തവസ്സുല്‍
അല്ലാഹുവിന്റേയും മനുഷ്യരുടേയും ഇടയില്‍ ഒന്നിനെ മദ്ധ്യവര്‍ത്തിയാക്കി നിര്‍ത്തി അതുമുഖേന അല്ലാഹുവിലേക്കടുക്കുക എന്നാണ് ‘തവസ്സുല്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇതില്‍ അനുവദനീയ മായതും നിഷിദ്ധമായതുമുണ്ട്. മരിച്ചുപോയ മഹാ ത്മാക്കളെ തവസ്സുലാക്കി (ഇടതേടി) പ്രാര്‍ത്ഥിക്കുക എന്നതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നടപ്പു ള്ളതും തര്‍ക്കത്തിലിരിക്കുന്നതും. അപ്രകാരംതന്നെ യാണ് ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ ഹഖ്, ജാഹ്, ബറകത്ത് എന്നിവകൊണ്ടുള്ള തേട്ടവും.എക്കാലത്തെയും പൊതുജനങ്ങളില്‍, വിശിഷ്യാ മുസ്‌ലിംകളില്‍ മേല്‍ പറഞ്ഞ തവസ്സുല്‍ വ്യാപകമാ യി കാണാന്‍ സാധിക്കും. കാരണം അവരെല്ലാം വിശ്വസിക്കുന്നത്, നമുക്കൊന്നും അല്ലാഹുവിനോട് നേരിട്ട് ചോദിക്കാന്‍ അവകാശമില്ലെന്നാണ്. എന്തെ ന്നാല്‍, നാം നിരവധി തെറ്റുകുറ്റങ്ങള്‍ ചെയ്തതുകൊ ണ്ട് അല്ലാഹുവില്‍ നിന്നും അകന്നിരിക്കുകയാണ്! അതിനാല്‍, അവനോട് കൂടുതല്‍ അടുത്ത, അവന്റെ ഇഷ്ടക്കാരായ അമ്പിയാ-ഔലിയാക്കള്‍ വഴി മാത്രമേ ഇനി അവനിലേക്കടുക്കാന്‍ കഴിയൂ. നമ്മുടെ പ്രശ്‌നങ്ങള്‍ ആദ്യം അവരോട് പറയുക. എങ്കില്‍ അവര്‍ അല്ലാഹുവോട് പറഞ്ഞ് പരിഹരിച്ചുതരും. അല്ലെങ്കില്‍, ആ മഹാത്മാക്കള്‍ക്കുള്ള സ്ഥാന-ബഹുമതികള്‍ (ഹഖ്, ജാഹ്, ബറകത്ത്) എടുത്തുപറഞ്ഞുകൊണ്ട് അല്ലാഹുവിനോട് ചോദിക്കുക. എങ്കില്‍ അവരോടുള്ള അവന്റെ അടുപ്പം പരിഗണിച്ച് നമ്മുടെ കാര്യങ്ങ ള്‍ പരിഗണിക്കപ്പെടും! ഇതാണ് ഈ വിഷയത്തില്‍ സാധാരണക്കാരുടെ വിശ്വാസം.
ജനങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന പുരോ ഹിതന്മരാണ് എക്കാലത്തും ഈ പിഴച്ച വിശ്വാസം സമൂഹമനസ്സില്‍ നട്ടുവളര്‍ത്തിയിട്ടുള്ളത്. കാരണം, മനുഷ്യരെ സ്രഷ്ടാവില്‍ നിന്ന് അകറ്റിയാല്‍ മാത്രമേ ആ വിടവില്‍ കയറിക്കൂടാനും തങ്ങളുടെ കാര്യം സാധിക്കാനും കഴിയൂ എന്നാണ് അവര്‍ മനസ്സിലാക്കി യിട്ടുള്ളത്. വലിയൊരു അളവോളം അതിലവര്‍ വിജ യിക്കുകയും ചെയ്തു. കുറെ ദുര്‍ബ്ബല ന്യായങ്ങള്‍ പുറത്തുവിടുകയായിരുന്നു അതിനുവേണ്ടി അവര്‍ ആദ്യമായി ചെയ്തത്. അവ ഇപ്രകാരമാണ്:
പരാതിയുമായി കോടതിയില്‍ പോകുന്ന ഒരാള്‍ക്ക് ഒരു വക്കീലിന്റെ സഹായമില്ലാതെ ജഡ്ജി യോട് നേരിട്ട് തന്റെ പ്രശ്‌നങ്ങള്‍ പറയാന്‍ കഴിയില്ല ല്ലോ, അതുകൊണ്ട് അവിടെ കാര്യങ്ങള്‍ എളുപ്പമാകാനും പരിഹാരമാകാനും ഇടയാളനായി വക്കീല്‍ ആവശ്യമുള്ളതുപോലെ പരലോകത്ത് നമ്മുടെ കാര്യങ്ങള്‍ അവതരിപ്പിക്കാനും അനുകൂലമായ പരി ഹാരമുണ്ടാക്കാനും അമ്പിയാക്കളും ഔലിയാക്കളും ആവശ്യമാണ്.
അപ്രകാരംതന്നെ, പ്രധാനമന്ത്രിയോടോ മുഖ്യമ ന്ത്രിയോടോ നേരിട്ട് പരാതികള്‍ പറയാന്‍ നമുക്കാ ര്‍ക്കും സാധിക്കുകയില്ല. അവരുടെ ഓഫീസിലേക്ക് നേരിട്ട് കയറിച്ചെല്ലാന്‍ പോലും കഴിയില്ല. അതിനാല്‍, നാട്ടിലെ എം.എല്‍.എയേയോ എം.പിയേയോ അല്ലെ ങ്കില്‍ പാര്‍ട്ടി നേതാക്കളേയോ ആദ്യം സമീപിക്കേണ്ട തുണ്ട്. അവര്‍ വേണ്ടപ്പെട്ടവരോട് കാര്യമവതരിപ്പിച്ചാ ല്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ അത് പരിഗണിക്കുകയും നമുക്കനുകൂലമായ തീരുമാനമെടു ക്കുകയും ചെയ്യും. ഇവിടെ എം.എല്‍.എ അല്ലെങ്കില്‍ പാര്‍ട്ടി നേതാവ് ഇടയാളനായി നിന്ന് പെട്ടെന്ന് കാര്യം സാധിച്ചുതന്നതുപോലെ, അല്ലാഹുവിന്റെ മുമ്പില്‍ നമ്മുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും അങ്ങനെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാാനും അമ്പിയാക്കളുടേയും ഔലിയാക്കളുടേയും ബീവിമാരുടേയും ഇടയാളത്തം ആവശ്യമാണ്. ഇതാണ് ഈ വിഷയത്തില്‍ അവരുടെ ന്യായം!
മാത്രമല്ല, മേല്‍ പറഞ്ഞതുപ്രകാരം കോടതിയില്‍ കാര്യങ്ങള്‍ നടക്കാന്‍, വക്കീലിന് ഫീസ് കൊടുക്കുന്ന തുപോലെ, മുഖ്യമന്ത്രിയില്‍ നിന്ന് കാര്യം സാധിപ്പിച്ചു തരാന്‍ രാഷ്ട്രീയ നേതാവിനും എം.എല്‍.എക്കും കൈക്കൂലി കൊടുക്കുന്നതുപോലെ, പരലോകത്ത് നമ്മുടെ കാര്യം പരിഗണിക്കാന്‍ ഔലിയാക്കളെയും തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള മാര്‍ഗം അവരെ വിളിച്ചു തേടുകയും അവരുടെ ജാറത്തിങ്ക ലേക്ക് നേര്‍ച്ചവഴിപാടുകളര്‍പ്പിക്കുകയും ചെയ്യുക എന്നതാണ്.
എന്നാല്‍, എന്താണ് യാഥാര്‍ത്ഥ്യം? മേല്‍ പറഞ്ഞ ഭൗതിക ന്യായങ്ങളില്‍ പറഞ്ഞതുപോലെയാണോ സ്രഷ്ടാവായ അല്ലാഹുവും അവന്റെ സൃഷ്ടികളും തമ്മിലുള്ള ബന്ധം? ഇവര്‍ പ്രചരിപ്പിക്കും പോലെ ഇടയാളന്മാരിലൂടെയല്ലാതെ സാധാരണക്കാര്‍ക്ക് അടുക്കാന്‍ പറ്റാത്ത, ക്രൂരനും സ്വേഛാധിപതിയുമാ ണോ നമ്മുടെ അല്ലാഹു? അവനിത്ര കാരുണ്യമില്ലാ ത്തവനാണോ? അടിസ്ഥാനപരമായി ഉത്തരം കണ്ടെത്തേണ്ട സംശയങ്ങളാണിത്
.
അതിനുവേണ്ടി ആദ്യം നാം പരിശോധിക്കേണ്ടത് അവനെ അവന്‍ തന്നെ എങ്ങനെയാണ് (ഖുര്‍ആനി ല്‍) പരിചയപ്പെടുത്തിയത് എന്നതാണ്. ശേഷം അവനെ പരിചയപ്പെടുത്താന്‍ വേണ്ടി നമ്മിലേക്ക് നിയോഗിച്ച തിരുദൂതര്‍ മുഹമ്മദ് മുസ്തഫാ() അവനെക്കുറിച്ച് (ഹദീസില്‍) എപ്രകാരമാണ് വിവ രിച്ചുതന്നത് എന്നതാണ്. അതിനുവേണ്ടി വിശുദ്ധ ഖുര്‍ആന്‍ തന്നെ ആദ്യം നമുക്ക് പരിശോധിക്കാം. അതിലെ ഏതാനും വരികളിലൂടെ കടന്നുപോകുമ്പോ ള്‍ തന്നെ മേല്‍ ധാരണകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്നതാണ്. കാരണം, ഖുര്‍ആന്‍ അവനെ പരിചയപ്പെടുത്തുന്നത് അങ്ങേയറ്റത്തെ കാരുണ്യത്തിന്റെ ഉറവിടമായിട്ടാണ്. അവന്റെ വിശേഷണങ്ങളായി വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിച്ചത് ‘റഹ്മാന്‍’ (തന്നെ അനുസരിക്കുന്നവര്‍ക്കും ധിക്കരിച്ച് നിഷേധിക്കുന്നവര്‍ക്കും ദുനിയാവില്‍ ഒരുപോലെ കരുണകാണിക്കുന്നവന്‍) എന്നാണ്. കൂടാതെ, ‘റഹീം’ (കരു ണാനിധി), ‘ഗഫൂര്‍’(പൊറുക്കുന്നവന്‍), ‘ഗഫ്ഫാര്‍’ (ഏറ്റവും കൂടുതല്‍ പൊറുക്കുന്നവന്‍), ‘തവ്വാബ്’ (പശ്ചാതാപം സ്വീകരിക്കുന്നവന്‍), ‘മുജീബ്’(ഉത്തരം ചെയ്യുന്നവന്‍) തുടങ്ങിയവയാണ്. സൃഷ്ടികളുമായുള്ള അവന്റെ അടുപ്പത്തെ കുറിച്ച് അവന്‍ പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്: ”അവന്റെ കണ്ഠനാഡിയേ ക്കാള്‍ നാം അവനോട് അടുത്തവനാണ്.” (സൂറഃ ഖാഫ്: 16)
മറ്റൊരു വചനത്തില്‍ അവന്‍ പറയുന്നു: ”എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (പറയുക) തീര്‍ച്ചയായും ഞാന്‍ അവരുടെ സമീപ സ്ഥനാണ്. (അതുകൊണ്ട്) പ്രാര്‍ത്ഥിക്കുന്നവന്‍ എ ന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും.” (സൂറഃ അല്‍ബഖറ- 186)
തെറ്റുകള്‍ ചെയ്തുകൂട്ടിയ പാപികളോടു പോലും അവന്‍ ഇപ്രകാരമാണ് പറയുന്നത്: ”(നബിയേ, എന്റെ അടിമ കളോട് ഞാന്‍ പറഞ്ഞതായി) പറയുക! തങ്ങളുടെ സ്വന്തം ശരീരങ്ങളോട് അതിക്രമം പ്രവര്‍ ത്തിച്ചിട്ടുള്ള എന്റെ അടിമകളേ, നിങ്ങള്‍ അല്ലാഹുവി ന്റെ കാരുണ്യത്തെപ്പറ്റി നിരാശരാകരുത്. അല്ലാഹു പാപങ്ങള്‍ മുഴുവനും പൊറുത്തുതരികതന്നെ ചെയ്യും. തീര്‍ച്ചയായും അവന്‍ തന്നെയാണ് വളരെ പൊറുക്കുന്നവനും പരമകാരുണികനും.” (സൂറഃ സുമര്‍- 53)
നോക്കൂ, എത്രവലിയ കാരുണ്യവാനാണവന്‍! നാം എത്ര വലിയ തെറ്റുകള്‍ ചെയ്തവരാണെങ്കിലും നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ അടിസ്ഥാന ഇബാദത്തുകളില്‍ പോലും ഗുരുതരമായ വീഴ്ചവരുത്തിയവരാണെങ്കിലും, യാതൊരു നന്മയും ചെയ്യാത്തവരാണെങ്കിലും ശരി, പശ്ചാത്താപ മനസ്ഥിതിയോടെ അവങ്കലേക്ക് കൈകളുയര്‍ത്തിയാല്‍ അതെല്ലാം കാരുണ്യവാനായ ആ നാഥന്‍ പൊറുത്ത് തരുമെന്ന കാര്യത്തില്‍ സംശയമില്ല. അക്കാര്യത്തില്‍ യാതൊരാളുടേയും ഇടയാളത്തം അവന്നാവശ്യമില്ല. അവനുമുമ്പില്‍, ആരുടേയും സ്ഥാനമാനങ്ങളും സ്വാധീനങ്ങളും വിലപ്പോവുകയുമില്ല. ഖുര്‍ആന്‍ തന്നെ ഉദ്ധരിച്ച മറ്റൊരു വചനം നോക്കൂ: ”കാരുണ്യ ത്തെ അവന്‍ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖ പ്പെടുത്തിയിരിക്കുന്നു.” (സൂറഃ അന്‍ആം: 12)
എന്നാല്‍, നേരത്തെ പുരോഹിതന്മാര്‍ വിശദീകരിച്ച ഉദാഹരണത്തിലെ മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ജഡ്ജിയുടേയുമെല്ലാം അവസ്ഥയെന്താണ്? അവരുടെ സ്വന്തം അയല്‍പക്കത്തുള്ളവരെ പോലും അവര്‍ക്കറിയുമോ? അതുപോലും മറ്റുള്ളവര്‍ പരിചയപ്പെടുത്തിക്കൊടുക്കേണ്ടതില്ലേ? മാത്രമല്ല, തെറ്റു ചെയ്തവര്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരാണെങ്കിലും എം.എല്‍.എയുടേയും എം.പിയുടേ യും ശുപാര്‍ശ കാരണം മനസ്സില്ലാ മനസ്സോടെ കുറ്റവിമുക്തരാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നു. അവര്‍ക്ക് അര്‍ഹതപ്പെടാത്ത സ്ഥാനങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരമൊരാളായിട്ടാണോ നിങ്ങള്‍ അല്ലാഹുവിനെ കാണുന്നത്? നഊദുബില്ലാ ഹ്! എന്ത് തെറ്റു ചെയ്തവരേയും മറ്റുള്ളവരുടെ കെയറോഫില്‍ രക്ഷപ്പെടുത്തുന്ന, സല്‍കര്‍മം ചെയ്യാത്തവര്‍ക്ക് സ്വര്‍ഗം വാങ്ങിക്കൊടുക്കുന്ന മറ്റുള്ളവരുടെ ആജ്ഞാനുവര്‍ത്തിയാണോ ജബ്ബാറായ, മുതകബ്ബിറായ അല്ലാഹു? ലോകം മുഴുവന്‍ സൃഷ്ടിച്ചു പരിപാ ലിക്കുന്ന, എല്ലാറ്റിനും കഴിവുള്ള, ലക്ഷക്കണക്കിലുള്ള ഭാഷയില്‍ കോടിക്കണക്കിന് ജനങ്ങള്‍ പ്രാത്ഥിക്കു മ്പോള്‍ നിമിഷത്തിനുള്ളില്‍ ഉത്തരം കൊടുക്കാന്‍ കഴിവുള്ള അല്ലാഹുവിനെ, പോലീസിന്റേയും പട്ടാളത്തിന്റേയും കാവലില്ലാതെ ഒന്ന് മൂത്രമൊഴിക്കാന്‍ പോലും കഴിയാത്ത പ്രധാനമന്ത്രിയോടും മറ്റും താരതമ്യപ്പെടുത്തുന്നത് അവനെ അപമാനിക്കലല്ലാ തെ മറ്റെന്താണ്? ഇതിലൂടെ, അവന്റെ വാജിബായ (നിര്‍ബന്ധമായും ഉണ്ടാകേണ്ട) ‘ഖുദ്‌റത്ത്’ എന്ന സ്വിഫത്തിനെ നിഷേധിക്കുകയും മുസ്തഹീലായ (വരാന്‍ പാടില്ലാത്ത) സ്വിഫത്തായ ‘അജസി’ (അശക്തി)നെ സ്ഥിരീകരിക്കുകയും കൂടി യല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്?! ഇവരൊക്കെ അല്ലാഹുവിനെ മനസ്സിലാക്കിയിട്ടുള്ളത് ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നല്ല എന്നത് ഏതായാലും ഉറപ്പാണ്. മറിച്ച് കുറെ കേട്ടുകേള്‍വികളില്‍നിന്നും കെട്ടുകഥകളില്‍ നിന്നുമാകാനേ തരമുള്ളൂ. അതുകൊണ്ടാണ് അത്തരമാളുകളെക്കുറിച്ച് ഖുര്‍ആന്‍ തന്നെ പറഞ്ഞത്: ”അല്ലാഹുവിനെ കണക്കാക്കേണ്ടതുപോലെ അവര്‍ കണക്കാക്കിയിട്ടില്ല.” (സൂറഃ അന്‍ആം: 91)
അതിനാല്‍, ആദ്യമായും അടിസ്ഥാനപരമായും നാം ഉറച്ചുവിശ്വസിക്കേണ്ടത്, നമ്മുടെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു കാരുണ്യവാനാണ് എന്നതാണ്. അതും കേവല കാരുണ്യമല്ല, തന്നെ ധിക്കരിക്കുന്നവര്‍ക്കുപോലും ഈ ദുനിയാവില്‍ വാരിക്കോരി അനുഗ്രഹങ്ങള്‍ നല്‍കുന്ന അതീവ ദയാലുവും കരുണാനിധിയുമാണവന്‍. മാത്രമല്ല, നമ്മോട് ഏറ്റവും അടുത്തവനുമാണവന്‍. എത്രയേറെ തെറ്റുകള്‍ ചെയ് തവരാണെങ്കിലും ശരി പൊറുത്തുതരാന്‍ അവന്‍ ഒരുക്കമാണ്. അതിനാല്‍ നമ്മുടെ സങ്കടങ്ങളും ആവശ്യങ്ങളും അവനോട് നേരിട്ട് പറയുക! അതില്‍ ഇടയാളന്മാരുടേയും മധ്യവര്‍ത്തികളുടേയും ആവശ്യമില്ല. ഖുര്‍ആന്‍ തന്നെ വീണ്ടും പറയുന്നു:
”നിങ്ങളുടെ നാഥന്‍ പ്രഖ്യാപിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. തീര്‍ച്ചയായും എന്നെ ആരാധിക്കുന്ന (പ്രാര്‍ ത്ഥിക്കുന്ന) കാര്യത്തില്‍ അഹങ്കരിക്കുന്നവര്‍ പിന്നീട് നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (സൂറഃ ഗാഫിര്‍- 60)
ഇവിടെ, ഉത്തരം ലഭിക്കാന്‍ അല്ലാഹു നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത് -ഇടയാളന്മാരില്ലാതെ- നേരിട്ടുള്ള പ്രാര്‍ത്ഥനയാണ്. അതിലപ്പുറം പ്രവര്‍ത്തിച്ചാല്‍ നിന്ദ്യമായ നരകശിക്ഷയായിരിക്കും ഫലം! അതുകൊണ്ട് ഇനിയെങ്കിലും കണ്ണ് തുറക്കുക.
ഇത് പറയുമ്പോള്‍, ഇസ്‌ലാം തവസ്സുലിന് -ഇടയാളത്തത്തിന്- തീര്‍ത്തും എതിരാണെന്ന് തെറ്റിദ്ധരിക്കരുത്. ശറഇല്‍ അനുവദിക്കപ്പെട്ട ചില തവസ്സു ലുകളുണ്ട്. അവ നമുക്ക് ഉപയോഗിക്കാവുന്നതുമാ ണ്. അവ ഇപ്രകാരമാണ്:
1.സല്‍കര്‍മങ്ങള്‍കൊണ്ടുള്ള തവസ്സുല്‍:-
ഇസ്‌ലാം അനുവദിച്ച തവസ്സുലിന്റെ ഒരിനമാണിത്. അഥവാ, അല്ലാഹുവിനേയും റസൂലിനേയും മുറപ്രകാരം അനുസരിച്ചുകൊണ്ട് അവര്‍ വിരോധി ച്ചത് കയ്യൊഴിച്ചുകൊണ്ടും ജീവിച്ച് പുണ്യകര്‍മ്മങ്ങള നുഷ്ഠിക്കുക എന്നതാണ് അതില്‍ മുഖ്യമായിട്ടുള്ളത്. ശേഷം അത്തരം സല്‍കര്‍മങ്ങള്‍ മുന്നില്‍വെച്ചുകൊ ണ്ട് അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നു:
”വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷി ക്കുകയും അവനിലേക്ക് അടുപ്പിക്കുന്ന മാര്‍ഗം അന്വേ ഷിക്കുകയും ചെയ്യുക.” (സൂറഃ മാഇദ- 35)
ഈ ആയത്തില്‍ പറയുന്നത്, സ്വന്തം സല്‍കര്‍മ ങ്ങള്‍ വഴി അല്ലാഹുവിലേക്ക് അടുക്കുന്നതിനെക്കുറി ച്ചാണ്. ഇക്കാര്യത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കി ടയില്‍ ഭിന്നാഭിപ്രായമില്ലെന്ന് തഫ്‌സീര്‍ ഇബ്‌നുകസീ റില്‍ പ്രത്യേകം പറയുന്നുണ്ട.് (തഫ്‌സീര്‍ ഇബ്‌നു കസീര്‍ 2/53)
സല്‍കര്‍മങ്ങള്‍കൊണ്ടുള്ള തവസ്സുലിനുള്ള മറ്റൊരു ഉദാഹരണമാണ്, മൂന്നാളുകള്‍ ഒരു ഗുഹയില്‍ അഭയം തേടുകയും അപ്രതീക്ഷിതമായി ഗുഹാമുഖത്ത് വലിയൊരു പാറക്കല്ല് വന്നടയുകയും, രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ലാതായപ്പോള്‍ ഓരോരുത്തരും അവനവന്‍ ചെയ്ത ഓരോ സല്‍കര്‍മങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് രക്ഷക്കായി പ്രാര്‍ത്ഥിക്കുകയും അപ്പോള്‍ ഗുഹാമുഖത്തുള്ള പാറക്കല്ല് അകന്നുപോയി അവര്‍ രക്ഷപ്പെടുകയും ചെയ്ത സംഭവം. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം ഇത് കാണാം. (ഉദാ:- സ്വഹീഹുല്‍ ബുഖാരി ഹദീസ് നമ്പര്‍: 2215, സ്വഹീഹ് മുസ്‌ലിം നമ്പര്‍:2743)
സൗഖ്യമുള്ള സമയത്ത് തങ്ങള്‍ ചെയ്തുവെച്ച നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങള്‍ മുമ്പില്‍ വെച്ചുകൊ ണ്ട് ‘തവസ്സുല്‍’ ചെയ്യാമെന്നതിന് പ്രസ്തുത സംഭവം വ്യക്തമായ തെളിവ് നല്‍കുന്നു.
ചുരുക്കത്തില്‍, ഓരോ ആളുകള്‍ക്കും സ്വന്തം സ ല്‍കര്‍മങ്ങള്‍ കൊണ്ട് തവസ്സുല്‍ ചെയ്യാമെന്ന് വ്യക്തമായി.
2. ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനകൊണ്ടുള്ള തവസ്സുല്‍:-
ഇസ്‌ലാം അനുവദിച്ച തവസ്സുലിന്റെ മറ്റൊരിനമാണിതും. അതായത്, ഒരാള്‍, നല്ലൊരാളുടെ അടുക്കല്‍ ചെന്ന് തനിക്കുവേണ്ടി ഇന്ന കാര്യത്തിന് താങ്കള്‍ അല്ലാഹുവോട് പ്രര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുക എന്നതാണ് അതിന്റെ രീതി.
നബി()യുടെ അടുക്കല്‍ ഒരു ഗ്രാമീണനായ അറബി വന്ന് മഴക്കുവേണ്ടി പ്രാത്ഥിക്കാനാവശ്യ പ്പെട്ടത് ഇതിനുദാഹരണമാണ്. ഇക്കാര്യം ബുഖാരി, മുസ്‌ലിം തുടങ്ങിയ പ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ഇതുപോലെ നമുക്കും ജീവിച്ചിരിക്കുന്ന സ്വാലിഹീങ്ങളോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടാം. ഉമര്‍(റ) ഉംറക്കായി മക്കത്തേക്ക് പോകുമ്പോള്‍ നബി() അദ്ദേഹത്തോട് ”സുഹൃത്തേ താങ്കളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ക്കൂടി ഉള്‍പ്പെടുത്താന്‍ മറക്കരുതേ” എന്ന് പറഞ്ഞത് ഇതിനുള്ള മറ്റൊരു തെളിവാണ്.
എന്നാല്‍, ജീവിതകാലത്ത് മാത്രമേ ഈ തവസ്സു ലിന് സാധുതയുള്ളൂ. അതിനാല്‍, ആരെങ്കിലും നബി()യുടേതടക്കം ഖബറിങ്കല്‍ ചെന്ന് എനിക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നോ, ഈ മഹാത്മാവിന്റെ ഹഖ്- ജാഹ്-ബറകത്തുകൊണ്ട് എന്റെ ആവശ്യം നിറവേറ്റിത്തരണമെന്നോ മറ്റോ പ്രാര്‍ത്ഥിക്കാനോ, ആ അര്‍ത്ഥത്തില്‍ തവസ്സുലാക്കാനോ പുടുള്ളതല്ല. അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കിന്റെ പരിധിയിലാണ് വന്നുചേ രുക.
3. അല്ലാഹുവിന്റെ നാമ-ഗുണ-വിശേഷണങ്ങള്‍ കൊണ്ടുള്ള തവസ്സുല്‍:-
അനുവദിക്കപ്പെട്ട ‘തവസ്സുലി’ന്റെ മറ്റൊരിനം ഇതാ ണ്. അല്ലാഹുവിനെ സ്തുതിക്കുകയും മഹത്വപ്പെടു ത്തുകയും ചെയ്യുക, അവന്റെ മഹിത നാമങ്ങള്‍കൊ ണ്ടും ഉദാത്ത ഗുണവിശേഷണങ്ങള്‍കൊണ്ടും അവ നെ പ്രകീര്‍ത്തിക്കുക, ശേഷം അവനോട്, താന്‍ ഉദ്ദേ ശിക്കുന്ന കാര്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യു ക. ഇതാണ് പ്രസ്തുത തവസ്സുലിന്റെ രീതി. ഖുര്‍ആന്‍ തന്നെ പറയുന്നു:
”അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക.” (സൂറഃ അഅ്‌റാഫ്- 180)
ഈ വിഷയകമായ ഒരു ഹദീസ് ശ്രദ്ധിക്കുക: ആയിശ(റ) നിവേദനം: നബി() പറയുന്നതായി ഞാ ന്‍ കേള്‍ക്കുകയുണ്ടായി. ”അല്ലാഹുവേ! പരിശുദ്ധ വും പരിപാവനവും ബര്‍ക്കത്ത് നിറഞ്ഞതുമായ നിന്റെ നാമം കൊണ്ടുഞാന്‍ നിന്നോട് ചോദിക്കുന്നു. ഇവയാണ് നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും. അവകൊ ണ്ട് ആരെങ്കിലും നിന്നോട് പ്രാര്‍ത്ഥിച്ചാല്‍ നീ ഉത്തരം നല്‍കുകയും അവകൊണ്ട് ആരെങ്കിലും നിന്നോട് ചോദിച്ചാല്‍ നീ നല്‍കുകയും ചെയ്യും” (ഇബ്‌നുമാജ ഹദീസ് നമ്പര്‍: 3859)
അപ്പോള്‍, അല്ലാഹുവിന്റെ നാമ-ഗുണ-വിശേ ഷണങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട്, ഉദാഹരണമായി: ‘റഹ്മാനായ അല്ലാഹുവേ…’, ‘റഹീമായ നാഥാ…’ എന്നിങ്ങനെ പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കല്‍ (തവസ്സുല്‍ ചെയ്യല്‍) വിശിഷ്ഠമായതാണെന്നര്‍ത്ഥം.
ചുരുക്കത്തില്‍, ഇസ്‌ലാം, തവസ്സുലിനെ പാടെ നിരാകരിക്കുന്നില്ലെന്നും അതില്‍ അനുവദിക്കപ്പെട്ടവയുണ്ടെന്നും നാം മനസ്സിലാക്കി. എന്നാല്‍, ഇന്ന് നമ്മുടെ സമൂഹത്തില്‍ കൂടുതലായും നടന്നുവരുന്ന ‘തവസ്സുല്‍’ ഈ പറഞ്ഞ തരത്തിലുള്ളവയല്ലെന്ന് ഉറപ്പല്ലേ? മറിച്ച്, മരിച്ചുപോയ മഹാത്മാക്കളെക്കൊ ണ്ടും അവരുടെ ഹഖ്, ജാഹ്,ബറകത്ത് എന്നിവകൊണ്ടുള്ളതാണ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്. അതാകട്ടെ ഇസ്‌ലാം പഠിപ്പിക്കാത്തതും അന്യമതസ്ഥരില്‍നിന്ന് കടന്നുകൂടിയതുമാണ്. അത് ഇസ്‌ലാമികമാണെന്ന് സ്ഥാപിക്കാന്‍ അതിന്റെ അനുകൂലികള്‍ക്ക് ഒരിക്കലും സാധിക്കുകയുമില്ല. അമ്പിയാക്ക ളില്‍ ചിലര്‍ മറ്റു ചിലരെക്കൊണ്ടോ സഹാബിമാര്‍ നബി()യെക്കൊണ്ടോ ഈ വിധം തവസ്സുല്‍ ചെയ് തതായി സ്ഥിരപ്പെട്ടിട്ടില്ല. മാത്രമല്ല നിരവധി അമ്പിയാക്കളുടെ പ്രാര്‍ത്ഥനകള്‍ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍, അവയിലൊന്നും തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരെകൊണ്ടോ അവരുടെ ഹഖ്-ജാഹ്-ബറകത്തുകൊണ്ടോ തവസ്സുല്‍ ചെയ്തുകൊണ്ടുള്ള ഒരു പ്രാര്‍ത്ഥനയുമില്ല എന്നതും പ്രത്യേകം മനസ്സിലാക്കുക.
ഇവിടെ നാം തിരിച്ചറിയേണ്ട മറ്റൊരു വസ്തുത, ഇന്ന് നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കൂടുതലും തവസ്സുല്‍ (ഇടതേട്ടം) മേല്‍ പറഞ്ഞതുപോലെ മഹാന്മാരെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് നേരിട്ട് ചോദിക്കുന്നവയല്ല. മറിച്ച് മരിച്ചുപോയ മഹാന്മാരോടു തന്നെ നേരിട്ട് ചോദിക്കുന്നവയാണ്. അപ്പോള്‍ അവിടെതന്നെ ശിര്‍ക്ക് സംഭവിക്കുന്നു എന്ന കാര്യം പ്രത്യേ കം ഓര്‍ക്കുക!
അതിനാല്‍, അന്യമതസ്ഥരില്‍ നിന്നും കടന്നുവന്ന തെറ്റായ തവസ്സുലിനെ നാം കയ്യൊഴിച്ചേ മതിയാകൂ. പകരം പ്രവാചകന്മാരുടേയും ഔലിയാക്കളുടേ യും മാതൃക സ്വീകരിച്ച്, ഇടയാളന്മാരില്ലാതെ നേരിട്ട് അല്ലാഹുവിനോട് തേടുക. അക്കൂട്ടത്തില്‍ അനുവദിച്ച രീതികള്‍ സ്വീകരിക്കുകയും ചെയ്യുക. അതിന് സര്‍വ്വ ശക്തന്‍ നമുക്ക് തൗഫീഖ് നല്‍കുമാറാകട്ടെ!
ഇസ്തിഗാസഃ
സഹായതേട്ടം എന്നാണ് ‘ഇസ്തിഗാസ’ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഇതിലും തവസ്സുലിന്റെ കാര്യ ത്തിലേതുപോലെ തന്നെ അനുവദനീയമായതും വിരോധിക്കപ്പെട്ടതുമുണ്ട്. സാമൂഹ്യജീവിയായ മനു ഷ്യര്‍ പരസ്പരം അവര്‍ക്ക് ലഭ്യമായ കഴിവില്‍പെട്ട സഹായം ചോദിക്കല്‍ സര്‍വ്വസാധാരണയാണല്ലോ. ഉദാഹരണമായി: അയല്‍വാസികളോട് വല്ലതും വായ്പചോദിക്കല്‍, കടകളില്‍ പോയി സാധനങ്ങള്‍ ചോദിക്കല്‍, വാഹനത്തിലേക്ക് കയറാന്‍ സാധിക്കാ ത്ത ഒരാള്‍ മറ്റൊരാളോട് ഒന്ന് കൈപിടിക്കാന്‍ ആവ ശ്യപ്പെടല്‍… ഇങ്ങനെ ഇസ്‌ലാം വിരോധിക്കാത്ത കാര്യങ്ങളില്‍ പരസ്പരം സഹായം ചോദിക്കുന്നതും ചെയ്തുകൊടുക്കുന്നതും അനുവദനീയമാണ്. അത് ചിലപ്പോള്‍ നിര്‍ബന്ധവുമാകാറുണ്ട്. ഈ വിഷയക മായി ഖുര്‍ആന്‍ നല്‍കുന്ന വ്യക്തമായ നിര്‍ദ്ദേശം ഇങ്ങനെയാണ്:
”സല്‍പ്രര്‍ത്തനങ്ങളിലും തഖ്‌വയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക; കുറ്റകരമായ കാര്യത്തി ലും അക്രമത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കാ തിരിക്കുകയും ചെയ്യുക.” (സൂറഃ മാഇദ- 2) ഇവിടെ മനുഷ്യരുടെ കഴിവില്‍ പെട്ട ഇസ്തിഗാസയില്‍ തന്നെ വിരോധിക്കപ്പെട്ടതുമുണ്ടെന്ന് വ്യക്തമാണല്ലോ. അതാ കട്ടെ ശിര്‍ക്ക് സംഭവിക്കുന്ന തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസയല്ല എന്നത് പ്രത്യേകം പറയേണ്ടതില്ല ല്ലോ.
എന്നാല്‍, വിരോധിക്കപ്പെട്ടതും ശിര്‍ക്കായതുമായ ഒരു ഇസ്തിഗാസയുണ്ട്. അതാണ് ഇന്ന് ഏറെ തെറ്റി ദ്ധാരണകള്‍ക്ക് വിധേയമായിട്ടുള്ളതും. അഥവാ, ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ സൃഷ്ടികളോട് (ഇവിടെ ഉദ്ദേശിക്കുന്നത് മഹാത്മാ ക്കളോട്) സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള കാര്യ ങ്ങള്‍ക്കു വേണ്ടി അഥവാ, അഭൗതികമായി-കാര്യകാ രണബന്ധങ്ങള്‍ക്കതീതമായി ലഭിക്കേണ്ട സഹായങ്ങ ള്‍ക്കുള്ള ചോദ്യം. ആ സഹായതേട്ടത്തിന് ഇസ്‌ലാമിക പ്രമാണങ്ങളിലെവിടെയും തെളിവ് കണ്ടെത്താന്‍ സാധിക്കുകയില്ല. മാത്രമല്ല, അത് അല്ലാഹുവിന്റെ മാത്രം കഴിവില്‍ പെട്ടതായതിനാല്‍ സൃഷ്ടികളോട് ചോദിക്കല്‍ തെറ്റാണ്; ശിര്‍ക്കുമാണ്.
ഉദാഹരണമായി: ഒരാള്‍ക്ക് രോഗം ബാധിച്ചു. അയാള്‍ ഒരു ഡോക്ടറുടെ അടുക്കല്‍ പോയി ആവ ശ്യപ്പെടുന്നു: ‘എനിക്ക് രോഗമാണ് എനിക്കുവേണ്ട ചികിത്സകള്‍ തന്ന് എന്നെ സഹായിക്കണം.’ ഇത് അനുവദനീയമായ ഇസ്തിഗാസയാണ്. കാരണം ഇവിടെ ആ രോഗിയുടെ ഉദ്ദേശ്യം, തന്റെ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍, അദ്ദേഹം പഠിച്ച അറിവുവെച്ച് തന്നെ ചികില്‍സിക്കുമെന്നും ആവശ്യമായ മരുന്നു കള്‍ നല്‍കുകയും ചെയ്യുമെന്നാണ്. അപ്പോള്‍ ഇവി ടെയുള്ള സഹായം സൃഷ്ടിയായ മനുഷ്യന് ലഭിച്ച കഴിവില്‍ പെട്ടതാണ്. അഥവാ, കാര്യകാരണ ബന്ധ ങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതുമാണ്. അതിനാ ല്‍ ആ ഇസ്തിഗാസ അനുവദനീയമാണ്.
എന്നാല്‍, ഇതേ രോഗി തന്നെ ‘അല്ലാഹുവേ എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടു ത്തേണമേ’ എന്ന് ഇസ്തിഗാസ നടത്തിയാല്‍ അതും അനുവദനീയമാണ്. മാത്രമല്ല, അത് തൗഹീദുമാണ്. ഇവിടെ, അല്ലാഹുവിന്റെ സഹായവും രോഗശമന വും ഏതുരൂപത്തിലാണെന്നത് നമുക്കജ്ഞാതമാണ്. ഡോക്ടര്‍ ചെയ്തതുപോലെ അല്ലാഹു നേര്‍ക്കുനേരെ വന്ന് പരിശോധിച്ച് മരുന്ന് നല്‍കുമെന്നല്ല ഉദ്ദേശ്യം. മറിച്ച് മനുഷ്യരുള്‍പ്പടെയുള്ള സൃഷ്ടികള്‍ക്കാര്‍ക്കും കഴിയാത്ത, തികച്ചും കാര്യകാരണ ബന്ധങ്ങള്‍ക്കതീ തമായ (അഭൗതികമായ) മാര്‍ഗത്തില്‍ സഹായിക്കുമെ ന്നാണ്. അവനാകട്ടെ അതിനെല്ലാം കഴിവുള്ളവനുമാണ്.
ഇനി, ഇതേ രോഗി തന്നെ ‘മുഹ്‌യിദ്ദീന്‍ ശൈഖേ! എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടു ത്തണേ…’ എന്ന് ഇസ്തിഗാസ നടത്തിയാല്‍ അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കായിത്തീരു കയാണ് ചെയ്യുന്നത്. കാരണം, ഇവിടെ മുഹ്‌യിദ്ദീന്‍ ശൈഖ് സഹായിക്കുമെന്നും രോഗം മാറ്റുമെന്നും വിശ്വസിക്കുന്നത് നമുക്കറിയാത്ത, ഭൗതികമല്ലാത്ത മാര്‍ഗത്തിലൂടെയാണ്. നേരത്തെ പറഞ്ഞ ഡോക്ടറു ടെ രൂപത്തില്‍, നേര്‍ക്കുനേരെ വന്ന് ചില്‍സിക്കുക യും മരുന്ന് നല്‍കുകയും ചെയ്യും എന്ന നിലക്കല്ല. അല്ലാഹു ചെയ്യുന്നതുപോലെ കാര്യകാരണ ബന്ധങ്ങ ള്‍ക്കതീതമായി (അഭൗതികമായി) ചെയ്യുമെന്നാണ്. ആ കഴിവാകട്ടെ ഒരു സൃഷ്ടിക്കും അല്ലാഹു വിട്ടു കൊടുത്തിട്ടുമില്ല. അവന്റെ മാത്രം കഴിവില്‍ പെട്ട താണത്. അതിനാല്‍ അതില്‍ ശൈഖിനെ പങ്കുചേര്‍ ക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതോടെ നേരത്തെ പറഞ്ഞ അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാ പമായ ശിര്‍ക്ക് സംഭവിക്കുന്നു!
ഇത്തരം ശിര്‍ക്കായ ഇസ്തിഗാസകളാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ കൂടുതലും നടന്നുവരുന്നത് എന്നത് നമ്മെ ഏറെ വേദനിപ്പിക്കേണ്ട ദുഃഖസത്യ മാണ്! അതിനാല്‍, അത്തരം ഇസ്തിഗാസകള്‍ അല്ലാഹുവിനോട് മാത്രമാക്കുക എന്നതാണ് ഈ വി ഷയത്തില്‍ നാം അടിവരയിട്ട് മനസ്സിലാക്കേണ്ട കാര്യം.
അല്ലാഹുവിനോടു മാത്രം നടത്താന്‍ പാടുള്ള ഇത്തരം സഹായ തേട്ടത്തെക്കുറിച്ചും ഇസ്തിഗാസ എന്ന് തന്നെ ഖുര്‍ആന്‍ പ്രയോഗിച്ചതായി കാണാം. ബദ്‌റില്‍ വെച്ച് നബി() നടത്തിയ പ്രാര്‍ത്ഥനയെ കുറിച്ച് ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:
”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തല്‍ഫലമായി തട രെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊ ണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എ ന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കി.” (സൂറഃ അന്‍ഫാല്‍-9)
മറ്റൊരായത്തില്‍, സ്വാലിഹീങ്ങളായ രണ്ട് മാതാ പിതാക്കള്‍ പരലോകനിഷേധിയായ മകനെ നേര്‍മാര്‍ഗ ത്തിലാക്കാന്‍ നടത്തിയ പ്രാര്‍ത്ഥനയെക്കുറിച്ച് പറ ഞ്ഞത് ഇപ്രകാരമാണ്:
”അവര്‍ രണ്ടുപേരുമാകട്ടെ അല്ലാഹുവോട് സഹായം തേടിക്കൊണ്ടുമിരിക്കുന്നു.” (സൂറഃ മാഇദ -2)
മേല്‍ രണ്ട് ആയത്തുകളിലും ദുആ (പ്രാര്‍ത്ഥന) എന്നതിനു പകരം ഇസ്തിഗാസ എന്നാണ് പ്രയോഗി ച്ചിട്ടുള്ളത്.
പ്രസിദ്ധമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ”നബി() പറഞ്ഞു: ….നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക; സഹായം തേടുക യാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക” (തിര്‍മിദി. ഹദീസ് നമ്പര്‍: 6516) ഇവിടെയും പ്രാര്‍ത്ഥന യുടെ പരിധിയില്‍ വരുന്ന സഹായത്തെ ക്കുറിച്ചാണ് അല്ലാഹുവിനോട് മാത്രം ചോദിക്കണമെന്ന് പഠിപ്പിക്കു ന്നത്.
പ്രസിദ്ധ സുന്നി പണ്ഡിതനായിരുന്ന കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോ യ തങ്ങള്‍ സൂറഃ ഫാതിഹയിലെ ”നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു” എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് എഴുതിയ വരികള്‍ പ്രത്യേകം ശ്രദ്ധിക്കുക: ”….സഹായം തേടുക എന്നതുകൊണ്ട് പ്രാര്‍ത്ഥനയാണുദ്ദേശ്യം. പ്രാര്‍ത്ഥനയാകട്ടെ ഇബാദ ത്തിന്റെ -ആരാധനയുടെ ഭാഗമാണ് താനും.” (അല്‍ ബയാന്‍ ഫീ മആനില്‍ ഖുര്‍ആന്‍. പേജ്: 5) നോക്കൂ, എത്ര വ്യക്തമാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. ഈ ആയത്തില്‍ പറഞ്ഞ സഹായതേട്ടം പ്രാര്‍ത്ഥനയുടെ പരിധിയില്‍ പെട്ട, അഥവാ, കാര്യകാരണബന്ധങ്ങള്‍ ക്കതീതമായ- അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട സഹായമാണെന്ന് വ്യക്തമായിതന്നെ സമ്മതിക്കുന്നു.
പ്രാര്‍ത്ഥനയുടെ പരിധിയില്‍ വരുന്ന മേല്‍ പറ ഞ്ഞ തരം ഇസ്തിഗാസകള്‍ക്കാണ് ‘ദുആ’ എന്ന് ഖു ര്‍ആന്‍ കൂടുതലും പ്രയോഗിച്ചിട്ടുള്ളത്. രോഗശമനം, സന്താനലബ്ധി, നരകമോചനം… തുടങ്ങിയ, സൃഷ്ടികളുടെ കഴിവിനപ്പുറമുള്ള, കാര്യകാരണബന്ധങ്ങള്‍ ക്കതീതമായി ലഭിക്കേണ്ടുന്ന കാര്യങ്ങള്‍ക്കായുള്ള സഹായതേട്ടങ്ങളാണത്. അതിനാല്‍ അതൊരിക്കലും സൃഷ്ടികളിലേക്ക് തിരിക്കാന്‍ പാടില്ല; അല്ലാഹുവി നോട് മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ ആവര്‍ത്തി ച്ച് പറഞ്ഞിട്ടുണ്ട്. ചില ഖുര്‍ആനിക വചനങ്ങള്‍ ശ്രദ്ധി ക്കുക:
”നിങ്ങളുടെ നാഥന്‍ അരുളിയിരിക്കുന്നു. എന്നോ ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുക (ഇസ്തിഗാസ നടത്തുക). നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍ കും. എനിക്ക് ഇബാദത്തെടുക്കുവാന്‍ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (സൂറഃ ഗാഫിര്‍- 60)
”അല്ലാഹുവിനോടുള്ളത് മാത്രമാണ് സത്യമായ പ്രാര്‍ത്ഥന(ഇസ്തിഗാസ). (മറ്റുള്ളവരോടുള്ള പ്രാര്‍ത്ഥന -ഇസ്തിഗാസ- അസത്യത്തിന്റേതുമാണ്.) അവനു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ വന്നെത്താന്‍വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടി കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ല ല്ലോ? സത്യനിഷേധികളുടെ പ്രാര്‍ത്ഥന (ഇസ്തിഗാ സ) നഷ്ടത്തില്‍ തന്നെയാകുന്നു.” (സൂറഃ റഅ്ദ് -14)
”നിന്നെമാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോ ടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു” (സൂറഃ ഫാതിഹ -5)
”പറയുക, എന്റെ നാഥനോടു മാത്രമേ ഞാന്‍ പ്രാര്‍ത്ഥിക്കുകയുള്ളൂ (ഇസ്തിഗാസ നടത്തുകയു ള്ളൂ). അവനില്‍ ഒരാളെയും ഞാന്‍ പങ്ക്‌ചേര്‍ക്കുകയി ല്ല.” (സൂറഃ ജിന്ന്- 20)
”അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങള്‍ വിളി ച്ചു പ്രാര്‍ത്ഥിക്കരുത് (ഇസ്തിഗാസ നടത്തരുത്).” (സൂറഃ ജിന്ന്- 18)
”എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (പറയുക) നിശ്ചയം ഞാന്‍ അവരുടെ സമീപസ്ഥനാണ്. (അതു കൊണ്ട്) പ്രാര്‍ത്ഥിക്കുന്ന വന്‍ (ഇസ്തിഗാസ നടത്തുന്നവന്‍) എന്നോട് പ്രാര്‍ ത്ഥിക്കട്ടെ. ഞാന്‍ അവന്റെ പ്രാര്‍ത്ഥനക്കുത്തരം ചെ യ്യും.” (സൂറഃ ബഖറ- 186)
അല്ലാഹുവിനോടു മാത്രമേ പ്രാര്‍ത്ഥന (ഇസ്തിഗാ സ) പാടുള്ളൂ എന്ന് മേല്‍ ആയത്തുകള്‍ അസന്നിഗ്ദമായി പഠിപ്പിക്കുന്നു. ഇനി, ഈ അര്‍ത്ഥത്തിലുള്ള സഹായം അല്ലാഹുവല്ലാത്തവരോട് തേടിയാലുള്ള അവസ്ഥയെന്താണെന്ന് ഖുര്‍ആന്‍ തന്നെ ഗൗരവപൂ ര്‍വ്വം വിശദീകരിക്കുന്നത്കൂടി നോക്കൂ:
”നിങ്ങളവരോട് പ്രാര്‍ത്ഥിച്ചാല്‍ (ഇസ്തിഗാസ നടത്തിയാല്‍) നിങ്ങളുടെ പ്രാര്‍ത്ഥന (ഇസ്തിഗാസ) അവര്‍ കേള്‍ക്കുകയില്ല. ഇനി (നിങ്ങള്‍ ജല്‍പിക്കുംപോലെ അത്) കേട്ടാല്‍ തന്നെ അവര്‍ നിങ്ങള്‍ക്കുത്ത രം നല്‍കുന്നതുമല്ല. നിങ്ങള്‍ ചെയ്ത ഈ (പ്രാര്‍ത്ഥന -ഇസ്തിഗാസയാകുന്ന) ശിര്‍ക്കിനെ അവര്‍ അന്ത്യ ദിനത്തില്‍ നിഷേധിക്കുകയും ചെയ്യും.” (സൂറഃ ഫാത്വിര്‍- 14)
”അന്ത്യനാള്‍ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ (ഇസ്തിഗാസ നടത്തുന്ന വനേക്കാള്‍) വഴിപിഴച്ചവന്‍ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല അന്ത്യനാളില്‍) മനുഷ്യരെ ഒരുമിച്ചുകൂട്ട പ്പെടുമ്പോള്‍ അവര്‍ ഇവരുടെ (പ്രാര്‍ത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുകയും ചെയ്യും.” (സൂറഃ അഹ്ഖാ ഫ്- 5,6)
”നിങ്ങളുടെ നാഥന്‍ പ്രഖ്യാപിക്കുന്നു: എന്നോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. തീര്‍ച്ചയായും എന്നെ ആരാധിക്കുന്ന (പ്രാര്‍ ത്ഥിക്കുന്ന) കാര്യത്തില്‍ അഹങ്കരിക്കുന്നവര്‍ പിന്നീട് നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (സൂറഃ ഗാഫിര്‍- 60)
ചുരുക്കത്തില്‍, അല്ലാഹുവിനോട് മാത്രമേ ഇസ്തിഗാസ (പ്രാര്‍ത്ഥന) നടത്താന്‍ പാടുള്ളൂ എന്നും അത് അല്ലാഹുവല്ലാത്തവരോട് ഒരിക്കലും പാടില്ലെന്നുമാണ് ഇത്രയും ആയത്തുകളിലൂടെ ഖണ്ഡിതമായി പ്രതിപാദിച്ചത്.
മാത്രമല്ല, ഒരു വിശ്വാസി രാവിലെ ഉറക്കില്‍ നിന്ന് ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നത് വരെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തേണ്ട നൂറുക്കണക്കിന് സുന്നത്തായ പ്രാര്‍ത്ഥനകളും സന്നിഗ്ദ ഘട്ട ങ്ങളില്‍ നടത്തേണ്ട സഹായതേട്ടങ്ങളും നബി() നമ്മെ പഠിപ്പിച്ചിട്ടുണ്ട്. (ഉദാ:- അപകടത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രാര്‍ത്ഥന, രോഗശമനത്തിനുള്ളത്, ഇടിമിന്നലുണ്ടാകുമ്പോള്‍, ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍….) എന്നാല്‍ ഇതിലെവിടേയും അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയുടെ -ഇസ്തിഗാ സയുടെ- ഒരു സൂചന പോലും കാണാന്‍ സാധ്യമല്ല! എല്ലാം അല്ലാഹുവോട് മാത്രമാണെന്നും ആരുടേയും ഹഖ്-ജാഹ്-ബറകത്ത് മുന്‍നിര്‍ത്തിയുള്ള തേട്ടമില്ലെ ന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ചുരുക്കത്തില്‍, സൃഷ്ടികള്‍ പരസ്പരം ചെയ്യുന്ന, അവരുടെ കഴിവിലും നിയന്ത്രണത്തിലും പെട്ടതല്ലാ ത്ത സഹായങ്ങള്‍, കൃത്യമായി പറഞ്ഞാല്‍, കാര്യകാ രണബന്ധങ്ങള്‍ക്കതീതമായി ലഭിക്കേണ്ട സഹായങ്ങ ള്‍ക്കുള്ള തേട്ടം അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അതുതന്നെയാണ് ‘ദുആ’ എന്ന് അറബിയില്‍ പറയു ന്ന പ്രാര്‍ത്ഥനയും. അത്തരം ഇസ് തിഗാസകള്‍ മരിച്ചുപോയ മഹാത്മാക്കളോടുമാകാം, അവര്‍ക്കത് കേള്‍ക്കാനും ഉത്തരം ചെയ്യാനും സാധിക്കും, അതിനാല്‍ അവരോടുള്ള ചോദ്യം ശിര്‍ക്കോ കുഫ്‌റോ ആകുന്നില്ല എന്ന നമ്മുടെ നാട്ടിലെ ചില പണ്ഡിതന്മാ രുടെ വികലവാദത്തിന് ഇസ്‌ലാമികമായി ഒരു അടി സ്ഥാനവുമില്ലെന്നും, അത് വലിയ അപകടത്തിലേ ക്കാണ് എത്തിച്ചേരുന്നതെന്നും ഇനിയെങ്കിലും നാം തിരിച്ചറിയുക! അങ്ങനെ നമ്മുടെ പരലോകം ഭദ്രമാ ക്കുക. സര്‍വ്വശക്തന്‍ അതിന് നമുക്ക് തൗഫീഖ് നല്‍ കുമാറാകട്ടെ! ആമീന്‍.
No comments :
Post a Comment
Note: Only a member of this blog may post a comment.