിയാടത്ത് എന്നിവര്‍ അറിയിച്ചു.” (സിറാജ്. 1997. ഫിബ്രവരി. 13. വ്യാഴം.) ശേഷം എവിടെ വെച്ചാണ് ഇവര്‍ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിച്ചതെന്നും സിറാജ് വ്യക്തമാക്കുന്നു:- “പ്രസ്തുത ദിവസം മഹല്ലിലെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വെച്ച് നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ നൂറോളം പേര്‍ പങ്കെടുത്തതായും അവര്‍ അറിയിച്ചു.” (സിറാജ്. 1997. ഫിബ്രവരി. 13. വ്യാഴം.) പള്ളിക്ക് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പള്ളിയില്‍ വെച്ച് നമസ്കരിക്കാന്‍ ഉദ്ദേശിക്കുക പോലും ചെയ്യാതെ ഇവര്‍ക്ക് പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കാം എന്നര്‍ത്ഥം. അതും സ്ഥിരമായി പെരുന്നാള്‍ നമസ്കാരത്തിന് തയ്യാറാക്കിയതല്ലാത്ത സ്ഥലത്ത് വെച്ച്.
പാണക്കാട് പൂക്കോയ തങ്ങള്‍
എല്ലാ വിഭാഗം സുന്നികളും ഒരുപോലെ ആത്മീയ നേതാവെന്ന് സമ്മതിക്കുന്ന അവരുടെ സമാദരണീയനായ നേതാവാണ് പാണക്കാട് പി എം എസ് എ പൂക്കോയതങ്ങള്‍. അദ്ദേഹം പള്ളി ഉപേക്ഷിച്ചു ഈദ്ഗാഹില്‍ സംബന്ധിച്ച അനുഭവം ചന്ദ്രിക വിശദീകരിക്കുന്നു:- “മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ ഈദ്ഗാഹ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന ഘട്ടം. 1970 ന്റെ പരിസരം. ഈദ്ഗാഹ് പ്രശ്നം സമുദായത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തുറക്കുകയാണ്. പക്ഷെ എല്ലാം ശാന്തമാക്കുന്ന സാന്നിധ്യമായി മഹാനായ പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍ ഈദ്ഗാഹിലെത്തി. പെരുന്നാള്‍ നമസ്കാരത്തിന് പൂക്കോയത്തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഖുതുബ നിര്‍വ്വഹിച്ചത് പി.പി. അബ്ദുല്‍ ഗഫൂര്‍ മൌലവി. പൂക്കോയ തങ്ങളുടെ നേതൃത്വവും സാമീപ്യവും നല്‍കിയ ആത്മവിശ്വാസവുമായി അന്ന് അബ്ദുല്‍ ഗഫൂര്‍ മൌലവി ചെയ്ത പ്രസംഗം കേരള മുസ്ലിം സാമൂഹിക ചരിത്രത്തിലെ അമൂല്യരേഖയാണ്.” (ചന്ദ്രിക. 2010. നവമ്പര്‍. 15. തിങ്കള്‍.) പുക്കോയ തങ്ങള്‍ സംബന്ധിച്ച ഈ ഈദ്ഗാഹും സ്ഥിരമായി പെരുന്നാള്‍ നമസ്കാരത്തിന് വേണ്ടി കെട്ടിയുണ്ടാക്കിയതായിരുന്നില്ല. അങ്ങനെ വേണമെന്ന ഈദ്ഗാഹ് വിരോധികളുടെ വാദം പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതാണ്.
ഫസല്‍ പൂക്കോയ തങ്ങള്‍
എ.പി. വിഭാഗം സമസ്തയുടെ സമാദരണീയനായ നേതാവും സംഘാടകനും കൂടിയായിരുന്ന ഫസല്‍ പൂക്കോയ തങ്ങള്‍ പള്ളി ഒഴിവാക്കി സ്വന്തം വീട്ടുമുറ്റത്ത് ഈദ്ഗാഹ് സംഘടിപ്പിച്ച പാരമ്പര്യം സുന്നീവോയ്സ് വാരിക വ്യക്തമാക്കുന്നത് കാണുക:- “കോഴിക്കോട്ടെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്നു ജിഫ്രി ഹൌസ്. ചെറുപ്പം മുതലേ ഇവിടെ കണ്ടു വരുന്നത് പെരുന്നാള്‍ ദിവസം ആത്മീയമായ ഒരാവേശത്തോടു കൂടിയുള്ള ഒത്തുകൂടലിന്റെ വേദിയായിട്ടാണ്. കുറ്റിച്ചിറയിലെയും പരിസരത്തെയും വലിയ ജനാവലി ഇവിടെ എത്തിച്ചേരും. ഉപ്പാപ്പയുടെ സാന്നിധ്യം അവര്‍ക്കെന്തോ പ്രത്യേക ആവേശമായിരുന്നു. മാത്രമല്ല, ജിഫ്രി ഹൌസിന്റെ മുറ്റത്ത് പെരുന്നാള്‍ നിസ്കാരവും നടന്ന് വരുന്നു. കോഴിക്കോട്ടെ കച്ചവടക്കാരായ മുസ്ലിം പ്രമാണിമാരില്‍ അധികവും ഇതില്‍ പങ്കെടുത്തിരുന്നു. ജൌളി മുതലാളിമാര്‍, അരിക്കച്ചവടക്കാര്‍ തുടങ്ങിയവരൊക്കെ പണ്ടു മുതലേ ഏഴ് മണിക്ക് മുമ്പ് തന്നെ പെരുന്നാള്‍ നമസ്കാരത്തിന് ജിഫ്രി ഹൌസിലെത്തും. തിങ്ങി നിറയുന്ന ജനം മുറ്റവും കടന്ന് മഖാമിന്റെ അറ്റം വരെ എത്താറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പെരുന്നാള്‍ നിസ്കാരത്തിന്റെ ചിത്രങ്ങള്‍ ഇന്നും തെളിഞ്ഞ് നില്‍ക്കുന്നു.” (സുന്നിവോയ്സ്. 2001. ഡിസംബര്‍. 1-31) ഫസല്‍ പൂക്കോയ തങ്ങളും മുന്‍ഗാമികളായ ഈ അണികളും വര്‍ഷങ്ങളോളം പെരുന്നാള്‍ നമസ്കരിച്ച ഈ വീട്ടുമുറ്റം പെരുന്നാള്‍ നമസ്കാരത്തിന്നായി സ്ഥിരം തയ്യാറാക്കിയതോ വഫ്ഫ് ചെയ്തതോ പള്ളിയുടെ ഹുര്‍മത്തുള്ളതോ അല്ല. അങ്ങനെത്തന്നെ വേണമെന്ന ഒരു നിയമം മതത്തില്‍ ഇല്ലതാനും. പവിത്രമായ പള്ളി ഒഴിവാക്കി തങ്ങളുടെ വീട്ടുമുറ്റത്തെ ഈദ്ഗാഹില്‍ സംബന്ധിച്ച ഈ സുന്നികളെല്ലാം മതം അറിയാത്ത മരമണ്ടന്‍മാരാണെന്ന് ഈദ്ഗാഹ് വിരോധികള്‍ പറയുമോ? തങ്ങളുടെ വീട്ടുമുറ്റത്ത് പ്രത്യേകം ഈദ്ഗാഹ് തയ്യാറാക്കാമെന്നും അനുമതി ലഭിക്കുന്ന പള്ളിയല്ലാത്ത മറ്റു സ്ഥലങ്ങളിലൊന്നും ഇങ്ങനെ ഈദ്ഗാഹുകള്‍ പറ്റില്ലെന്നുമുള്ള ഒരു വിവേചനം ഇസ്ലാംമതത്തില്‍ ഇല്ല.
പള്ളി ഒഴിവാക്കി തങ്ങള്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍ നമസ്കാരത്തിന് സംബന്ധിച്ചത് കേവലം ജാഹിലുകള്‍ മാത്രമായിരുന്നില്ലെന്ന് സുന്നിവോയ്സ് വാരിക തന്നെ സമ്മതിക്കുന്നു:- “പല പ്രമുഖ പണ്ഡിതന്‍മാരും ഇവിടെ പെരുന്നാള്‍ ഖുതുബ നിര്‍വ്വഹിക്കുകയും നിസ്കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.” (സുന്നിവോയ്സ്. 2001. ഡിസംബര്‍. 1-31) വീട്ടുമുറ്റത്ത് സംഘടിപ്പിക്കുന്ന ഇവരുടെ ഈദ്ഗാഹിലെ നമസ്കാരം പള്ളിയില്‍ തക്ബീര്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ കഴിയുമത്രെ. സുന്നീവോയ്സ് വാരിക എഴുതുന്നു:- “ഇവിടെ ജുമുഅത്ത് പള്ളിയില്‍ നിന്ന് മൈക്കില്‍ തക്ബീര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിസ്കാരവും ഖുതുബയുമെല്ലാം കഴിഞ്ഞിരിക്കും.” (അതേ വാരിക.) വീട്ടുമുറ്റത്തെ ഈദ്ഗാഹിലെ ഈ പെരുന്നാള്‍ നമസ്കാരം ഒരു തവണ മാത്രം ഉണ്ടായതല്ലെന്നും സുന്നീവോയ്സ് വ്യക്തമാക്കുന്നു:- “ഇത്രയും വര്‍ഷത്തിനിടക്ക് ഞാന്‍ നാട്ടിലുണ്ടായിരുന്നപ്പോഴെല്ലാം പെരുന്നാള്‍ നിസ്കാരം നിര്‍വ്വഹിച്ചത് ഇവിടെ വെച്ചാണ്.” (അതേ വാരിക.)
വിരിപ്പില്‍ മൈതാനം
1997 ന് കോഴിക്കോട് ജില്ലയിലെ മൂഴിക്കലില്‍ വെച്ച് പരിസരവാസികളായ കാന്തപുരം വിഭാഗം പെരുന്നാള്‍ നമസ്കരിച്ചത് മൈതാനത്ത് വെച്ചായിരുന്നു. മാതൃഭൂമി ദിനപ്പത്രം അതിന്റെ ചിത്രസഹിതം കൊടുത്ത വാര്‍ത്തയുടെ അടിക്കുറിപ്പ് ഇങ്ങനെ:- “ശനിയാഴ്ച രാവിലെ കോഴിക്കോട് മൂഴിക്കലിനടുത്ത് വിരിപ്പില്‍ മൈതാനത്ത് നടന്ന പെരുന്നാള്‍ നമസ്കാരം.” (മാതൃഭൂമി. 1997. ഫിബ്രവരി. 9. ഞായര്‍.)
ഉംദ പരിഭാഷ
ഈദ്ഗാഹ് വിരോധികളുടെ ഉംദ പരിഭാഷയില്‍ അവരുടെ തന്നെ മദ്ഹബുകളുടെ വീക്ഷണം എഴുതുന്നു:- “മൂന്ന് മദ്ഹബുകളിലും പെരുന്നാള്‍ നമസ്കാരം മൈതാനിയില്‍ വെച്ച് നിര്‍വ്വഹിക്കലാണ് സുന്നത്ത്. പ്രതിബന്ധമില്ലാതെ പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കല്‍ കറാഹത്താണ്.” (ഉംദ പരിഭാഷയും വ്യാഖ്യാനവും. 2/340. പി. മുഹമ്മദ് മുസ്ല്യാര്‍ . മേല്‍മുറി.) ഈ മൂന്ന് മദ്ഹബുകളും നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചര്യയാണ് സ്വീകരിച്ചതെന്നും ഈദ്ഗാഹ് വിരോധികള്‍ സമ്മതിക്കുന്നുണ്ട്.
നിസ്കാരത്തിന്റെ വിശദ വിവരങ്ങള്‍
ഈദ്ഗാഹ് വിരോധികള്‍ പുറത്തിറക്കിയ ‘നിസ്കാരത്തിന്റെ വിശദ വിവരങ്ങള്‍’ എന്ന പുസ്തകത്തില്‍ പെരുന്നാള്‍ നമസ്കാരങ്ങളെക്കുറിച്ച് എഴുതുന്നു:- “പെരുന്നാള്‍ നിസ്കാരങ്ങള്‍ മൈതാനത്ത് വെച്ച് നിര്‍വ്വഹിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്തെങ്കിലും അസൌകര്യങ്ങളുണ്ടെങ്കില്‍ പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കാം.” (പേജ്. 143. കുരിക്കള്‍പീടിയേക്കല്‍ അഹ്മദ് മുസ്ല്യാര്‍.) പെരുന്നാള്‍ നമസ്കാരത്തില്‍ പ്രവാചകന്‍(സ്വ)യുടെയും സ്വഹാബത്തിന്റെയും ചര്യകളോട് യോജിച്ച ‘സുന്നീ’ വിഭാഗത്തിന്റെ മേല്‍ അഭിപ്രായമാണ് നാം മാതൃകയാക്കേണ്ടത്. പള്ളിയേക്കാള്‍ അതിന്നുത്തമം മൈതാനിയാണെന്ന് മേല്‍ വരികളില്‍ നിന്നു നാം മനസ്സിലാക്കിയല്ലോ?
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ഈദ്ഗാഹ് വിരോധികളില്‍ ഒരു വിഭാഗം പള്ളിയില്‍ മാത്രം ചടഞ്ഞിരുന്ന് ആരാധനകളില്‍ മുഴുകേണ്ട വിശുദ്ധ റമളാനിലെ 27-ാം രാവില്‍ മലപ്പുറം ജില്ലയിലെ മുട്ടിപ്പടി സ്വലാത്ത് നഗറിലെ വയലോല പ്രദേശത്ത് നേരം പുലരുവോളം കഴിച്ച് കൂട്ടുന്നു. നാട്ടിലുള്ള തങ്ങളുടെ മഹല്ല്പള്ളികള്‍ ഉപേക്ഷിച്ചാണ് ഈ വിശുദ്ധ രാവില്‍ അവിടെ ജനങ്ങള്‍ ഒരുമിച്ച് കൂടുന്നത്. ഇങ്ങനെ പള്ളി ഒഴിവാക്കി റമളാനിലെ വിശുദ്ധരാവില്‍ പാടത്തേക്കും പറമ്പുകളിലേക്കും ആരാധനക്ക് പുറപ്പെടുന്ന ഈ നവീന ആചാരം കേരളത്തില്‍ ഉടലെടുത്തിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. മതത്തില്‍ ഇത്തരത്തില്‍ പുതിയൊരു ഇബാദത്ത് കൊണ്ട് വന്നത് ഈദ്ഗാഹ് വിരോധികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കാന്തപുരം വിഭാഗമാണ്. നബി(സ്വ) മൈതാനി പുണ്യമാക്കിയ അവസരങ്ങളില്‍ പള്ളി കണിശമാക്കുകയും പള്ളി കണിശമാക്കിയ അവസരങ്ങളില്‍ പാടത്തേക്കും പറമ്പിലേക്കും പുറപ്പെടുകയും ചെയ്യുന്ന ഇവരുടെ ഈ തലതിരിഞ്ഞ ഏര്‍പ്പാട് മുസ്ലിം സമൂഹത്തിനിടയില്‍ വിചാരണ ചെയ്യപ്പെടേണ്ടതാണ്. ഇതു സംബന്ധമായി ഈദ്ഗാഹ് വിരോധികള്‍ക്ക് ജനസമക്ഷം വ്യക്തമായ മറുപടി പറയാനില്ലാത്ത ചില ചോദ്യങ്ങളാണ് താഴെ
1) പെരുന്നാളുകള്‍ക്ക് നബി(സ്വ)യും സ്വഹാബത്തും പള്ളി ഒഴിവാക്കി മൈതാനിയിലേക്ക് നമസ്കാരത്തിന് പുറപ്പെട്ട ചര്യ ഈദ്ഗാഹ് വിരോധികളില്‍ നിന്ന് യഥേഷ്ടം ഉദ്ധരിച്ചല്ലോ? ഈദ്ഗാഹ് വിരോധികള്‍ ചെയ്യുന്നത് പോലെ റമളാന്‍ 27-ാം രാവിന് പള്ളി ഒഴിവാക്കി ഏതെങ്കിലും പാടത്തേക്കോ പറമ്പിലേക്കോ നബി(സ്വ)യും സ്വഹാബത്തും മുന്‍ഗാമികളും ആരാധനക്ക് പോയ ഒരു ചര്യ കാണിക്കുവാന്‍ ഇവര്‍ക്ക് സാധിക്കുമോ? ഇതു സംബന്ധമായി ഈദ്ഗാഹ് വിരോധികളുടെ രിസാല വാരികയില്‍ വന്ന ഒരു പരാമര്‍ശം സാന്ദര്‍ഭികമായി ഇവിടെ ഉദ്ധരിക്കുന്നു:- “പള്ളിയിലെ ലഭ്യമായ സൌകര്യത്തില്‍ ഇരുന്ന് ഇബാദത്ത് ചെയ്യുന്നതിന് പകരം ഖദ്റിന്റെ രാത്രി സമ്മേളന നഗരികള്‍ തേടി യാത്ര പോകുന്നത് ഭംഗിയല്ല. അത് നമ്മുടെ പൂര്‍വ്വികരുടെ മാതൃകക്ക് നിരക്കുന്നതുമല്ല.” (രിസാല. 2004. നവമ്പര്‍.12.)
പൂര്‍വ്വികരുടെ പാത വെടിഞ്ഞ് ലൈലത്തുല്‍ ഖദ്റില്‍ പവിത്രമായ പള്ളി ഒഴിവാക്കി മലപ്പുറത്തെ പാടത്തേക്കും പറമ്പിലേക്കും എഴുന്നള്ളുന്ന നവീന ചിന്താഗതിക്കാരായ ഈ ഈദ്ഗാഹ് വിരോധികളുടെ തനിനിറം ജനം തിരിച്ചറിയുക തന്നെ ചെയ്യും.
2) പെരുന്നാളില്‍ നബി(സ്വ)യുടെ ചര്യയിലുള്ള മൈതാനി ഒഴിവാക്കി പള്ളി കര്‍ശനമാക്കിയ ഇവര്‍ക്ക് റമളാന്‍ 27-ാം രാവിന് വിശുദ്ധമായ പള്ളി ഒഴിവാക്കി പാടത്തേക്കും പറമ്പിലേക്കും പോകാന്‍ ആരാണ് അനുവാദം നല്‍കിയത്?
മൈതാനിയിലേക്ക് സ്ത്രീരത്നങ്ങളും
വിശുദ്ധ റമളാന്‍ 27-ാം രാവില്‍ ഈദ്ഗാഹ് വിരോധികള്‍ പള്ളി ഒഴിവാക്കി പുറപ്പെടുന്ന സ്വലാത്ത് നഗറുകളിലേക്ക് പരപുരുഷന്‍മാരോടൊപ്പം ധാരാളം സ്ത്രീകളും അവരുടെ വീടിന്റെ ഉള്ളിന്റെ ഉള്ള് വിട്ട് എഴുന്നള്ളുന്നത് പതിവ് കാഴ്ച്ചയാണ്. ചോദ്യത്തിലേക്ക് കടക്കും മുമ്പ് തല്‍സംബന്ധമായി വന്ന ഒരു വാര്‍ത്ത ഉദ്ധരിക്കട്ടെ:- “മലപ്പുറം മേല്‍മുറി. മഅ്ദിന്‍ സഖാഫത്തില്‍ ഇസ്ലാമിയ്യയിലെ വാര്‍ഷിക പ്രാര്‍ത്ഥനാ സമ്മേളനം പതിനായിരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. റമളാന്‍ 27-ാം രാവിനോടനുബന്ധിച്ചാണ് സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സമ്മേളനം ഒരുക്കിയത്. ഇന്നലെ വൈകുന്നേരത്തോടെ സ്വലാത്ത് നഗരിയുടെ വിശാലമായ ഗ്രൌണ്ടും മുമ്പിലെ ദേശീയപാതയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഭക്തരെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞു.” (മാധ്യമം. 2007. ഒക്ടോബര്‍. 9. ചൊവ്വ.) ഈദ്ഗാഹില്‍ നബി(സ്വ) അനുവദിച്ച നിലയില്‍ സ്ത്രീകള്‍ സംബന്ധിക്കുന്നതിനെ ഫിത്നയുടെയും മറ്റും പേര് പറഞ്ഞ് നിഷിദ്ധമാക്കുന്ന ഈദ്ഗാഹ് വിരോധികളോട് വീണ്ടും ചോദിക്കട്ടെ.
3) നിങ്ങളുടെ സ്വലാത്ത്നഗറിലേക്ക് സ്ത്രീകള്‍ പുറപ്പെടുന്നത് പോലെ വിശുദ്ധ റമളാനിലെ 27-ാം രാവിലോ മറ്റോ നബി(സ്വ)യുടെയോ സ്വഹാബികളുടെയോ ഏതെങ്കിലും പെണ്‍ബന്ധുക്കള്‍ അവരുടെ സ്വന്തം വീട് വിട്ട് പുറത്തിറങ്ങിയ ഒരു ചര്യ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
4) വഅളിന് പോലും ഫിത്ന ഉറപ്പായ ഇക്കാലത്ത് സ്ത്രീകള്‍ വീട് വിട്ട് പുറത്തിറങ്ങല്‍ ഹറാമാണെന്ന് പുലമ്പുന്ന നിങ്ങള്‍ തന്നെയാണല്ലോ സ്വലാത്ത് നഗറിലേക്കും മറ്റും ഇക്കാലത്ത് ഇങ്ങനെ സ്ത്രീകളെ എഴുന്നള്ളിക്കുന്നത്? ഫിത്ന ഉറപ്പെന്ന് നിങ്ങള്‍ പറയുന്ന ഇക്കാലത്ത് സ്ത്രീകളെ സ്വലാത്ത് നഗറുകളിലേക്ക് ഇങ്ങനെ കയറൂരി വിടാന്‍ സ്പെഷ്യല്‍ പാസ് നിങ്ങള്‍ക്ക് ലഭിച്ചത് എവിടെ നിന്ന്?
5) ഫിത്നയിലെ ഉറപ്പില്‍ നിന്നും മലപ്പുറം മുട്ടിപ്പടിയിലെ സ്വലാത്ത് നഗറും ജാറങ്ങളും മാത്രം നിങ്ങളുടെ പ്രമാണങ്ങള്‍ എവിടെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഏത് മാനദണ്ഡം പാലിച്ച് കൊണ്ടാണ് ഇക്കാലത്ത് സ്ത്രീകളെ നിങ്ങള്‍ സ്വലാത്ത് നഗറുകളിലേക്കും മഖാമുകളിലേക്കും എഴുന്നള്ളിക്കുന്നത്?
സ്ത്രീകളില്‍ നിന്ന് പണവും ആഭരണവും മോഹിക്കുന്ന ഈ പുരോഹിത വര്‍ഗ്ഗത്തിന് പ്രശ്നം സ്ത്രീയും ഫിത്നയുമൊന്നുമല്ല. തങ്ങള്‍ക്ക് തോന്നിയത് പോലെയെല്ലാം മതവിധിയുണ്ടാക്കി അതിനനുസരിച്ച് സ്ത്രീകളെ എഴുന്നള്ളിച്ച് അതില്‍ നിന്നുള്ള വരുമാനം കൈക്കലാക്കലാണ് ഇവരുടെ ഉദ്ദേശ്യം. അതിന് വേണ്ടി ഏത് ഫിത്നയുള്ള കാലത്തും ഇവരുടെ സ്ത്രീകള്‍ക്ക് സ്വന്തം വീടും അതിന്റെ ഉള്ളും ഉള്ളിന്റെ ഉള്ളറയും വിട്ട് പുറത്തിറങ്ങാം. മുസ്ലിം സമൂഹത്തിന്റെ പ്രശ്നം ഇവിടെയല്ല. പ്രവാചകന്‍(സ്വ) അനുവദിച്ച പെരുന്നാള്‍ നമസ്കാരം, പള്ളിയിലെ ജമാഅത്ത് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാമിന്റെ ചിട്ടകള്‍ പാലിച്ച് കൊണ്ട് എക്കാലത്തും സ്ത്രീകള്‍ക്ക് പള്ളികളിലേക്കും ഈദ്ഗാഹിലേക്കും പുറപ്പെടാം. റമളാന്‍ 27-ാം രാവിലെ സ്വലാത്ത് നഗറുകളോ ജാറത്തിലെ ആണ്ടുല്‍സവമോ അല്ലാഹു മതമാക്കാത്തതിനാല്‍ പുരുഷന്‍മാരെപ്പോലെ സ്ത്രീകളും അതിന് പുറപ്പെടല്‍ കടുത്ത ഹറാമും കുറ്റവുമാണ്.
No comments :
Post a Comment
Note: Only a member of this blog may post a comment.